സംഘടനാതലചുമതലകളും പാര്‍ലമെന്ററിമോഹവും

Posted on ഏപ്രില്‍ 16, 2006. Filed under: ബി.ആര്‍.പി. ഭാസ്ക്കര്, രാഷ്ട്രീയം |

ബി.ആര്‍.പി. ഭാസ്ക്കര്‍

    ചില നേതാക്കളെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു് നിയോഗിക്കുകയും ആ ചുമതല അവര്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കനുസൃതമായി ചെയ്യുന്നെന്നു് ഉറപ്പുവരുത്തുകയുമാണു് സി.പി.എം ചെയ്യേണ്ടതു്. പാര്‍ട്ടിക്കുള്ളില്‍ സത്യസന്ധമായി പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗം ഉണ്ടാകുന്നതിനെ അപകടമായി കാണേണ്ട കാര്യമില്ല. എന്നാല്‍ സംഘടനാതലചുമതലകള്‍ വഹിക്കുന്നവര്‍ പാര്‍ലമെന്ററി രംഗത്തുനിന്നു് വിട്ടുനില്‍ക്കണം. അവര്‍ പാര്‍ട്ടിയിലെ അധികാരംകൊണ്ടു തൃപ്തിപ്പെടാതെ പാര്‍ട്ടിക്കു പുറത്തു് അധികാരസ്ഥാനങ്ങള്‍ തേടുന്നതില്‍ അപകടമുണ്ടു്.


    തെരഞ്ഞെടുപ്പുരംഗത്തു് ഇപ്പോഴും രണ്ടു് മുന്നണികളുണ്ടെങ്കിലും കാര്യങ്ങള്‍ പഴയപടിയല്ല പോകുന്നതെന്നു് വ്യക്തമായിക്കൊണ്ടിരിക്കുകയാണു്. ഏതാനും കൊല്ലങ്ങളായി ക്രമേണ കുറഞ്ഞുകൊണ്ടിരുന്ന ഇടതു് വലതു് വ്യത്യാസം ഈ തെരഞ്ഞെടുപ്പോടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നു് കരുതാന്‍ ന്യായമുണ്ടായിരുന്നു. കെ. കരുണാകരന്‍ ഉള്‍പ്പെടുന്ന ഇടതിനെ എങ്ങനെയാണ് വലതില്‍ നിന്ന് വ്യത്യസ്തമായി കാണാനാകുന്നതു്? എക്സ്പ്രസു്ഹൈവേയ്ക്കും കരിമണല്‍ ഖനനത്തിനും പച്ചക്കൊടി കാട്ടുന്ന സി.പി.എം നേതാക്കന്മാര്‍ എങ്ങനെയാണു് കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നേതാക്കന്മാരില്‍നിന്നു് വ്യത്യസ്തരാകുന്നതു്?

    പെട്ടെന്നു് അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. സി.പി.എമ്മിന്റെ സംസ്ഥാനനേതൃത്വം കരുണാകരനുമായി കെട്ടിയുറപ്പിച്ച സഖ്യംവേണ്ടെന്നു് പോളിറ്റു്ബ്യൂറോ തീരുമാനിച്ചു. കരുണാകരന്‍ ഡെമോക്രാറ്റിക്‍കോണ്‍ഗ്രസിന്റെ പായുംതെറുത്തു് യു.ഡി.എഫ് കൂടാരത്തിലേക്കു് മടങ്ങി. അതോടെ എല്‍.ഡി.എഫിനെപ്പോലെയു.ഡി.എഫും പൂര്‍വസ്ഥിതി പ്രാപിച്ചു. വന്ധ്യത ബാധിച്ച മുന്നണികള്‍ക്കു് അങ്ങനെ പുതുജീവന്‍ ലഭിച്ചെങ്കിലും അവയ്ക്കുള്ളിലെ സമവാക്യങ്ങള്‍ മാറിയിരിക്കുന്നു. ചില മാറ്റങ്ങള്‍ ഗുണകരവും ഭാവിയെക്കുറിച്ചു് പ്രതീക്ഷയ്ക്കു് വക നല്‍കുന്നവയുമാണു്.

    അഞ്ചുകൊല്ലംമുമ്പ് കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ ഒരു വലിയ പങ്കു് പിടിച്ചുവാങ്ങാന്‍ കഴിവുണ്ടായിരുന്ന കരുണാകരന്‍, യു.ഡി.എഫില്‍ ലീഗിനേക്കാള്‍ ചെറുതും ഘടകപദവി നിഷേധിക്കപ്പെട്ടതുമായ ഒരു കക്ഷിയുടെ നേതാവായി ചുരുങ്ങിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ശക്തിയും ക്ഷയിച്ചിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയായ ഉടന്‍ പി.കെ.കുഞ്ഞാലിക്കുട്ടിയില്‍നിന്നു് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പു് കൈക്കലാക്കിയിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതിയല്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെക്കുറിച്ചു് മജിസ്ട്രേട്ടു് നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ പ്രയോജനപ്പെടുത്തി അദ്ദേഹത്തിന്റെ രാജി എഴുതിവാങ്ങാനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. എന്നാല്‍ കരുണാകരന്റെ യു.ഡി.എഫു് പുനഃപ്രവേശനത്തിന്റെ പ്രധാന സൂത്രധാരനെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്കു് ഒതുക്കാന്‍ കഴിയാത്തത്ര വളര്‍ന്നിരിക്കുന്നു. കെ. മുരളീധരനു് മുസ്ലീംലീഗിന്റെ ഉറച്ചസീറ്റു് നല്‍കിക്കൊണ്ടു് തെരഞ്ഞെടുപ്പിനു ശേഷം തന്റെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും കുഞ്ഞാലിക്കുട്ടി നടത്തിയിരിക്കുന്നു. യു.ഡി.എഫിനു് വീണ്ടും അധികാരം നേടാനായാല്‍ മുഖ്യമന്ത്രിപദം നേടാന്‍പോലും കഴിയുന്ന ഒരു നേതാവായി അദ്ദേഹത്തെ കാണുന്നവര്‍ ഇന്നുണ്ടു്.

    യു.ഡി.എഫിലുണ്ടായതിനേക്കാള്‍ വലിയ അത്ഭുതങ്ങളാണു് എല്‍.ഡി.എഫിലുണ്ടായതു്. എന്നാല്‍ താന്‍ മത്സരിക്കുന്നില്ല എന്നു് പോളിറ്റു്ബ്യൂറോ യോഗത്തില്‍ വി.എസു് അച്യുതാനന്ദനെക്കൊണ്ടു് പറയിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫു് അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിയെപ്പോലെ സര്‍ക്കാരും പിണറായിവിജയന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാകുമെന്ന നിലയിലായി. പാര്‍ലമെന്ററി വ്യാമോഹം വെച്ചുപുലര്‍ത്തുന്നു എന്ന ആക്ഷേപം വിളിച്ചുവരുത്താതെ അച്യുതാനന്ദനു് അനുകൂലമായി ശക്തമായ അഭിപ്രായം രൂപപ്പെട്ടപ്പോള്‍ ആദ്യ തീരുമാനംമാറ്റി അദ്ദേഹത്തെ മത്സരരംഗത്തിറക്കാന്‍ പോളിറ്റു്ബ്യൂറോ നിര്‍ബന്ധിതമായി.

    പ്രകടനങ്ങള്‍ നടത്തിയതുകൊണ്ടു സി.പി.എം തീരുമാനം മാറ്റില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കു് പാര്‍ട്ടിയെക്കുറിച്ചു് ഒരു ചുക്കുമറിയില്ലെന്നും പിണറായി വിജയന്‍ ഒരവസരത്തില്‍ പറയുകയുണ്ടായി. ബഹുജനവികാരം മനസ്സിലാക്കി തീരുമാനം മാറ്റാനാവുന്ന വിധത്തില്‍ പാര്‍ട്ടി മാറിയിരിക്കുന്നുവെന്നു് അദ്ദേഹവും പിന്നീടാണറിഞ്ഞതു്.

    മുന്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികള്‍ക്കു് നല്‍കിയ 11 സീറ്റുകള്‍ തിരിച്ചെടുത്തുകൊണ്ടു് സി.പി.എം ഇത്തവണ എല്‍.ഡി.എഫില്‍ അതിന്റെ ആധിപത്യം ദൃഢമാക്കിയിട്ടുണ്ടു്. പാര്‍ട്ടി ഒറ്റയ്ക്കു് ഭരിക്കാനാഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നു് കരുതുന്നവരുണ്ടു്. പാര്‍ട്ടിയില്‍ മുഖ്യമന്ത്രിപദത്തിനായി വടംവലി നടക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ടു്.

    സ്വന്തമായി ഭൂരിപക്ഷം നേടണമെന്ന ഉദ്ദേശ്യത്തോടെയാണു് സി.പി.എം കൂടുതല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെങ്കില്‍, അതിനെ ഒരു നല്ല നീക്കമായി കാണണം. കാരണം അതു് പാര്‍ട്ടിക്കു് ചെറിയ കക്ഷികളുടെ സമ്മര്‍ദ്ദം ചെറുക്കാനുള്ള കഴിവു് നല്‍കും. എന്നാല്‍ പാര്‍ട്ടി തനിച്ചു ഭരിക്കാന്‍ ആഗ്രഹിക്കുന്നെന്ന അനുമാനം ശരിയാണെന്നു് തോന്നുന്നില്ല. ലോക കമ്മ്യൂണിസ്റ്റു് പ്രസ്ഥാനം വളരെക്കാലം മുമ്പു് ആവിഷ്ക്കരിച്ച തന്ത്രത്തിന്റെ ഭാഗമാണു് മുന്നണി സമ്പ്രദായം. മുന്നണിക്കുള്ളില്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ ഭദ്രമായാലും സി.പി.എം ഈ തന്ത്രം ഉപേക്ഷിക്കാനിടയില്ല. തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടും പശ്ചിമബംഗാളില്‍ അതു് മുന്നണിയെ നിലനിര്‍ത്തുകയാണു് ചെയ്തതു്.

    അതേസമയം എല്‍.ഡി.എഫിന്റെ ഊഴം വീണ്ടുമെത്തിയിരിക്കുന്നെന്ന വിശ്വസത്തില്‍ സംസ്ഥാന പാര്‍ട്ടിയില്‍ മുഖ്യമന്ത്രിപദത്തിനായി മത്സരം നടക്കുന്നുനെന്നതു് ഇനിയും മറച്ചുപിടിക്കേണ്ട കാര്യമല്ല. വിപ്ലവകക്ഷിയെന്ന നിലയില്‍ ഈ വസ്തുത അംഗീകരിക്കാന്‍ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും കഴിയുന്നില്ലെന്നതാണു് പാര്‍ട്ടി നേരിടുന്ന പ്രശ്നം.

    ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു് പാര്‍ട്ടികള്‍ അരനൂറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ പങ്കാളികളാണു്. കേരത്തിലാണെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ 1957-ല്‍ അധികാരം രുചിച്ചു തുടങ്ങിയതാണു്. കമ്മ്യൂണിസ്റ്റു ലേബലുള്ളവരെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടു ഒരു സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത അവസ്ഥയാണു് ഇന്നു് സംസ്ഥാനത്തു് നിലനില്‍ക്കുന്നതു്.

    അധികാരത്തിനു വേണ്ടി മത്സരിക്കുന്ന കക്ഷികളുടെ നേതാക്കന്മാര്‍ അധികാരസ്ഥാനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു് പ്രവര്‍ത്തിക്കുന്നതു് അപരാധമല്ല. പ്രതിപക്ഷ നേതാവു് സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ബദല്‍ സര്‍ക്കാരിനു് നേതൃത്വം നല്‍കേണ്ടയാളാണു്. അദ്ദേഹത്തെ മറ്റുള്ളവരും, അദ്ദേഹം തന്നെയും ഭാവി മുഖ്യമന്ത്രിയായി കാണുന്നതു് സ്വാഭാവികമാണു്. മാര്‍ക്സിസ്റ്റു് നിഘണ്ടുവില്‍ അതു് പാര്‍ലമെന്ററി വ്യാമോഹമാകുന്നതു് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റു് പാര്‍ട്ടികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്തതു കൊണ്ടാണു്.

    സായുധവിപ്ലവം അന്തിമലക്ഷ്യമായി നിലനിര്‍ത്തിക്കൊണ്ടാണു് കമ്മ്യൂണിസ്റ്റു് പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതു്. വിപ്ലവകക്ഷിയെന്ന നിലയില്‍ അവര്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സംശയദൃഷ്ടിയോടെയാണു് വീക്ഷിക്കുന്നതു്. ഒരു ചെറിയ കാലയളവില്‍ സായുധവിപ്ലവവും പാര്‍ലമെന്ററി പ്രവര്‍ത്തനവും തമ്മിലുള്ള വൈരുദ്ധ്യം അവഗണിച്ചുകൊണ്ടു് മുന്നോട്ടുപോകാന്‍ കഴിയും. എന്നാല്‍ വിപ്ലവം കൂടുതല്‍ കൂടുതല്‍ വിദൂരമായ സാദ്ധ്യതയായി മാറുകയും പാര്‍ലമെന്ററി പ്രവര്‍ത്തനം സമൂര്‍ത്ത യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിനെ നേരിടുകതന്നെ വേണം.

    ദീര്‍ഘകാലമായി തുടരുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ സ്വഭാവം മാറ്റുകയാണെന്ന വസ്തുത ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണു്. അറുപതുകൊല്ലംമുമ്പു് യുവാക്കള്‍ എത്തിയതു് വിപ്ലവം എന്ന ആശയത്തിന്റെ ആകര്‍ഷണത്തിലാണു്. ഏതെങ്കിലും അധികാരസ്ഥാനത്തില്‍ കണ്ണു നട്ടുകൊണ്ടുവന്ന ഒരാളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ഇന്നു് തെരഞ്ഞെടുപ്പു് രാഷ്ട്രീയത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റു് പാര്‍ട്ടികളിലേക്കു് ഒഴുകിയെത്തുന്നവരിലേറെയും കാണുന്നതു് വിദൂരതയില്‍ മങ്ങിനില്‍ക്കുന്ന വിപ്ലവാദര്‍ശമല്ല, അടുത്തു് തെളിയുന്ന അധികാരസ്ഥാനമാനങ്ങളാണു്.

    സി.പി.എമ്മിനെപ്പോലെ ചിലയിടങ്ങളിലെങ്കിലും തെരഞ്ഞെടുപ്പു് രാഷ്ട്രീയത്തില്‍ വന്‍വിജയം വരിച്ചിട്ടുള്ള ഒരു പാര്‍ട്ടി ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കേണ്ടതുണ്ടു്. വിപ്ലവസംഘടനാപ്രവര്‍ത്തനവും പാര്‍ലമെന്ററി പ്രവര്‍ത്തനവും വേര്‍പെടുത്തേണ്ടിയിരിക്കുന്നു. ലോകകമ്മ്യൂണിസ്റ്റു് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ രീതി പല പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളതായി കാണാം.

    ചില നേതാക്കളെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു് നിയോഗിക്കുകയും ആ ചുമതല അവര്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കനുസൃതമായി ചെയ്യുന്നെന്നു് ഉറപ്പുവരുത്തുകയുമാണു് സി.പി.എം ചെയ്യേണ്ടതു്. പാര്‍ട്ടിക്കുള്ളില്‍ സത്യസന്ധമായി പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗം ഉണ്ടാകുന്നതിനെ അപകടമായി കാണേണ്ട കാര്യമില്ല. എന്നാല്‍ സംഘടനാതലചുമതലകള്‍ വഹിക്കുന്നവര്‍ പാര്‍ലമെന്ററി രംഗത്തുനിന്നു് വിട്ടുനില്‍ക്കണം. അവര്‍ പാര്‍ട്ടിയിലെ അധികാരംകൊണ്ടു തൃപ്തിപ്പെടാതെ പാര്‍ട്ടിക്കു പുറത്തു് അധികാരസ്ഥാനങ്ങള്‍ തേടുന്നതില്‍ അപകടമുണ്ടു്.

    പാര്‍ലമെന്ററി പാതയെ ഒരു ദിക്കിലേക്കുമാത്രം നയിക്കുന്ന ഒന്നായി കാണേണ്ടതില്ല. അനുകൂല സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ വീണ്ടും വിപ്ലവപരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടിക്കുണ്ടു്. പക്ഷേ, സംഘടനാനേതൃത്വത്തിന്റെ കണ്ണുകള്‍ പാര്‍ലമെന്ററി സ്ഥാനങ്ങളിലാണെങ്കില്‍ പാര്‍ട്ടിക്കു് വിപ്ലവസ്വഭാവം നിലനിര്‍ത്താനാവില്ല. കേരളത്തിലെ പാര്‍ട്ടിയില്‍ അങ്ങിനെ സംഭവിക്കുന്നുവെന്നാണു് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നതു്. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫു് അനുകൂല ജനവിധിയുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യം വീണ്ടും ഉയര്‍ന്നുവരും. അപ്പോള്‍ നേതൃത്വം അംഗങ്ങളുടെയും അനുഭാവികളുടേയും ഇംഗിതം മാനിക്കാതെ തീരുമാനം കൈക്കൊണ്ടാല്‍ പൊതുവികാരം മുമ്പത്തേക്കാള്‍ ശക്തമായ രീതിയില്‍ പ്രകടമാകുമെന്നു് തീര്‍ച്ചയാണു്.

ബി.ആര്‍.പി ഭാസ്ക്കര്‍
കേരളശബ്ദം
23 ഏപ്രില്‍ 2006
പുസ്തകം 44
ലക്കം 36

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Liked it here?
Why not try sites on the blogroll...

%d bloggers like this: