രക്ഷാകര്‍ത്താക്കളോട് ഒരു വാക്ക്

Posted on ഫെബ്രുവരി 12, 2006. Filed under: ആര്‍.വി.ജി. മേനോന്‍, വിദ്യാഭ്യാസം |

ആര്‍.വി.ജി. മേനോന്‍

    ഈയിടെ ബസ്സില്‍ വച്ച് അയല്‍സംസ്ഥാനത്ത് എന്‍ജിനീയിറിങ്ങിനു പഠിക്കുന്ന ഒരു പയ്യനെ പരിചയപ്പെട്ടു. ഇവിടെ പ്രവേശനം നേടാന്‍ നിശ്ചയിച്ചിട്ടുള്ള മിനിമം മാര്‍ക്കില്ലാത്തതുകൊണ്ട് പോയതാണവിടെ. “അവിടെ മിനിമം മാര്‍ക്കില്ലേ?” “ഉണ്ട്, പക്ഷേ അവിടെ എക്സംപ്ഷന്‍ കിട്ടും. ആ സംസ്ഥാനത്തു ജനിച്ചതാണെന്നു സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ മതി.” “അതെങ്ങിനെ പറ്റും?” “അതൊന്നും വിഷമമില്ല സര്‍. അതിനൊക്കെ അവിടെ ആളുണ്ട്. കാശു കൊടുത്താല്‍ മതി.”

     കാശു കൊടുത്താല്‍ പരീക്ഷയും ജയിക്കാമോ എന്നു ചോദിക്കാന്‍ മനസ്സുവന്നില്ല. ഇല്ലെന്നാണറിവ്. കഴിഞ്ഞവര്‍ഷം അണ്ണാ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് പരീക്ഷാഫലത്തെപ്പറ്റി ഫ്രണ്ട് ലൈനില്‍ വന്ന വാര്‍ത്ത ഓര്‍മ്മവന്നു. ഒരു കുട്ടിപോലും പാസ്സാകാത്ത കോളേജുകള്‍ 5. അഞ്ചുശതമാനത്തില്‍ താഴെ പാസ്സായവ 28. പാതിപ്പേരെങ്കിലും പാസ്സായ കോളേജുകള്‍ 236-ല്‍ 8 മാത്രം.

    പാസ്സാകുന്ന കാര്യം വിഷമമാണെന്ന് നമ്മുടെ പയ്യനും പറഞ്ഞു. “എനിക്കു വലിയ താല്പര്യമൊന്നുമില്ല. പക്ഷേ, അച്ഛന്റെ നിര്‍ബന്ധമാണ്, ഞാന്‍ ടെക്നിക്കലു പഠിക്കണമെന്ന്.”

    ഇതൊരു ഒറ്റപ്പെട്ട കഥയൊന്നുമല്ല. മിനിമം യോഗ്യതയില്ലാതിരുന്നിട്ടും പിന്‍വാതിലിലൂടെ എന്‍ജിനീയറിങ് കോളേജില്‍ കയറിപ്പറ്റാന്‍ പാടുപെടുന്നവര്‍. അവര്‍ക്ക് ഒത്താശ ചെയ്യുന്ന മാനേജു്മെന്റും അധികൃതരും കോടതിയും. പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയില്‍ ഓരോ വിഷയത്തിനും പത്തുമാര്‍ക്കും (480-ലാണ് പത്ത്!) ആണ് മിനിമം യോഗ്യത. അതില്‍ത്തന്നെ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. (അതിന്റെ ന്യായം എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല!) ഇത്രയെങ്കിലും മാര്‍ക്കു നേടാന്‍ കഴിയാത്ത കുട്ടിക്ക് ഗണിതപ്രധാനമായ എന്‍ജിനീയറിങ് പരീക്ഷകള്‍ പാസ്സാകാന്‍ വിഷമമാണെന്ന അനുഭവമാണ് ഈ നിബന്ധനകള്‍ക്കു പിന്നില്‍. പക്ഷേ, ഇതൊക്കെ എന്തോ ശല്യമാണെന്നും എങ്ങനെയെങ്കിലും പ്രവേശനം കിട്ടിയാല്‍ ബാക്കിയൊക്കെ താനേ ശരിയായിക്കൊള്ളുമെന്നുമാണ് പലരുടെയും വിചാരം.

    പക്ഷേ പഠനങ്ങള്‍ കാണിക്കുന്നത് മറിച്ചാണ്. കേരളത്തില്‍ മൊത്തം നാലായിരത്തില്‍ താഴെ എന്‍ജിനീയറിങ് സീറ്റുണ്ടായിരുന്ന കാലത്തുപോലും പ്രവേശനം കിട്ടിയവരില്‍ 15 ശതമാനത്തോളം പേര്‍ക്ക് കോഴ്സു പാസ്സാകാന്‍ കഴിഞ്ഞിരുന്നില്ല. അവരെല്ലാവരും തന്നെ പേയ്മെന്റ്, മാനേജു്മെന്റ്, എസ്.സി/എസ്.ടി മുതലായ ക്വാട്ടകളിലൂടെ പ്രവേശനം നേടിയ പതിനായിരത്തില്‍ താഴ്ന്ന റാങ്കുകാരായിരുന്നു. മൊത്തം സീറ്റ് 8000 ആയപ്പോള്‍ പാസ്സാകുന്നവര്‍ 60 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ സീറ്റ് ഇരുപതിനായിരത്തിലേറെയായി. മുപ്പതിനായിരവും മറ്റും റാങ്കു നേടിയവര്‍ മുന്‍വാതിലിലൂടെ തന്നെ കടന്നുവരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ കണക്കിന് നൂറ്റിയിരുപതു ചോദ്യങ്ങള്‍ മൂന്നെണ്ണത്തിനുപോലും ശരിയുത്തരമറിയാതിരുന്നവര്‍ (എങ്കില്‍ 12 മാര്‍ക്ക് കിട്ടിയേനെ!) പോലും മാനേജു്മെന്റ് വേറിട്ടു നടത്തുന്ന പരീക്ഷയിലൂടെ വിലക്കു മറികടന്ന് പ്രവേശനം നേടുന്നു. ഇവരിലെത്രപേര്‍ പാസ്സാകും? അല്ലാത്തവരുടെ കാര്യമോ? മിക്കവരും പ്ലസ് ടു വരെ തോല്‍ക്കാതെയും നല്ല മാര്‍ക്കു നേടിയും പഠിച്ചു പാസ്സായി വന്നവരാണ്. എന്‍ജിനീയറിങ് കോളേജില്‍ വന്നിട്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് പലര്‍ക്കും താങ്ങാനാവില്ല. ഉള്ള ആത്മവിശ്വാസം പോലും അതോടെ തകരും.

    തോല്‍വി വീട്ടില്‍ പോലും അറിയിക്കാതെ കൊണ്ടുനടക്കുന്നവരുമുണ്ട്. അതിനു തക്ക സംവിധാനങ്ങളും നമ്മളൊക്കെക്കൂടെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഒന്നാംവര്‍ഷ പരീക്ഷപോലും പാസ്സാകാതെ നാലുവര്‍ഷവും പൂര്‍ത്തിയാക്കി പുറത്തുപോകാം! ചട്ടമനുസരിച്ച് ഒന്നാംവര്‍ഷ പരീക്ഷ മുഴുവന്‍ പാസ്സായാലേ മൂന്നാം വര്‍ഷത്തിലേയ്ക്കു കടക്കാവൂ. അല്ലെങ്കില്‍ അതു പാസ്സാകും വരെ പുറത്തു നില്‍ക്കണം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെ ഭാഷയില്‍ ‘ഇയര്‍ ഔട്ട്’. ഇതെന്തോ ക്രൂരനിയമമാണെന്ന മട്ടില്‍ ഇതിനെതിരെ സമരം ചെയ്ത് ഓരോ വര്‍ഷവും എക്സംപ്ഷന്‍ വാങ്ങിക്കൊടുക്കുന്നുണ്ട് നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍. ഒന്നാംവര്‍ഷത്തെ ഗണിതം പോലും ഉറയ്ക്കാത്ത കുട്ടിയെങ്ങനെയാണ് അതിന്മേല്‍ പടുത്തുയര്‍ത്തേണ്ട തുടര്‍വിജ്ഞാനം ഉള്‍ക്കൊള്ളുക?

    ഒന്നാം വര്‍ഷത്തിലെ പേപ്പറുകള്‍ ജയിക്കാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥി ഒരു വര്‍ഷം വിട്ടുനിന്ന് കുടിശ്ശികയൊക്കെ തീര്‍ത്താല്‍ ബാക്കി പഠിത്തമെങ്കിലും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലേതായി ഏഴോ എട്ടോ അതിലധികമോ പേപ്പര്‍ കുടിശ്ശികയുള്ളവര്‍ക്ക് മൂന്നും നാലും വര്‍ഷം കഴിയുമ്പോഴേക്ക് കുടിശ്ശിക പത്തും പതിനഞ്ചും ഒക്കെ ആയിട്ടുണ്ടാവും. അവരില്‍ മിക്കവര്‍ക്കും പിന്നെ വര്‍ഷങ്ങള്‍ ശ്രമിച്ചാലും എന്‍ജിനീയറിങ് ബിരുദം നേടാനാവുന്നില്ല എന്നാണ് ഇതു സംബന്ധിച്ച ഒരു പഠനം തെളിയിച്ചത്.

    ഇതൊക്കെ, നേരത്തെ പറഞ്ഞതുപോലെ, കഷ്ടിച്ച് നാലായിരം സീറ്റ് ഉണ്ടായിരുന്നപ്പോള്‍ പ്രവേശനം നേടിയവരുടെ കാര്യമാണ്. ഇപ്പോള്‍ ആട്ടിന്‍പറ്റം പോലെ എന്‍ജിനീയറിങ് കോളേജുകളിലേയ്ക്ക് തെളിക്കപ്പെടുന്നവരുടെ കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാകുന്നു.

    വിദ്യാഭ്യാസരംഗത്തെ നിക്ഷിപ്തതാല്പര്യങ്ങള്‍

    വലിയ പബ്ലിസിറ്റി നല്‍കപ്പെടുന്ന, ഏതാനും മുന്തിയ കോളേജുകളിലെ കാംപസ് റിക്രൂട്ട്മെന്റും, രണ്ടും മൂന്നും ലക്ഷം രൂപ വാര്‍ഷികശമ്പളം കിട്ടുന്ന ചില മിടുക്കരുടെ കഥകളുമാണ് ഈ ഒഴുക്കിന്റെ പിന്നിലെന്നു നമുക്കറിയാം. ഈ പ്രചാരണമൊക്കെ ബോധപൂര്‍വ്വമാണെന്നു പലരും തിരിച്ചറിയുന്നില്ല. ഐ. ടി പണിക്കപേക്ഷിക്കുന്ന നൂറില്‍ മൂന്നുപേരെ മാത്രമേ തങ്ങള്‍ യോഗ്യരായിക്കാണുന്നുള്ളുവെന്ന് ‘നാസ്കോം’ പറയുന്നു. ബാക്കി 97 പേര്‍ക്ക് എന്തു സംഭവിക്കുന്നു എന്നത് അവര്‍ക്കു നോക്കേണ്ടല്ലോ. കമ്പോളത്തിലെ തൊഴിലില്ലാപ്പടയുടെ വലിപ്പം കൂടുന്നത് തൊഴിലുടമകള്‍ക്ക് നല്ലതാണ്. എന്‍ജിനീയറിങ് സീറ്റുകള്‍ക്ക് പ്രിയമേറുന്നത് കോളേജ് മുതലാളിമാരുടെയും ആവശ്യമാണ്. സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ മിനിമം യോഗ്യതയുടെ പേരില്‍ കുറെപ്പേരെ പുറത്തുനിര്‍ത്തുന്നത് അവരെങ്ങനെ സഹിക്കും? എസ്. സി.-എസ്.ടി കുട്ടികള്‍ക്ക് മിനിമം യോഗ്യതയില്‍ ഇളവു നല്‍കുന്നതും സ്വശ്രയ കോഴ്സില്‍ പ്രവേശനം നേടിയാല്‍ അവരുടെ ഫീസ് സര്‍ക്കാര്‍ നല്‍കും എന്നു ചട്ടമുണ്ടാക്കിയതും ആരോടുള്ള ദയാവായ്പാണ്? അങ്ങനെ ഇളവുനേടി പ്രവേശനം തരപ്പെടുത്തുന്നതില്‍ എത്രപേര്‍ പാസ്സാകുന്നുണ്ട് എന്നത് ഏതെങ്കിലും സംഘടന അന്വേഷിയ്ക്കുന്നുണ്ടോ? വസ്തുതകളെ നേരിടാന്‍ പലര്‍ക്കും ഭയമാണ്.

    കുട്ടികളുടെ ഭാവി

    എന്‍ജിനീയറിങ്ങിനോ എം.ബി.ബി.എസ്സിനോ പ്രവേശനം കിട്ടിയില്ലെങ്കില്‍ ഭാവി തുലഞ്ഞു എന്ന തെറ്റായ ധാരണയാണ് ആദ്യം തിരുത്തേണ്ടത്. മാനേജു്മെന്റ്, ഫൈനാന്‍സ്, ഗവേഷണം, അദ്ധ്യാപനം, കല, സാഹിത്യം, വിവിധ സേവനരംഗങ്ങള്‍ എന്നിവയിലെല്ലാം നല്ല നല്ല അവസരങ്ങളുണ്ട്. യഥാര്‍ത്ഥ മികവു വേണം. ശരിയാണ്. പക്ഷേ, മികവ് എങ്ങനെയുണ്ടാകും? മികവിന്റെ പിന്നിലുള്ള ഘടകങ്ങള്‍ ആ വിഷയത്തിലുള്ള താല്പര്യവും അടിസ്ഥാനശേഷിയും കഠിനമായ അദ്ധ്വാനവുമാണ്. താല്പര്യങ്ങള്‍ ജനിക്കുന്നതും വളരുന്നതും വലിയൊരളവില്‍ സാഹചര്യങ്ങളെ ആശ്രയിച്ചാണ്. അതിനുള്ള അവസരം നമ്മുടെ കുട്ടികള്‍ക്ക് നാം കൊടുക്കുന്നുണ്ടോ? സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ വിവിധ തൊഴില്‍മേഖലകളെക്കുറിച്ച് അറിയാനും പഠിക്കാനും പരീക്ഷിക്കാനുമുള്ള അവസരം കുട്ടികള്‍ക്കു കൊടുക്കണം.

    വെറും താല്പര്യം മാത്രം പോരാ. ആ മേഖലയ്ക്കാവശ്യമായ അടിസ്ഥാന അറിവുകളും ശേഷികളും ആര്‍ജ്ജിക്കാനുതകുന്ന മാര്‍ഗ്ഗദര്‍ശനവും പ്രേരണയും പ്രോത്സാഹനവും കൂടി കുട്ടിക്കു നല്‍കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന സ്കൂളുകളാണ് യഥാര്‍ത്ഥത്തില്‍ നല്ല സ്കൂളുകള്‍. അല്ലാതെ കോച്ചിങ്ങും ട്യൂഷനും കൊണ്ട് മുന്തിയ റിസല്‍റ്റുണ്ടാക്കുക മാത്രം ചെയ്യുന്നവയല്ല.

     കണക്കിനു മോശമാണെന്നതുകൊണ്ട് ഒരു കുട്ടി മണ്ടനോ മണ്ടിയോ ആകുന്നില്ല. ഒരുപക്ഷേ, മാനവിക വിഷയങ്ങളിലോ, ഭാഷയിലോ, കലകളിലോ ഒക്കെ ആ കുട്ടിക്കു നല്ല വാസനയുണ്ടാകാം. ശ്രമിച്ചാല്‍ ആ മേഖലയിലെ ഒരു പ്രതിഭയാകാന്‍ സാദ്ധ്യതയുള്ള ഒരു കുട്ടിയെ എന്തിന് ഒരു മൂന്നാംകിട എന്‍ജിനീയറോ ഡോക്ടറോ ആക്കണം? ഒന്നുമില്ലെങ്കില്‍ ഹൃദ്യമായി പെരുമാറാനും മധുരമായി സംസാരിക്കാനുമുള്ള കഴിവും പണിയെടുക്കാനുള്ള മനോഭാവവുമുണ്ടോ? മതി. ഇന്നു നമ്മുടെ സമൂഹത്തിനേറ്റവും ആവശ്യമുള്ളത് അങ്ങനെയുള്ളവരെയാണ്.

ആര്‍.വി.ജി. മേനോന്‍
സമകാലിക മലയാളം വാരിക
പുസ്തകം ഒമ്പത്, ലക്കം ഇരുപത്തിയെട്ട്
2005 നവംബര്‍ 18
1181 വൃശ്ചികം 3

 

 

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

ഒരു പ്രതികരണം to “രക്ഷാകര്‍ത്താക്കളോട് ഒരു വാക്ക്”

RSS Feed for ചക്കാത്തു വായന Comments RSS Feed

True, I agree with RVG. Some addition: There are colleges in TN and KA whose management support plagiarism during the exams. And if if anybody wants clear their arrears, you can do so by approaching the university with some money; not directly, there are agents for doing this.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: