ഒരു തുന്നല്‍ക്കാരി തീ കൊളുത്തിയ വിപ്ലവം

Posted on ഫെബ്രുവരി 20, 2006. Filed under: ചരിത്രം, ഡോ. എ. എം. തോമസ് |

ഡോ. എ.എം. തോമസ്

    റോസ പാര്‍ക്സിലൂടെ അമേരിക്കന്‍ പൌരാവകാശസമരം ശക്തിപ്പെട്ടത് ലേഖകന്‍ പരിശോധിക്കുന്നു       

    അരനൂറ്റാണ്ടു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1955 ഡിസംബര്‍ മാസത്തില്‍ റോസ പാര്‍ക്സ് എന്ന കറുത്തവര്‍ഗ്ഗക്കാരി ബസ്സിലെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ താന്‍ ഒരു വലിയ വിപ്ലവത്തിന് തിരികൊളുത്തുകയാണെന്ന് വിചാരിച്ചില്ല. ഈ കഴിഞ്ഞ ഒക്ടോബര്‍ 24-ന് തൊണ്ണൂറ്റിരണ്ടാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചപ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന വര്‍ണ്ണവിവേചനവും പൌരാവകാശസമരവും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു.

    ഐതിഹാസികമായ പൌരാവകാശസമരത്തിന് നിമിത്തമായ റോസ പാര്‍ക്സിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോകമാകെയുള്ള ജനങ്ങള്‍ അനുസ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ കോണ്‍ഗ്രസ്സിന്റെ ആസ്ഥാനമന്ദിരമായ കാപ്പിറ്റോളില്‍ അവരുടെ ശവപേടകം വച്ചപ്പോള്‍, അത് കീഴ്നടപ്പില്ലാത്ത ഒരു ചരിത്രമുഹൂര്‍ത്തമായിത്തീര്‍ന്നു. ഇതിനു മുമ്പൊരിക്കലും ഒരു വനിതയുടെ ശവപേടകം കാപ്പിറ്റോളില്‍ പൊതുദര്‍ശനത്തിനു വച്ചിട്ടില്ല.

    1860-കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ ഒടുവില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് അടിമത്തത്തില്‍നിന്ന് സ്വതന്ത്ര്യം ലഭിച്ചുവെങ്കിലും യാഥാസ്ഥിതിക ദക്ഷിണ സംസ്ഥാനങ്ങളില്‍ അടുത്ത ഒരു നൂറ്റാണ്ടില്‍ അവരുടെ ജീവിതത്തിന് കാര്യമായ വ്യത്യാസമൊന്നുമുണ്ടായില്ല. അമേരിക്കന്‍ രാഷ്ട്രീയ സംവിധാനങ്ങളുടെയും സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന്റെയും പ്രത്യേകതകൊണ്ട് അവര്‍ക്കു ലഭിച്ച മോചനത്തിന് അര്‍ത്ഥമില്ലാതെയായി. ജിം ക്രോ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാടന്‍ നിയമങ്ങള്‍ വഴി കറുത്തവര്‍ഗ്ഗക്കാരെ പഴയതുപോലെ അടിച്ചമര്‍ത്താനും തരംതാണ ജീവിതസാഹചര്യങ്ങളില്‍ നിലനിര്‍ത്താനും യാഥാസ്ഥിതിക വെള്ളക്കാര്‍ക്ക് സാധിച്ചു.

    സമത്വത്തിന്റെ വേറിട്ട മുഖം

    പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളുമായ ഹോട്ടലുകള്‍, തീവണ്ടി കംപാര്‍ട്ട്മെന്റുകള്‍, ശൌചാലയങ്ങള്‍, സ്ക്കൂളുകള്‍, പാര്‍ക്കുകള്‍ മുതലായവയില്‍ വര്‍ണ്ണവിവേചനം കൊടികുത്തി വാണിരുന്നു. ഇവയിലൊക്കെ കറുത്തവര്‍ഗ്ഗക്കാര്‍ക്കും വെളുത്തവര്‍ഗ്ഗക്കാര്‍ക്കും വേറിട്ട ഇരിപ്പിടങ്ങളും സൌകര്യങ്ങളുമാണ് ഉണ്ടായിരുന്നത്. നൈയാമികമായി സ്വതന്ത്രരെങ്കിലും രാഷ്ട്രീയസ്വാതന്ത്ര്യം തെല്ലും അവര്‍ക്കുണ്ടായിരുന്നില്ല. ഭൂമിയും സ്വത്തും ഉള്ളവര്‍ക്കായി വോട്ടവകാശം നിജപ്പെടുത്തുന്ന നിയമങ്ങള്‍ നിലനിന്നിരുന്നതുകൊണ്ട് ഭൂരിപക്ഷം കറുത്തവര്‍ഗ്ഗക്കാര്‍ക്കും തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. വര്‍ണ്ണവിവേചന നിയമങ്ങള്‍ക്കെതിരെ കോടതികളെ സമീപിച്ചവര്‍ക്കും നിരാശപ്പെടേണ്ടിവന്നു. അമേരിക്കന്‍ സുപ്രീംകോടതി പോലും യാഥാസ്ഥിതിക നിലപാടുകളില്‍ ഉറച്ചുനിന്നു. പൌരാവകാശലംഘനത്തിനെതിരെയുള്ള വിലക്കുകള്‍ സംസ്ഥാനങ്ങള്‍ക്കു മാത്രമേയുള്ളുവെന്നും സ്വകാര്യവ്യക്തികള്‍ അതിന്റെ പരിധിയില്‍ വരികയില്ലെന്നും കോടതികള്‍ വിധിച്ചു. 1896-ലെ പ്ലെസി വേഴ്സസ് ഫെര്‍ഗുസണ്‍ എന്ന കേസില്‍ വെളുത്തവര്‍ഗ്ഗക്കാര്‍ക്കുള്ളതിനു തുല്യമായ സൌകര്യങ്ങള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ഉള്ളിടത്തോളം അവ വേറിട്ടതാണെങ്കില്‍പ്പോലും സമത്വത്തിനെതിരല്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചു. ആറു ദശാബ്ദങ്ങള്‍ക്കുശേഷം ബ്രൌണ്‍ വേഴ്സസ് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ എന്ന കേസില്‍ സുപ്രീം കോടതി വിപ്ലവകരമായ ഒരു വിധി പ്രസ്താവിച്ചു. വേറിട്ട സൌകര്യങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, എത്ര തുല്യമായാല്‍പ്പോലും വേറിട്ടതാണെന്ന കാരണത്താല്‍ സമത്വമെന്ന തത്ത്വത്തിന് എതിരാണെന്ന് കോടതി അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു. എന്നാല്‍ വിധി എങ്ങനെ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ച് കോടതി മൌനം പാലിച്ചു. ഓര്‍ക്കാപ്പുറത്തു വന്ന വിധിയായതുകൊണ്ട് പ്രസിഡന്റായ ഐസന്‍ഹവര്‍ വേണ്ടരീതിയില്‍ പ്രതികരിച്ചില്ല. നിയമനിര്‍മ്മാണസഭയായ കോണ്‍ഗ്രസ്സിന്റെ ഘടനയും നടപടിക്രമങ്ങളും ഈ വഴിക്കുള്ള നിയമനിര്‍മ്മാണത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കി.

