നീതിയുടെ അഗ്നിനാളമായി ഒരാള്‍

Posted on ഫെബ്രുവരി 4, 2006. Filed under: അഡ്വ. ഡി.ബി. ബിനു, എഴുത്തുകാര്‍, നീതിന്യായം, വിഷയം |

അഡ്വക്കേറ്റ് ഡി.ബി. ബിനു

    ഇന്ത്യയുടെ നീതിന്യായ ചരിത്രം പരിശോധിച്ചാല്‍, പരമോന്നത നീതിപീഠം പിന്നാക്കം പോയ സന്ദര്‍ഭങ്ങള്‍ നമുക്കു കാണാന്‍ കഴിയും. ‘എഴുപതുകളില്‍, പുരോഗമനപരമായ മുഖം ജുഡീഷ്യറിക്ക് അന്യമായപ്പോള്‍, ഈ പിന്നോട്ടടിയെ പിടിച്ചുനിര്‍ത്തിയത് ജസ്റ്റിസ് പി. എന്‍. ഭഗവതിയാണെങ്കില്‍, പിടിച്ചു നിര്‍ത്തിയിടത്തുനിന്ന് മുന്നോട്ട് നയിച്ചത് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരാണു്.’


    വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി. ആര്‍. കൃഷ്ണയ്യര്‍ക്ക് നവംബര്‍ 15-ന് 91 വയസ് പൂര്‍ത്തിയാകുമ്പോള്‍ അത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രകാശപൂര്‍ണ്ണമായ ചരിത്രത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയാകും. വ്യത്യസ്തങ്ങളായ കര്‍മ്മമണ്ഡലങ്ങളില്‍ വ്യാപരിച്ചുകൊണ്ടു് സ്വജീവിതം അന്യജീവിതത്തിനുതകും വിധം ധന്യമാക്കിയ കൃഷ്ണയ്യര്‍ നമ്മുടെ ജീവിതത്തെ പ്രത്യാശഭരിതമാക്കിക്കൊണ്ടു് ‘സദ്ഗമയ’യില്‍ കര്‍മ്മോന്മുഖനാകുന്നു.
    അഭിഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍, നിയമസഭാ സാമാജികന്‍, മന്ത്രി, ന്യായാധിപന്‍ എന്നീ നിലകളിലെല്ലാം രചനാത്മകമായ സംഭാവനകളാണു് കൃഷ്ണയ്യര്‍ നല്‍കിയതു്. എന്നാല്‍, ഈ കര്‍മ്മരംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ധാരയായിവര്‍ത്തിച്ചതു് മനുഷ്യാവകാശങ്ങളോടുള്ള ആദരവാണു്. പ്രാകൃതമായ മൂന്നാംമുറ പ്രയോഗത്തിലൂടെ കുപ്രസിദ്ധമായ കേരള പോലീസിന്റെ ആദ്യത്തെ മന്ത്രിയായും കൃഷ്ണയ്യര്‍ക്കു് പ്രവര്‍ത്തിയ്ക്കേണ്ടിവന്നു. 1958-ലാണു് ആ സംഭവം നടന്നതു്. വൈകുന്നേരം വീട്ടിലെത്തിയ കൃഷ്ണയ്യരെതേടി ഒരു ഫോണ്‍ സന്ദേശമെത്തി. ഒരു യുവാവിനെ പോലീസു് ലോക്കപ്പിലിട്ട് തല്ലിച്ചതയ്ക്കുന്നു. അയാളെ രക്ഷിക്കണമെന്നാണ് ആവശ്യം. ഉടന്‍തന്നെ കാര്‍ സ്വയം ഓടിച്ചു് കൃഷ്ണയ്യര്‍ പോലീസ് സ്റ്റേഷനിലേക്കു് തിരിച്ചു. സാക്ഷാല്‍ ആഭ്യന്തരമന്ത്രി നേരിട്ടു് പോലീസു്സ്റ്റേഷനിലേയ്ക്കു വരുന്നതുകണ്ടു് പോലീസുകാര്‍ വിരണ്ടു. ആരെയെങ്കിലും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചോയെന്ന് മന്ത്രി അന്വേഷിച്ചു. പേടിച്ചു പോയ പോലീസ് അയാളെ തുറന്നുവിട്ടു. ചോദ്യം ചെയ്യാന്‍മാത്രം കൊണ്ടുവന്നതാണെന്ന വിശദീകരണവും. ഇന്ത്യയുടെ ചരിത്രത്തില്‍ അത് ആദ്യസംഭവമായിരുന്നു. ഒരുപക്ഷേ, അവസാനത്തേതും. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ത്രത്തിന്റെ മൂക്കിനു താഴെ മനുഷ്യരെ ഉരുട്ടിക്കൊല്ലുന്ന സംഭവങ്ങളുണ്ടാകുമ്പോഴും പോലീസിന്റെ മനോവീര്യം തകരുമെന്ന ന്യായംപറഞ്ഞ് പോലീസ് നടപടികളെ ശരിവച്ച മന്ത്രിമാരുടെ നാട്ടിലാണ് കൃഷ്ണയ്യരും ഇണ്ടായത്. നിരപരാധികളായ നാട്ടുകാരുടെമേല്‍ കുതിരകേറാനുള്ളതല്ല പോലീസിന്റെ മനോവീര്യമെന്ന് പറയാന്‍, പക്ഷേ, കൃഷ്ണയ്യര്‍ മാത്രമേ നമുക്കുണ്ടായുള്ളൂ.
    ഡി.കെ. ബസു Vs. വെസ്റ്റു്ബംഗാള്‍ സംസ്ഥാനം എന്ന കേസില്‍, ലോക്കപ്പ് മര്‍ദ്ദനം തടയാന്‍ പതിനൊന്ന് കല്‍പ്പനകളാണ് സുപ്രീംകോടതി നല്‍കിയത്. ഇത് പോലീസ് സ്റ്റേഷനില്‍ എഴുതിവയ്ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇതൊന്നും രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കുന്നില്ലെന്ന് മനസ്സിലാക്കിയ സുപ്രീംകോടതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളോട് പോലീസ് സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചു. കേരളത്തിലെ കമ്മീഷന്‍ ഇതു ചെയ്തിരുന്നെങ്കില്‍ ഉരുട്ടിക്കൊലയ്ക്കു് അറുതി വരുത്താനാകുമായിരുന്നു. ഡി.കെ.ബസു വിധിന്യായമനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച ഡി.ഐ.ജി ജേക്കബ്ബ് പുന്നൂസിന് ആലത്തൂര്‍ എസ്. ഐ. രേഖാമൂലം നല്‍കിയ മറുപടി “ഡി.കെ. ബസുവിനെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടില്ല” എന്നാണു്! ഇതാണ് കേരളത്തിലെ മനുഷ്യാവകാശ സംരക്ഷണസേനയുടെ അവസ്ഥ. കൈയ്യാമം വയ്ക്കുന്നത് നിയന്ത്രിച്ചുകൊണ്ടു് സുപ്രീംകോടതി വിധിപറയുന്നതിന് എത്രയോ മുന്‍പ് കൃഷ്ണയ്യര്‍ അത് കോരളത്തില്‍ നടപ്പിലാക്കി.
    കൃഷ്ണയ്യര്‍ സുപ്രീംകോടതി ന്യായാധിപനായിരുന്ന 1973 ജൂലൈ മുതല്‍ 1980 നവംബര്‍ 14 വരെ ജൂഡീഷ്യല്‍ ആക്ടിവിസത്തിന്റെ പൂക്കാലമെന്ന് തന്നെ വിശേഷിപ്പിക്കാം. തിഹാര്‍ ജയിലിലെ നിഷ്ഠൂരമായ മര്‍ദ്ദനത്തെക്കുറിച്ചു് സുനില്‍ ബദ്ര എന്ന തടവുകാരന്‍ അയച്ച കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍, പൊതുതാല്പര്യവ്യവഹാരത്തിന് പാരമ്പര്യേതരമായ ഒരു വഴിവെട്ടിത്തുറന്നത്. ഇന്നുപോലും, പൊതുതാല്പര്യഹര്‍ജിയുമായി വരുന്നവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് കേസു്ഫയലില്‍ സ്വീകരിയ്ക്കണോ എന്ന് തീരുമാനിക്കുമ്പോഴാണ് കൃഷ്ണയ്യരുടെ മഹത്വം നാം മനസ്സിലാക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കും കാര്യക്ഷമതാരാഹിത്യത്തിനുമെതിരെയുള്ള സുപ്രധാന വിധിയായിരുന്നു രത്ലം മുനിസിപ്പാലിറ്റി കേസിലുണ്ടായത്. എറണാകുളത്ത് ദേശീയപാതയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താത്ത എഞ്ചിനീയര്‍ക്കെതിരെ, കൃഷ്ണയ്യരുടെ രത്ലം മുനിസിപ്പാലിറ്റി വിധി അന്നത്തെ ജില്ലാകളക്ടര്‍ പ്രയോഗിച്ചതും ഹൈക്കോടതി ഇടപെട്ടതും സമീപകാല സംഭവങ്ങളാണ്. സുപ്രീംകോടതി ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ച വിധികള്‍ സുപ്രധാനങ്ങളാണെങ്കിലും ഇന്ദിരാഗന്ധിയുടെ തിരഞ്ഞെടുപ്പു കേസാണ് ഏറ്റവും വിവാദമായത്. സോപാധിക സ്റ്റേ അനുവദിച്ച കൃഷ്ണയ്യരുടെ വിധിന്യായത്തെക്കുറിച്ച് ഇ.എം.എസ് ഇങ്ങനെ പറയുന്നു. സര്‍വ്വാധികാരിയായിവാണിരുന്ന പ്രധാനമന്ത്രിയെ നിയമത്തിന്റെ നൂലാമാലകളില്‍പ്പെടുത്തിക്കൊണ്ട് എം.പി. സ്ഥാനത്തുനിന്ന് ഏതാനും മാസത്തേയ്ക്ക് മാറ്റി നിര്‍ത്താന്‍ കൃഷ്ണയ്യരുടെ വിധി സഹായിച്ചു. അതിനോടുള്ള പ്രതികാരം ഇന്ദിരാഗാന്ധി മരിക്കുന്നതുവരെ കൊരട്ടത്തുവച്ചു കൊണ്ടിരുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ന്യായാധിപന്റെ സ്വതന്ത്രപദവി ഉപയോഗിച്ച് എക്സിക്യൂട്ടീവിന്റെ പരമാധികാരത്തെ തന്നെ സ്ഥാനഭ്രംശം ചെയ്യിക്കാനുള്ള അടിത്തറയായിരുന്നു ആ വിധിയെന്നാണ് ഇ.എം.എസ് വിശേഷിപ്പിച്ചത്.

    സുപ്രീം കോടതിയില്‍

    കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട അവസരത്തില്‍ ഇന്ദിരാഗന്ധിയായിരുന്നു പ്രധാനമന്ത്രി. ന്യായാധിപ നിയമനത്തില്‍ എക്സിക്യൂട്ടീവിന്റെ മേല്‍ക്കൈ ഉണ്ടായിരുന്ന അവസരത്തില്‍ നടന്ന നിയമനത്തിനുശേഷം, ഇന്ദിരക്കെതിരെ വിധി പറയാന്‍ കാണിച്ച ധീരതയിലൂടെ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന്റെ വിളംബരം കൂടിയാണ് നടത്തിയത്. ആര്‍ക്ക് രസിച്ചാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ കൃഷ്ണയ്യര്‍ ഒരുക്കലും പിശുക്ക് കാണിച്ചില്ല. ഇടതുപക്ഷ സഹയാത്രികനെന്ന് അറിയപ്പെടുന്ന അദ്ദേഹം പക്ഷേ, ആക്ഷേപശരങ്ങള്‍ തൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കാറില്ല. ഒരുക്കല്‍, സുഹൃത്തും നിയമസഭാ സ്പൂക്കറുമായിരുന്ന വര്‍ക്കലാ രാധാകൃഷ്ണനുമായാണ് കൃഷ്ണയ്യര്‍ കൊമ്പുകോര്‍ത്തത്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രാജന്റെ പിതാവ് ഈച്ചരവാര്യര്‍ സമര്‍പ്പിച്ച അന്യായത്തിന്റെ വിചാരണയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായ കെ. കരുണാകരന്‍ കോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കിയെന്ന് നവാബ് രാജേന്ദ്രന്‍ ഹര്‍ജിസമര്‍പ്പിച്ചു. സബു്ജഡ്ജിയായ വിശ്വനാഥന്‍, നിയമസഭാ സമ്മേളനം നടന്നോ എന്ന് വ്യക്തമാക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് സമന്‍സയച്ചു. സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍, കോടതിയുടെ സമന്‍സ് അവഗണിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കോടതി, നിയമസഭയുടെ സവിശേഷ അവകാശത്തിന്റെ പരിധിയിലേക്ക് അതിക്രമിച്ചുകടന്നുവെന്നും വര്‍ക്കല പ്രസ്താവിച്ചു. ഇത് നീതിന്യായ പ്രക്രിയയുടെ ഇടപെടലാണെന്ന് കോടതി പറഞ്ഞതോടെ ജുഡീഷ്യറിയും ലെജിസ്ലേച്ചറും തമ്മിലുള്ള സംഘര്‍ഷത്തിനുകളമൊരുങ്ങി. നിയമസഭയില്‍ നടക്കുന്ന എല്ലാത്തിനും അധികാരി സ്പീക്കറാണെന്നും കോടതിക്ക് യാതൊരു കാര്യവുമില്ലെന്നുമുള്ള വര്‍ക്കലയുടെ പ്രസ്താവന തെറ്റാണെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. നിയമസഭയ്ക്കകത്ത് വെച്ച് ഒരംഗം മറ്റൊരാളെ കുത്തി കൊലപ്പെടുത്തിയാല്‍ അയാളെ സ്പീക്കര്‍ ശിക്ഷിക്കുമോ കോടതി ശിക്ഷിക്കുമോ? കൃഷ്ണയ്യര്‍, വര്‍ക്കലയോട് ചോദിച്ചു. (ഇന്നത്തെ അവസ്ഥയില്‍ അത്തരം കാര്യങ്ങള്‍ അസംഭവ്യമാണെന്നും പറയാനാവില്ലല്ലോ). ഇത്തരത്തില്‍ ഭരണഘടനാപരമായ സംവാദങ്ങളില്‍ ഒരു ഭാഗത്തിന്റെ നേതൃത്വം എന്നും കൃഷ്ണയ്യര്‍ക്കായിരുന്നു. യുക്തിപൂര്‍വ്വകമായ ചോദ്യങ്ങളിലൂടെ പ്രതിയോഗിയുടെ വാദത്തിന്റെ മുനയൊടുക്കുകയും ആക്ഷേപഹാസ്യത്തിലൂടെ നിശ്ശബ്ദനാക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലി അനുപമമാണ്. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച മേഖല ജുഡീഷ്യറിയായതു കൊണ്ടാകാം കൃഷ്ണയ്യരുടെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നതും ന്യായാധിപരാണ്. കോടതിക്ക് അവധിനല്‍കി ജഡ്ജിമാര്‍ ക്രിക്കറ്റു്കളി കാണാന്‍ പോയപ്പോള്‍ കൃഷ്ണയ്യര്‍ തുറന്നടിച്ചു. “ക്രിക്കറ്റു് ജുഡീഷ്യല്‍ ഗയിം അല്ലെന്ന്.” ഏറ്റവും കൂടുതല്‍ കോടതി അലക്ഷ്യ നടപടികളെ നേരിട്ട ന്യായാധിപനും കൃഷ്ണയ്യരാണ്.

    1981-ല്‍ കേരള ഹൈക്കോടതിയുടെ സല്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൈക്കോടതി അങ്കണത്തില്‍വെച്ച് നടന്ന ജുഡീഷ്യറിയെക്കുറിച്ചുള്ള സെമിനാറാണ് കൃഷ്ണയ്യര്‍ക്കെതിരെയുള്ള ആദ്യ കോടതി അലക്ഷ്യനടപടിക്ക് തുടക്കം കുറിച്ചത്. അന്നത്തെ ഹൈക്കോടതി ജഡ്ജി സി. വിശ്വനാഥഅയ്യര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിലാണ് കൃഷ്ണയ്യര്‍ ജുഡീഷ്യറിക്കെതിരെ തുറന്നടിച്ചത്. “ഒരു പക്ഷേ, നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ തകരാറുകൊണ്ടാകാം ഇവിടെ യേശുക്രിസ്തുമാര്‍ കുരിശിലേറ്റപ്പെടുന്നതും ബറബസുമാര്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നതും.” ഈ പ്രസ്താവനകള്‍ നീതിപീഠത്തെ അവഹേളിക്കുന്നതാണെന്നും അതിനാല്‍ ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് കൃഷ്ണയ്യര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പി.യു.സി.എല്ലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. വിന്‍സെന്റ് പാനിക്കുളങ്ങര അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ ഭാസ്ക്കരന്‍ നമ്പ്യാര്‍ക്ക് ഹര്‍ജി സമര്‍പ്പിച്ചു. എ.ജി. അനുമതി നല്കുകയും ചീഫ് ജസ്റ്റീസ് പി. സുബ്രഹ്മണ്യന്‍ പോറ്റിയും ജസ്റ്റീസ് കെ. എസ്. പരിപൂര്‍ണ്ണനും ഉള്‍പ്പെടുന്ന ഡിവിഷന്‍ബഞ്ച് കോടതി അലക്ഷ്യഹര്‍ജി പരിഗണിക്കുകയും ചെയ്തു. “നീതിപീഠത്തിന്റെ അന്തസ്സും വിശ്വാസ്യതയും കൃഷ്ണയ്യരുടെ പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യമല്ലെന്നു മാത്രമല്ല നീതിന്യായ വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നതാണെന്നും” അഭിപ്രായപ്പെട്ടുകൊണ്ട് ഡിവിഷന്‍ബഞ്ച്, കൃഷ്ണയ്യര്‍ക്ക് നോട്ടീസുപോലും അയയ്ക്കാതെ നടപടികള്‍ അവസാനിപ്പിച്ചു.

    നായാടിയും ന്യായാധിപരും

    നായാടിയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചാല്‍ നിലവിലുള്ള ജഡ്ജിമാരെക്കാള്‍ ഒട്ടും മോശമാകില്ലെന്ന കൃഷ്ണയ്യരുടെ പരാമര്‍ശവും കോടതി അലക്ഷ്യനടപടിക്ക് അനുമതി തേടാന്‍ കാരണമായി. 1990-ആഗസ്റ്റ് 20 തീയതിയിലെ എക്സ്പ്രസ് മലയാള പത്രത്തില്‍ വന്ന കൃഷ്ണയ്യരുടെ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അഭിഭാഷകനായ രാജു കെ. മാത്യുവാണ് അന്നത്തെ അഡ്വക്കേറ്റ് ജനറലായ കെ. സുധാകരന് ഹര്‍ജി സമര്‍പ്പിച്ചത്. പത്രത്തിന്റെ എഡിറ്റര്‍ക്കും പ്രസാധകനും കൃഷ്ണയ്യര്‍ക്കും നോട്ടീസ് അയയ്ക്കുകയും അവരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അനുമതി തേടിയ ഹര്‍ജി നിരാകരിക്കുകയുമാണ് എ.ജി. ചെയ്തത്.
    പത്രത്തില്‍നന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കി ഹൈക്കോടതി സ്വീകരിച്ച കോടതി അലക്ഷ്യനടപടിയും ‘മാതൃഭൂമി’ പത്രാധിപര്‍ കെ. ഗോപാലകൃഷ്ണനെ സ്ട്രച്ചറില്‍ ഹൈക്കോടതിയില്‍ കൊണ്ടുവന്ന സംഭവവും ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ചതാണ്. രോഗാതുരനായ ഒരാളെ സ്ട്രച്ചറില്‍ ഹാജരാക്കണമെന്നത് മനുഷ്യാവകാശ ലംഘനമാണെന്ന കൃഷ്ണയ്യരുടെ പ്രതികരണം വന്‍ പ്രാധാന്യത്തോടെയാണ് മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. തുര്‍ന്ന നടന്ന സംഭവങ്ങള്‍ കൃഷ്ണയ്യര്‍, കല്‍ദീപു്നയ്യാര്‍, ജ. ഏറാടി എന്നിവര്‍ ഉള്‍പ്പെട്ട ഒരു ഡസന്‍ പ്രമുഖര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയയ്ക്കാന്‍ ഇടയായി. ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ്ങ് ചെയര്‍മാനും അന്നത്തെ ജഡ്ജിയുമായ ജസ്റ്റിസ് വി.പി. മോഹന്‍കുമാറിന് കൃഷ്ണയ്യര്‍ അയച്ചകത്താണ് കോടതി അലക്ഷ്യ നടപടിക്ക് തുടക്കമിട്ടത്. പിന്നീട് നടപടികള്‍ സുപ്രീംകോടതി തടയുകയും ചെയ്തു. ഇത്തരം വിവാദങ്ങള്‍ക്കു നടുവിലായപ്പോഴും, കോടതി അലക്ഷ്യം നടപടിക്കുള്ള കോടതിയുടെ അധികാരത്തെക്കുറിച്ച് ദേശീയതലത്തില്‍ തന്നെയുള്ള ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുകയാണ് കൃഷ്ണയ്യര്‍ ചെയ്തത്. കോടതി അലക്ഷ്യ നടപടിയില്‍നിന്നും സത്യസന്ധമായ വിമര്‍ശനം ഒഴിവാക്കണമെന്ന ഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ പരിഗണനയില്‍ വരുമ്പോള്‍, കൃഷ്ണയ്യര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളാണ് ഈ നിയമപരിഷ്ക്കാരത്തിന്റെ പ്രേരകശക്തിയെന്ന് അറിയുന്നവര്‍ കുറവാണ്. “ഇന്ത്യയിലെ ജനങ്ങളായ നാം നമുക്കു തന്നെ സമര്‍പ്പിച്ച ഭരണഘടന” ‘we the people’ എന്നു തുടങ്ങുന്ന ആമുഖം കൃഷ്ണയ്യര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ‘നാം’മെന്നതില്‍ നായാടിയും പറയനും ദരിദ്രനും ധനികനും പണ്ഡിതനും പാമരനും വരുമെന്ന് അദ്ദേഹം പറയുമ്പോള്‍ ഭരണഘടനയുടെ ഉള്ളറിഞ്ഞ വിവേകിയായ ഒരു നിയമജ്ഞന്റെ കരുണാര്‍ദ്രമായ മുഖമാണ് നാം കാണുന്നത്.
    രോഗത്തിന്റെ അലോസരങ്ങളോ വാര്‍ദ്ധക്യത്തിന്റെ അവശതയോ അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടുന്നില്ല. കൃഷ്ണയ്യരുടെ സ്റ്റെനോഗ്രാഫര്‍ ചന്ദ്രിക വലിയ അക്ഷരത്തില്‍ നല്‍കിയ വിവരാവകാശ നിയമത്തെക്കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ പ്രൂഫ് നോക്കുകയാണ് അദ്ദേഹം. പ്രായംമൂലം ബാധിച്ച കാഴ്ചക്കുറവ് മറികടക്കാന്‍ കണ്ണടകൂടാതെ കനത്തലെന്‍സും ഉപയോഗിച്ച് അദ്ദേഹം വായിക്കുകയാണ് ഈ 91-ആം വയസ്സിലും. പ്രായത്തിന് അദ്ദേഹത്തിന്റെ കാഴ്ച കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം പക്ഷേ, മനസ്സിന്റെ തീക്ഷണതയെ കുറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു.

 

അഡ്വക്കേറ്റ് ഡി.ബി. ബിനു
സമകാലിക മലയാളം വാരിക
2005 നവംബര്‍ 18
1181 വൃശ്ചികം 3
പുസ്തകം ഒമ്പത്, ലക്കം ഇരുപത്തിയെട്ട്

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

3 പ്രതികരണങ്ങള്‍ to “നീതിയുടെ അഗ്നിനാളമായി ഒരാള്‍”

RSS Feed for ചക്കാത്തു വായന Comments RSS Feed

നല്ല സംരംഭം.
അഭിനന്ദനങ്ങള്‍.
ആദ്യ ലേഖനം തന്നെ അത്യന്തം ഉചിതവുമായി.

നന്നായിട്ടുണ്ട് ഉദ്യമം!
ആശംസകൾ!!!


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: