മലയാളം ഓപ്പണ്‍ യൂണിവേഴ്സിറ്റി
ഇടമറുക് (സെക്രട്ടറി, മലയാള പഠനകേന്ദ്രം, ഉത്തരേന്ത്യ)
- എന്തുകൊണ്ട് അനേക മലയാളി സംഘടനകള്‍?
- ഭാവനാതീതമായ സ്വീകരണം
- ആരാണ് അദ്ധ്യാപകര്‍?
- ഇന്ത്യയ്ക്ക് വെളിയിലും
- ഓപ്പണ്‍ യൂണിവേഴ്സിറ്റി
- കേരളത്തിനകത്തും മലയാളം പഠിപ്പിക്കണം
-
ഇന്ദിരാഗാന്ധി ഓപ്പണ്‍യൂണിവേഴ്സിറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ ഒരു ഓപ്പണ്‍യൂണിവേഴ്സിറ്റി തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. തീര്‍ച്ചയായും ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടങ്ങേണ്ടത് കേരളത്തിന് അകത്തും പുറത്തും താമസിക്കുന്ന മലയാളികളുടെ ആവശ്യമാണ്. പല കാരണങ്ങള്‍കൊണ്ടും കലാലയവിദ്യാഭ്യാസത്തിന് സൌകര്യം ലഭിക്കാത്ത നിരവധി മലയാളികള്‍ കേരളത്തിന് വെളിയില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടുവാന്‍, മറ്റുജോലികള്‍ ചെയ്യുമ്പോള്‍തന്നെ ഓപ്പണ്‍ യൂണിവേഴ്സിറ്റി സൌകര്യമൊരുക്കും. അനേകവര്‍ഷം കേരളത്തിന് വെളിയില്‍ താമസിക്കുകയും വിദ്യാഭ്യാസ തല്‍പ്പരരായ മലയാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്ത ഒരു വ്യക്തിയായതുകൊണ്ടാണ് എം.എ. ബേബി ഇങ്ങനെ ചിന്തിച്ചത്. ആ വിശാലമനസ്കതയ്ക്കും ഭാവിയെപ്പറ്റിയുള്ള വിചാരത്തിനും പ്രവാസി മലയാളികള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഈ അവസരത്തില്‍ ഈ പ്രശ്നത്തെ കൂടുതല്‍ ആഴത്തില്‍ കാണാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനുമുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നു.
രണ്ട് മലയാളികളുണ്ടെങ്കില്‍ മൂന്ന് സംഘടനയുണ്ടാകും എന്നൊരു ചൊല്ലുണ്ട്. മൂന്ന് ദശാബ്ദങ്ങളില്‍ ഏറെയായി കേരളത്തിനുവെളിയില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയിലും, അരശതാബ്ദത്തില്‍ അധികമായി മറുനാടന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്ന വ്യക്തി എന്ന നിലയിലും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്, മലയാളികള്‍ ഒരുകാര്യം വിസ്മരിക്കുന്നതുകൊണ്ടാണ് കൂണുപോലെ സംഘടനകള്‍ ഉണ്ടാകുന്നത് എന്നാണ്. കേരളത്തിനുവെളിയിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കുവെളിയില്‍ മറ്റുരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ ബഹുഭൂരിപക്ഷവും അവരുടെ മാതൃഭാഷയും അത് ഉള്‍ക്കൊള്ളുന്ന കേരളസംസ്ക്കാരവും പഠിപ്പിക്കാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ആണ്ടിലൊരിക്കല്‍ ഒരു ഓണാഘോഷം നടത്തുക, അതിനുവേണ്ടി കുറേ കലാപരിപാടികള്‍ സംഘടിപ്പിക്കുക എന്നുള്ളതിനപ്പുറം ഈ അടിസ്ഥാനപ്രശ്നത്തിലേക്ക് ശ്രദ്ധ ചെലുത്താത്തതുകൊണ്ടാണ് നിസ്സാരകാര്യങ്ങളുടെ പേരില്‍ ഭിന്നത ഉടലെടുക്കുന്നതും, വളരുന്നതും. ഏതുകാരണം കൊണ്ടായാലും ഓരോ നാട്ടിലും ഉണ്ടായിട്ടുള്ള വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഏകീഭവിപ്പിച്ചുകൊണ്ട്, ചരിത്രപരമായി അവ ഓരോന്നിനുമുള്ള പങ്ക് അംഗീകരിച്ചുകൊണ്ട്, മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഉത്തരേന്ത്യയില്‍ ആരംഭിച്ചു. ഒരു വര്‍ഷംകൊണ്ട് നൂറ് പഠനകേന്ദ്രങ്ങള്‍ തുടങ്ങുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷേ, മൂന്നുമാസമായപ്പോഴേയ്ക്കും ആ ടാര്‍ജറ്റ് പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് പഠനകേന്ദ്രങ്ങള്‍ എന്ന പുതിയ ടാര്‍ജറ്റുമായി മലയാളഭാഷാ പഠനകേന്ദ്രങ്ങളുടെ കേന്ദ്ര പ്രവര്‍ത്തക സമിതി നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അത് പൂര്‍ത്തിയായാലുടനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വിദേശങ്ങളിലേക്കും പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ജാതി, മതം, രാഷ്ട്രീയം, സംഘടന എന്നിവയ്ക്കെല്ലാം അതീതമായി മലയാളികളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയായി ഉത്തരേന്ത്യയില്‍ ഭാഷാപഠനകേന്ദ്രങ്ങള്‍ മാറിയിരിക്കുന്നു. മലയാളി സംഘടനകള്‍ തമ്മിലുള്ള മത്സരം എത്രയധികം കുട്ടികളെ മലയാളം പഠിപ്പിക്കാം എന്നുള്ളതില്‍ മാത്രമാണിപ്പോള്‍.
മറുനാടുകളിലുള്ള മലയാളികളുടെ രണ്ടാം തലമുറയേയും മൂന്നാംതലമുറയേയും മലയാളം പഠിപ്പിക്കണമെന്നുള്ള ആഗ്രഹം കുടിയേറ്റക്കാരായ എല്ലാ മലയാളികള്‍ക്കും ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ 1960കളില്‍ കേരളാ സ്ക്കൂള്‍ തുടങ്ങിയത് ഈ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഡെല്‍ഹി യൂണിയന്‍ ടെറിട്ടറിയുടെ നാലുഭാഗത്തായി നാല് സ്ക്കൂളുകള്‍ തുടങ്ങിയെങ്കിലും, വളരെ കുറച്ചു കുട്ടികളെ മാത്രം മലയാളം പഠിപ്പിക്കാനേ അവര്‍ക്ക് കഴിഞ്ഞിട്ടുള്ളു. കുടിയേറ്റക്കാരായ മലയാളികളില്‍ ബഹുഭൂരിപക്ഷത്തിന്റേയും കുട്ടികള്‍ക്ക് അവിടെ അഡ്മിഷന്‍ ലഭിക്കുവാന്‍പോലും സാധ്യതയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മലയാളം പഠിപ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, അവയ്ക്ക് കേന്ദ്രീകൃതമായ സ്വഭാവമില്ലാതിരുന്നതുകൊണ്ട് പരാജയത്തില്‍ കലാശിച്ചു. അപ്പോഴാണ് 2005 ആഗസ്റ്റ് 6, 7, 8 തീയതികളില്‍ കഴക്കൂട്ടത്തുവെച്ചു ചേര്‍ന്ന മറുനാടന്‍ മലയാളി സംഗമത്തില്‍വെച്ച് പ്രൊഫസര്‍ ഓംചേരി എന്‍.എന്‍. പിള്ളയും, പരേതനായ വി. കെ. മാധവന്‍ കുട്ടിയും ആനന്ദും ഞാനും കൂടി മലയാളപഠനകേന്ദ്രങ്ങള്‍ തുടങ്ങേണ്ടതിന്റെ ആവശ്യകത സമ്മേളനത്തിനെത്തിയ പ്രതിനിധികളുടെ മുമ്പില്‍വെച്ചത് അവര്‍ അത്അംഗീകരിക്കുകയും നോര്‍ക്ക-റൂട്ട്സിന്റെ ചെയര്‍പേഴ്സണ്‍ എം.എം.ഹസ്സനും നോര്‍ക്കയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ജിജി തോംസണും അത് നല്ല പരിപാടിയാണെന്ന് സമ്മതിക്കുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഞങ്ങള്‍ ഇതുകൊണ്ടുവന്നു. അദ്ദേഹം ഉടനെതന്നെ ആ പദ്ധതി അംഗീകരിച്ചു. തുടര്‍ന്ന് ഡെല്‍ഹി കേന്ദ്രമാക്കി വടക്കേ ഇന്ത്യയില്‍ ഈ പരിപാടി തുടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
കഴക്കൂട്ടത്തുനിന്നും തിരിച്ചെത്തിയ ഞങ്ങള്‍- ഓംചേരി, വി.കെ.മാധവന്‍കുട്ടി, ഞാന്‍- ഡെല്‍ഹിയിലെ കേരളാക്ലബ്ബില്‍ മറുനാടന്‍ മലയാളി സംഘടനകളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. വടക്കേ ഇന്ത്യയില്‍ മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ തുടങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഞങ്ങള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്ന ആളുകളോട് സംസാരിച്ചു. അവരെല്ലാവരും ഈ ആശയത്തോട് യോജിച്ചു. ഇതേത്തുടര്‍ന്ന് ഔദ്യോഗിക ഭാഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍, വിവര-പൊതുജനസമ്പര്‍ക്കവകുപ്പ്, നോര്‍ക്ക, സി-ഡിറ്റ് എന്നിവയുടെ സഹകരണത്തോടുകൂടി 2005 നവംബര്‍ 5, 6 തീയതികളില്‍ ഡെല്‍ഹിയിലെ കേരളാ ഹൌസിലെ കോണ്‍ഫറന്‍സ് ഹാളില്‍, ഡെല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളെയും സാംസ്ക്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു ശില്‍പ്പശാല സംഘടിപ്പുച്ചു. മലയാളഭാഷാ പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം, പാഠ്യപദ്ധതി എന്നിവ സംബന്ധിച്ച് ശില്‍പ്പശാല അന്തിമരൂപം നല്‍കിയ രൂപരേഖ അംഗീകരിച്ച് മലയാളഭാഷാ പഠനകേന്ദ്രം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കിക്കൊണ്ട് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു.
2005 നവംബര്‍ 7-ആം തീയതി ആര്‍.കെ. പുരത്തുള്ള മലയാളി അസോസിയേഷന്‍ കോബൌണ്ടില്‍വെച്ച് പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നടത്തപ്പെട്ടു. ഈ സമ്മേളനത്തില്‍വെച്ച് പഠനകേന്ദ്രങ്ങളുടെ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പറഞ്ഞു, 2006 നവംബര്‍ ആകുമ്പോഴേക്കും ഡെല്‍ഹിയിലും സമീപസംസ്ഥാനങ്ങളിലുമായി 100 മലയാള പഠനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന്. ഇത് ഒരു വ്യാമോഹം മാത്രമാണെന്നും, അത്രയൊന്നും പഠനകേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ സാദ്ധ്യമല്ലെന്നും ആ യോഗത്തില്‍ പങ്കെടുത്ത ചിലരൊക്കെ അഭിപ്രായപ്പെട്ടു. പക്ഷേ, അത്ഭുതമെന്നു പറയട്ടെ, മലയാളികള്‍ ഞങ്ങളുടെ ആഹ്വാനം ചെവിക്കൊണ്ടു. മൂന്നുമാസമായപ്പോഴേയ്ക്കും ഒരു വര്‍ഷത്തെ ടാര്‍ജറ്റ് ആയ 100 പഠനകേന്ദ്രങ്ങള്‍ കവിഞ്ഞു. ഇപ്പോള്‍ ഏഴുമാസമായി. ഇതിനകം 157 പഠനകേന്ദ്രങ്ങള്‍ ഡെല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി തുടങ്ങിക്കഴിഞ്ഞു. 5300 കുട്ടികള്‍ മലയാളം പഠിക്കാന്‍ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്സല്‍മാര്‍ മുതല്‍ അസമിലെ ഗുവാഹട്ടിവരെയുള്ള പ്രദേശങ്ങളില്‍നിന്ന് പഠനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുകളും ഫോണ്‍കോളുകളും ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവണ്‍മെന്റിന്റെ വശത്തുനിന്ന് വേണ്ടത്ര പ്രോത്സാഹനം കിട്ടിയാല്‍ 2006-ല്‍ 500 പഠനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
കുട്ടികളെ മലയാളം പഠിപ്പിക്കുന്നത് ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതമാണ്. അതിനുവേണ്ടി ഒരു ത്രിതല പാഠ്യപദ്ധതിയും തയ്യാറാക്കുകയുണ്ടായി. കേരളാഗവണ്‍മെന്റ് ഈ പാഠപസ്തകങ്ങള്‍ സൌജന്യമായി അച്ചടിച്ചുതന്നു. അത് ഉപയോഗിച്ചാണ് പഠനങ്ങള്‍ നടത്തുന്നത്. 157 പഠനകേന്ദ്രങ്ങളിലായി, ഒരു പൈസ പോലും പ്രതിഫലമോ മറ്റേതെങ്കിലും ആനുകൂല്യമോ പ്രതീക്ഷിക്കാതെ ഏതാണ്ട് 200 ഓളം അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ എടുക്കുന്നു. ആ അദ്ധ്യാപകരില്‍ ഏതാണ്ട് 80 ശതമാനവും സ്ത്രീകളാണെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. ബി.എ., ബി.എഡ്., എം.എ, എംഫില്‍, എം.എഡ് തുടങ്ങിയ പരീക്ഷകള്‍ പാസ്സായതിനുശേഷം വിവാഹിതരായി വടക്കേ ഇന്ത്യയില്‍ വന്ന് താമസിക്കുന്ന വനിതകളാണ് പഠനകേന്ദ്രങ്ങളുടെ അദ്ധ്യാപകരില്‍ അധികവും. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരും അവരുടെ വിശ്രമസമയം ഉപയോഗിച്ച് മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
കുട്ടികള്‍ ഉത്സാഹത്തോടെ മലയാളഭാഷ പഠിക്കുന്നു. എന്തിന് മലയാളം പഠിക്കണം എന്ന ചോദ്യമിപ്പോള്‍ വടക്കേ ഇന്ത്യയില്‍ കേള്‍ക്കാറില്ല. കേരള സംസ്ക്കാരം നിലനിര്‍ത്തുന്നതിനുള്ള ഏകമാര്‍ഗ്ഗം മലയാള ഭാഷാ പഠനമാണ്. മലയാള ഭാഷയില്‍ കൂടിയല്ലാതെ കേരളസംസ്ക്കാരം മനസ്സിലാക്കാനും അത് അടുത്ത തലമുറയിലേക്ക് പകരാനും കഴിയുകയില്ലെന്ന് വടക്കേ ഇന്ത്യയിലെ മലയാളികള്‍ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു.
വടക്കേ ഇന്ത്യയില്‍ ആരംഭിച്ച ഈ സാംസ്ക്കാരിക വിപ്ലവത്തിന്റെ അലയടികള്‍ ഇന്ത്യയ്ക്ക് വെളിയിലും എത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ മലയാളികള്‍ അവിടെ പഠനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സഹായങ്ങള്‍ നല്‍കണമെന്ന് ഡെല്‍ഹിയിലെ പഠനകേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫിജി, മൌറീഷ്യസ്, ഇംഗ്ലണ്ട്, ജര്‍മ്മനി, ടാന്‍സാനിയാ, നൈജീരിയാ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇതുപോലുള്ള കത്തുകളും ഫോണ്‍ സന്ദേശങ്ങളും കിട്ടിയിട്ടുണ്ട്. കേരളാ ഗവണ്‍മെന്റ് മുന്‍കൈ എടുത്താല്‍ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ തങ്ങളുടെ രണ്ടാം തലമുറയെ മലയാളഭാഷയും കേരളസംസ്ക്കാരവും പഠിപ്പിക്കാന്‍ തയ്യാറാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. മലയാളികളുടെ ഈ മഹത്തായ മുന്നേറ്റത്തെ മനസ്സിലാക്കുകയും അവര്‍ക്കുവേണ്ട പ്രോത്സാഹനം കൊടുക്കുകയും ചെയ്യാന്‍ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വരേണ്ടതാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിക്കുകയും മലയാളികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി മനസ്സിലാക്കുകയും ചെയ്തിട്ടുള്ള വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ഈ സാംസ്ക്കാരിക വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുമോ എന്നാണ് അറിയേണ്ടത്.
കേരളത്തില്‍ തുടങ്ങുമെന്ന് എം.എ. ബേബി വ്യക്തമാക്കിയിട്ടുള്ള ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റി മലയാള ഭാഷാ പഠനത്തിനുവേണ്ടി ഉള്ളതായിരിക്കണം എന്നുള്ളതാണ് ഞങ്ങളുടെ അഭിപ്രായം. കാലടിയില്‍ സംസ്കൃത സര്‍വ്വകലാശാലയും, തമിഴ്നാട്ടില്‍ തമിഴ് യൂണിവേഴ്സിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ആ നിലയ്ക്ക് മലയാളഭാഷയ്ക്കുവേണ്ടി ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടങ്ങുന്നതില്‍ യാതൊരു അപാകതയുമില്ല. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും മലയാള ഭാഷ പഠിക്കാന്‍ തയ്യാറായിട്ടുള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇത് ഒരു അനുഗ്രഹമായിരിക്കും. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള മലയാള പഠനകേന്ദ്രങ്ങള്‍ ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കേന്ദ്രങ്ങള്‍ ആക്കി മാറ്റാന്‍ ഒരു പ്രയാസവുമില്ല. മറ്റ് ഭാഷകളില്‍ വിദ്യാഭ്യാസം നടത്തുന്ന മലയാളി കുട്ടികള്‍ക്കും മാതൃഭാഷ പഠിക്കാന്‍ ഇത് അവസരമാകും. ഇത്തരം ഒരു ചുമതല ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും തയ്യാറായാല്‍ മലയാളഭാഷ എല്ലാക്കാലത്തും അവരോട് കൃതജ്ഞതയുള്ളവരായിരിക്കും.
ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം പെരുകുന്നതോടൊപ്പം മലയാളഭാഷയോടും മലയാള സ്ക്കൂളുകളോടും ഒരു പുച്ഛമനോഭാവം കേരളത്തിനകത്ത് വളര്‍ന്നുവരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നും ഇല്ലാത്ത പ്രത്യേകതയാണിത്. ഇതിന്റെ കാരണങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, മലയാള ഭാഷയ്ക്കുവേണ്ടി മാത്രമായി ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കേരളത്തില്‍ ഉണ്ടായാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം പഠിക്കാന്‍ അത് ആവേശവും സൌകര്യവും നല്‍കും. കൂട്ടത്തില്‍ ഒരുകാര്യം കൂടി പറയട്ടെ, കേരളം മലയാളികളുടെ മാതൃഭൂമിയാണ്. അവിടെയുള്ള എല്ലാ സ്ക്കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവിടേണ്ടതാണ്. സ്ക്കൂളില്‍ മലയാളം സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്ന അദ്ധ്യാപകന്മാര്‍ക്കും മാനേജര്‍മാര്‍ക്കും മൂക്കുകയറിടാന്‍ വിദ്യാഭ്യാസമന്ത്രിക്ക് ചങ്കൂറ്റമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളത്തിന് ഒരു ഓപ്പണ്‍യൂണിവേഴ്സിറ്റി ഉണ്ടായാല്‍ ഏതെങ്കിലും കാരണവശാല്‍ ഇടയ്ക്ക് പഠിത്തം മുടങ്ങിപ്പോയവര്‍ക്കും, തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും വലിയ അവസരമായിത്തീരും. ലോകത്തെങ്ങുമുള്ള മലയാളികള്‍ ഇക്കാര്യത്തില്‍ ഒന്നിക്കുമെന്നാണ് അനുഭവം തെളിയിക്കുന്നത്. ലോകമലയാളികളെ സംഘടിക്കുക! സ്വന്തം ഭാഷയും സംസ്ക്കാരവും നിലനിര്‍ത്തുന്നതിന്!!
കേരളശബ്ദം
11 ജൂണ്‍ 2006
പുസ്തകം 44
ലക്കം 43
മലയാള ഭാഷാ പരിജ്ഞാനത്തിനൊപ്പം, വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ മലയാളീകരിക്കുകയും കൂടിചെയ്യുന്ന കോഴ്സുകളും തുടങ്ങാവുന്നതാണ്. ഒട്ടേറെ മലയളി വിദഗ്ദ്ധര്‍ ഈ മേഖലയില്‍ കേരളത്തിന് പുറത്ത് പണിയെടുക്കുന്നുണ്ട്.
Dr. JK Vijayakumar
ജൂണ്‍ 7, 2006
ഇപ്പോഴുള്ള നാലു സര്‍വകലാശാലകളിലും ഓപ്പണ്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നിരവധി പേര്‍ ഉപയോഗിക്കുന്നുമുണ്ട്. പുതിയൊരു സര്‍വകലാശാല എന്നത് വെറും വിദ്യാഭ്യാസപുരോഗതി മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതല്ല എന്നുറപ്പാണ്. കാരണം മറ്റൊന്നുമല്ല, നിലവിലുള്ള ഓപ്പണ്‍ കോഴ്സുകളുടെ നിലവാരം ഉയര്‍ത്താനോ, മറ്റു കോഴ്സുകളുമായി തത്തുല്യ പ്രഖ്യാപനം നടത്താനോ സാധിക്കാത്ത രാഷ്ട്രീയക്കാര്‍ക്ക്, ഇടതും വലതും, കൈയിട്ടുവാരാന്‍ മറ്റൊരു ചക്കരക്കുടം കൂടെ ഉണ്ടാകുന്നു എന്നതാണ് സത്യം.
anoop
മാര്‍ച്ച് 19, 2007