    അതേസമയം തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാരുടെ പൌരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. അവയില്‍ മുഖ്യമായത് കറുത്ത വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായുള്ള ദേശീയ സംഘടന (NAACP)യായിരുന്നു. എന്നാല്‍ 1950-കളുടെ മദ്ധ്യത്തില്‍ വര്‍ണ്ണവിവേചനത്തിന്റെ കോട്ടകള്‍ തകര്‍ക്കാനുള്ള ശക്തി അവര്‍ ആര്‍ജ്ജിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. അക്രമമാര്‍ഗ്ഗത്തിലൂടെയോ അതോ ഹെന്‍റി ഡേവിഡ് തോറോ, മഹാത്മാഗാന്ധി മുതലായവര്‍ കാണിച്ചുതന്ന അക്രമരഹിത മാര്‍ഗ്ഗങ്ങളില്‍ക്കൂടി വേണോ സമരം മുന്നോട്ടു നയിക്കേണ്ടതെന്ന് അവരുടെയിടയില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടത്തിലാണ് റോസ പാര്‍ക്സിന്റെ രൂപത്തില്‍ പ്രസ്ഥാനത്തിന് നവചൈതന്യം പകരാന്‍ ഒരു നിമിത്തമുണ്ടായത്.

    ജിം ക്രോ നിയമത്തിന്റെ ക്രൂരത

    അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനമായ അലബാമ നെറികെട്ട വര്‍ണ്ണവിവേചന സമ്പ്രദായത്തിന്റെ ദൃഷ്ടാന്തമായിരുന്നു. ജിം ക്രോ നിയമങ്ങള്‍ അവയുടെ രൂക്ഷതയില്‍ ഇവിടെ നടപ്പിലാക്കിയിരുന്നു. പീഡനങ്ങള്‍ സഹിക്കവയ്യാതെ പല കറുത്തവര്‍ഗ്ഗക്കാരും വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. അവിടെത്തന്നെ കഴിഞ്ഞവര്‍ക്ക് രാഷ്ട്രീയ സ്വതാന്ത്ര്യമോ, സാമൂഹ്യ സാമ്പത്തിക ഉന്നമനമോ ഉണ്ടായില്ല. കറുത്തവര്‍ഗ്ഗക്കാരുടെ തൊഴിലും സേവനവും ക്രമാനുഗതമായി ചൂഷണം ചെയ്യാനും അവരെ കീഴാളന്മാരായി തുടരാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ വെള്ളക്കാര്‍ സൃഷ്ടിച്ചുകൊണ്ടുമിരുന്നു. തൊഴില്‍ ചെയ്യാതെ അലഞ്ഞുനടക്കുന്ന കറുത്തവര്‍ഗ്ഗക്കാരെ അറസ്റ്റ് ചെയ്ത് പിഴയൊടുക്കാനും അനാഥരായ കറുത്തവര്‍ഗ്ഗക്കുട്ടികളെ പഴയ യജമാനന്മാരുടെ കൈകളില്‍ തിരികെ എത്തിക്കാനും നിയമങ്ങള്‍കൊണ്ട് അവര്‍ക്കു കഴിഞ്ഞു. ഇതുകൂടാതെ കൈവശം വയ്ക്കാനുള്ള സ്വത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്തുകയും ചില തൊഴിലുകളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തു. വോട്ടവകാശം ലഭിക്കുന്നതിന് വിദ്യാഭ്യാസയോഗ്യത, സ്വത്തവകാശം, നികുതിദായകരായിരിക്കണം എന്നീ നിബന്ധനകള്‍ നിഷ്കര്‍ഷിച്ചിരുന്നതുകൊണ്ട് ഭൂരിപക്ഷം കറുത്തവര്‍ഗ്ഗക്കാരും വോട്ടവകാശനിഷേധം നേരിട്ടിരുന്നു. ഇവ കൂടാതെ നേരത്തെ പരാമര്‍ശിച്ച പൊതുസൌകര്യങ്ങളിലുള്ള വേര്‍തിരിവ് മൂലമുള്ള വിവേചനങ്ങളും അവര്‍ അനുഭവിച്ചിരുന്നു.

    അലബാമയുടെ തലസ്ഥാനമായ മോണ്ടു്ഗോമറിയിലെ ബസ്സുകളില്‍ ഇരിപ്പിടങ്ങള്‍ രണ്ടായി തരംതിരിച്ചിരുന്നു. മുമ്പിലത്തെ സീറ്റുകള്‍ വെള്ളക്കാര്‍ക്കും പുറകിലുള്ളവ കറുത്തവര്‍ഗ്ഗക്കാര്‍ക്കും. മദ്ധ്യഭാഗത്തുള്ള സീറ്റുകളില്‍ ഇരിക്കാന്‍ കറുത്തവര്‍ഗ്ഗക്കാരെ അനുവദിച്ചിരുന്നങ്കിലും വെള്ളക്കാരാരെങ്കിലും ഇരിപ്പിടമില്ലാതെ ബസ്സില്‍ നില്‍ക്കേണ്ടിവന്നാല്‍ അവര്‍ക്കു വേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടതായിരുന്നു. വെള്ളക്കാരുടെ വര്‍ഗ്ഗമേന്മ കറുത്തവര്‍ഗ്ഗക്കാരെ എപ്പോഴും ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയുള്ള അവസരങ്ങള്‍ ഉണ്ടാക്കാനായിരുന്നു നിയമസാധുതയുള്ള ഈവിധ ആചാരങ്ങള്‍.

    ഇങ്ങനെയുള്ള ഒരു സാമൂഹ്യപശ്ചാത്തലത്തിലാണ് റോസ പാര്‍ക്സ് സംഭവം നടക്കുന്നത്. തുന്നല്‍ക്കാരിയായിരുന്ന റോസ പാര്‍ക്സ് ജോലികഴിഞ്ഞ് ബസ്സില്‍ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ബസ്സിന്റെ മദ്ധ്യത്തിലുള്ള ഇരിപ്പിടത്തിലായിരുന്നു യാത്ര. ബസ്സിലേയ്ക്കു കയറിയ ഒരു വെള്ളക്കാരനുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ഡ്രൈവര്‍ നാല് കറുത്തവര്‍ഗ്ഗക്കാരോട് ആവശ്യപ്പെട്ടു. മൂന്നുപേര്‍ എഴുന്നേറ്റപ്പോള്‍ റോസ പാര്‍ക്സ് മാത്രം വിസമ്മതിച്ചു. അന്നുവരെ ഡ്രൈവറുടെ അപ്രകാരമുള്ള ഒരാജ്ഞ അവര്‍ അനുസരിച്ചിരുന്നു. എന്നാല്‍ ആ ദിവസം ക്ഷീണം കൊണ്ട് തളര്‍ന്നിരുന്ന റോസ പാര്‍ക്സ് എഴുന്നേല്‍ക്കാന്‍ മുതിര്‍ന്നില്ല. അവരുടെ വാക്കുകളില്‍, “ക്ഷമയുടെ അതിര്‍വരമ്പുകള്‍ കടന്നെന്ന് എനിക്കു തോന്നി. ഒരു മനുഷ്യജീവിയുടെയും പൌരന്റെയും അവകാശങ്ങള്‍ എന്തെന്നറിയാനുള്ള സമയമായെന്ന് എനിക്കു തോന്നി.” നിയമലംഘനത്തിന് അവരെ അറസ്റ്റു ചെയ്തു. കോടതി പത്തുഡോളര്‍ പിഴയിട്ടു. എന്നാല്‍ പിഴയൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു.

    മാര്‍ട്ടിന്‍ ലൂഥര്‍കിങ്

    റോസ പാര്‍ക്സിന്റെ അറസ്റ്റ് വാര്‍ത്ത മൌണ്ട് ഗോമറി നഗരത്തില്‍ പടര്‍ന്നതോടുകൂടി കറുത്തവര്‍ഗ്ഗക്കാര്‍ സംഘടിക്കാന്‍ തുടങ്ങി. ഏതാനും മാസങ്ങളായി സ്ത്രീകളുടെ രാഷ്ട്രീയസമിതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളുടെ ഒരു പൌരാവകാശസംഘടന ബസ്സ് യാത്രാബഹിഷ്കരണത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ സംഭവത്തോടുകൂടി അതിന് സമയമായെന്ന് അവര്‍ നിശ്ചിയിച്ചു. ബസ്സുകളില്‍ യാത്ര ചെയ്തില്ലെങ്കില്‍പ്പോലും നഗരത്തിലെ ഏതു ദിക്കിലും വലിയ പ്രയാസം കൂടാതെ എത്തിച്ചേരാമെന്ന് അവര്‍ മനസ്സിലാക്കി. എന്നാല്‍ ബഹിഷ്കരണസമരം കറുത്തവരുടെ ഒരു ബഹുജനപ്രക്ഷോഭമാക്കാന്‍ അവരുടെ മേല്‍ സ്വാധീനമുള്ള ഒരു വിഭാഗത്തിന്റെ പിന്തുണ ആവശ്യമായിരുന്നു. കറുത്തവര്‍ഗ്ഗ പുരോഹിതന്മാരായിരുന്നു ഈ വിഭാഗം. ആ കൂട്ടത്തില്‍ അന്നധികം അറിയപ്പെടാത്ത ചെറുപ്പക്കാരനായിരുന്ന ഒരു പാസ്റ്റര്‍ ഉണ്ടായിരുന്നു. പേര് മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയര്‍. വര്‍ണ്ണവിവേചനത്തിന്റെ തിക്തഫലങ്ങള്‍ നന്നായറിഞ്ഞിരുന്ന കിങ്ങിനെ സമരം നയിക്കാന്‍ കറുത്തവര്‍ഗ്ഗസമൂഹം ചുമതലപ്പെടുത്തി. സമരമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തില്‍ നാലായിരത്തോളമാളുകള്‍ പങ്കെടുത്തു. ‘ക്രിസ്ത്യന്‍ പടയാളികളെ മുന്നോട്ട്’ എന്ന സുവിശേഷഗാനത്തിന്റെ ഈരടികള്‍ പാടി ആരംഭിച്ചയോഗത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍കിങ് പ്രഖ്യാപിച്ചു. “ധീരതയോടെ, അതേസമയം അന്തസ്സോടെ, ക്രിസ്തീയ സ്നേഹത്തിന്റെ അരൂപിയില്‍ പ്രതിഷേധിക്കുകയാണെങ്കില്‍ നാഗരീകതയ്ക്ക് ഒരു പുതിയ അര്‍ത്ഥവും ഭാവവും നല്‍കിയ ഒരു കറുത്ത ജനത ഇവിടെ ജീവിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തും.”

    യോഗം ചേര്‍ന്നതിന്റെ അടുത്തയാഴ്ചയുടെ ആരംഭത്തില്‍ മോണ്ട് ഗോമറിയിലെ അമ്പതിനായിരത്തോളം കറുത്ത വര്‍ഗ്ഗക്കാര്‍ ബസു്യാത്രാ ബഹിഷ്കരണം തുടങ്ങി. ദീര്‍ഘദൂരം നടന്നും ടാക്സികളില്‍ യാത്ര ചെയ്തും അവര്‍ ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ എത്തി. കുതിരകളുടെയും കോവര്‍ കഴുതകളുടെയും പുറത്ത് സഞ്ചരിച്ചരും ആ കൂട്ടത്തിലുണ്ടായിരുന്നു. സമരത്തിന്റെ ഫലമായി ബസ്സുകള്‍ നഷ്ടത്തിലോടാന്‍ തുടങ്ങി. നഗരത്തിലെ കച്ചവടത്തെയും അതു ബാധിച്ചു. സമരത്തെ ഏതു വിധത്തിലും അടിച്ചമര്‍ത്തുകയായിരുന്നു അധികാരികളുടെ അടുത്ത നടപടി. നാല്പത്തിയഞ്ച് സെന്റുകളായിരുന്നു ടാക്സികളുടെ മിനിമം കൂലി. സമരാനുകൂലികളായ ടാക്സി ഡ്രൈവര്‍മാര്‍ ബസ്സിന്റെ പത്തു സെന്റ് കൂലി മാത്രമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് അധികാരികള്‍ വിധിച്ചു. ഇതിനെ മറികടക്കാന്‍ സമരാനുകൂലികള്‍ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ഒരേ ദിക്കിലേക്കു പോകുന്ന ആളുകള്‍ ഒരു വാഹനം ഉപയോഗിച്ചുള്ള ‘കാര്‍പൂളുകള്‍’ രൂപീകരിച്ച് പ്രശ്നത്തെ അതിജീവിച്ചു. അധികാരികളും തീവ്രവാദികളായ വെള്ളക്കാരും വെറുതെയിരുന്നില്ല. സമരസംഘടനയെ വിഘടിക്കാനും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിനെ പ്രതിയാക്കി വ്യവഹാര നടപടികളുമായി അവര്‍ മുന്നേറി. കറുത്തവരുടെ വീടുകളും പള്ളികളും ആക്രമിക്കപ്പെട്ടു. എന്നാല്‍ അക്രമരാഹിത്യത്തില്‍ക്കൂടി കറുത്തവര്‍ഗ്ഗക്കാര്‍ അവയെയൊക്കെ നേരിട്ടു. മുന്നൂറ്റി എണ്‍പത്തൊന്നു ദിവസങ്ങള്‍ അവര്‍ ബസ്സുകള്‍ ബഹിഷ്കരിച്ചു. 1956-ന്റെ അവസാനമായപ്പോഴേക്കും ബസ്സുകളിലെ വര്‍ണ്ണവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന് മോണ്ട് ഗോമറിയിലെ ഫെഡറല്‍ കോടതിയും അമേരിക്കന്‍ സുപ്രീം കോടതിയും വിധിച്ചു. താമസിയാതെ വര്‍ണ്ണവിവേചനരഹിതമായ യാത്രാസംവിധാനങ്ങള്‍ നിലവില്‍ വരികയും സമരം പിന്‍വലിക്കപ്പെടുകയും ചെയ്തു.

    മോണ്ട് ഗോമറിയിലെ സമരം റോസ പാര്‍ക്സ് എന്ന വനിതയുടെ അനുഭവത്തിലൂടെയാണ് ആരംഭിച്ചതെങ്കിലും അതൊരു വലിയ വിപ്ലവത്തിന് വഴിതെളിച്ചു. അടുത്ത ഒരു ദശാബ്ദത്തില്‍ അമേരിക്കയുടെ ദക്ഷിണ സംസ്ഥാനങ്ങളില്‍ പൌരാവകാശസമരങ്ങള്‍ ശക്തി പ്രാപിച്ചു. മോണ്ട് ഗോമറിയുടെ സന്ദേശവും അനുഭവവും അവിടുത്തെ സമരങ്ങള്‍ക്ക് ശക്തിപകര്‍ന്നു. വെളുത്തവര്‍ഗ്ഗ മേല്‍ക്കോയ്മയുടെ  വക്താക്കളും രാഷ്ട്രീയക്കാരും നിയമനിര്‍മ്മാണത്തിലൂടെയും മറ്റ് സാമൂഹ്യ സാമ്പത്തിക സമ്മര്‍ദ്ദങ്ങളില്‍ക്കൂടിയും സമരത്തെ നേരിടാന്‍ ശ്രമിച്ചു. വര്‍ണ്ണവിവേചനം നടപ്പിലാക്കിയിരുന്ന അലബാമ സര്‍വകലാശാലയുടെ പ്രധാന വാതിലില്‍ കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തടയുന്നതിന് കാത്തുനില്‍ക്കുന്ന അലബാമ ഗവര്‍ണര്‍ ജോര്‍ജ്ജ് പാലസിന്റെ ചിത്രം ചരിത്രഗ്രന്ഥങ്ങളില്‍ ഇന്ന് സ്ഥാനം പിടിച്ചിട്ടുണ്ട്.

    മോണ്ട് ഗോമറി സമരത്തിലൂടെയാണ് പിന്നീട് പ്രശസ്തിയിലേക്കുയര്‍ന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പൌരാവകാശ പ്രസ്ഥാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. റോസ പാര്‍ക്സും മോണ്ട് ഗോമറി സമരവും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ കിങ്ങിന്റെ പ്രവര്‍ത്തനമേഖല മറ്റൊന്നായി മാറിയേനെ. അമേരിക്കന്‍ പൌരാവകാശസമരത്തിന്റെ ചരിത്രം തന്നെ മറ്റൊന്നായിത്തീരുമായിരുന്നു. അറുപതുകളുടെ മദ്ധ്യത്തിലെത്തിയപ്പോഴേക്കും വര്‍ണ്ണവിവേചനനിയമങ്ങള്‍ പലതും അപ്രത്യക്ഷമായി. 1964-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പൌരാവകാശനിയമവും അതിന്റെ അടുത്തവര്‍ഷം സമ്മതിദാനാവകാശനിയമവും പാസ്സാക്കി. അമേരിക്കയിലാകമാനം നിലനിന്നിരുന്ന വര്‍ണ്ണവിവേചനനിയമങ്ങള്‍ ഇതോടെ ഇല്ലാതെയായി. എന്നാല്‍ അടിമത്തനിരോധനം ഭരണഘടനാഭേദഗതിയായി വന്ന് ഒരു നൂറ്റാണ്ടിനുശേഷമാണ് ഈ നിയമങ്ങള്‍ പാസ്സാക്കിയതെന്ന് വിസ്മരിച്ചുകൂടാ.

    വിപ്ലവനായികയായ റോസ പാര്‍ക്സ് പിന്നീട് അലബാമയില്‍നിന്ന് വടക്കന്‍ സംസ്ഥാനമായ മിഷിഗണിലെ ഡെട്രോയിറ്റ് നഗരത്തിലേക്ക് താമസം മാറ്റി. പൌരാവകാശ പ്രസ്ഥാനത്തില്‍ തുടര്‍ന്ന അവര്‍ 1987-ല്‍ റോസ ആന്‍ഡ് റെയ്മണ്ട് പാര്‍ക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ഫ് ഡെവലപ്മെന്റ് സ്ഥാപിച്ചു. പൌരാവകാശസമരത്തെ നേരിട്ട് പരിചയപ്പെടുത്തുന്ന ‘പാത്തു്വേയ്സ് റ്റു ഫ്രീഡം’ എന്ന ബസ് ടൂര്‍ സംഘടിപ്പിച്ചിരുന്നത് ഈ സ്ഥാപനമാണ്. ദേശീയതലത്തില്‍ അനേകം പുരസ്കാരങ്ങള്‍ ലഭിച്ച അവരെ പൌരാവകാശപ്രസ്ഥാനത്തിന്റെ അമ്മ എന്നു പേരിട്ട് അമേരിക്ക ആദരിച്ചു. മോണ്ട് ഗോമറിയില്‍ കഴിഞ്ഞ ദിവസം നടന്ന അനുസ്മരണയോഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരിയായ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കൊണ്ടാലിസ റൈസ് പറഞ്ഞു: “റോസ പാര്‍ക്സ് എന്ന സ്ത്രീ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഈ പദവിയില്‍ എത്തുകയില്ലായിരുന്നു.” റോസ പാര്‍ക്സിനോട് അത്രമാത്രം കടപ്പാടുണ്ട് ഇന്ന് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്ക്.

എം.ജി. യൂണിവേഴ്സിറ്റിയില്‍ സ്ക്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിലെ റീഡറാണ് ലേഖകന്‍.

സമകാലിക മലയാളം വാരിക
പുസ്തകം ഒമ്പത്, ലക്കം ഇരുപത്തിയെട്ട്
2005 നവംബര്‍ 18
1181 വൃശ്ചികം 3

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Liked it here?
Why not try sites on the blogroll...

%d bloggers like this: