മരണത്തിനു് വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊരഭയകേന്ദ്രം

Posted on ഏപ്രില്‍ 20, 2006. Filed under: വൈദ്യശാസ്ത്രം, സന്തോഷ് വരടമണ്ണില്‍ |

സന്തോഷ് വരടമണ്ണില്‍

    ഹോസ്പിറ്റലിലെ വൃത്തികെട്ട വാര്‍ഡില്‍ ലോകമനഃസാക്ഷിക്കുമുന്നില്‍ തങ്ങളെ നിഷ്ക്കരുണം ഇട്ടെറിഞ്ഞുപോയ അമ്മമാരേ ഓര്‍ത്തു് തേങ്ങിയ തങ്കക്കുടങ്ങളെ കണ്ടില്ലെന്നു് നടിച്ചവരായിരുന്നു ഏറെയും. എയ്ഡ‍്സിന്റെ മാരകമായ പ്രഹരശേഷിയെപ്പറ്റി വായിച്ചറിഞ്ഞ ചില അഭ്യുദയകാംക്ഷികള്‍ ആ പിഞ്ചുബാല്യങ്ങളെ എവിടെയങ്കിലും ഉപേക്ഷിച്ചുകളയാന്‍ ഡോ. മനോരമയെ ഉപദേശിച്ചു. പക്ഷേ, ചോരമണം മാറാത്ത നിഷ്ക്കളങ്കശൈശവങ്ങളെ ഉപേക്ഷിച്ചുകളയാന്‍ ആ സ്ത്രീഹൃദയം മടിച്ചു.

    'നൈനം ഛിന്ദതി ശസ്ത്രാണി
    നൈനം ദഹതി പാവകഃ
    ന ചൈനം ക്ലേദയന്ത്യാപോ
    ന ശോഷയതി മാരുതഃ'
    (ഗീത: രണ്ടാമദ്ധ്യായം)

    1994 ഡോ. പി. മനോരമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ ഒരു പുതുജന്മത്തിനു് ഹരിശ്രീ കുറിക്കലായിരുന്നു. ചെന്നൈയിലെ എഗ്മോറിലുള്ള സര്‍ക്കാര്‍വക 'വുമണ്‍ ആന്റു് ചില്‍ഡ്രന്‍സു് ഹോസ്പിറ്റ'ലില്‍ കുട്ടികളുടെ ഡോക്ടറായി സര്‍വ്വ പ്രതാപത്തോടെ വിരാജിച്ച മനോരമമാഡത്തിനു് മുന്നിലേക്കു് വലിയ ചോദ്യചിഹ്നംപോലെ രണ്ടു് അനാഥകുട്ടികള്‍ എത്തിച്ചേര്‍ന്നതു് ആ വര്‍ഷമായിരുന്നു. രവിയെന്നും കൃഷ്ണവേണിയെന്നും വിളിക്കപ്പെട്ടുപോന്ന ആ കുട്ടികള്‍ നഗരത്തിലെ കുപ്രസിദ്ധകളായ രണ്ടു് അഭിസാരികമാരുടെ മക്കളായിരുന്നു. കുത്തഴിഞ്ഞ ജീവിതത്തിനിടയിലെപ്പോഴോ ഒരോര്‍മ്മത്തെറ്റുപോലെ മുളപൊട്ടിയ ജീവന്റെ തുടിപ്പുകള്‍ക്കുമേലെ, മാതൃശരീരത്തെ കീഴടക്കിക്കഴിഞ്ഞ എച്ച്.ഐ.വി വൈറസുകള്‍ കടന്നാക്രമണം നടത്തി. ഹോസ്പിറ്റലിലെ വൃത്തികെട്ട വാര്‍ഡില്‍ ലോകമനഃസാക്ഷിക്കുമുന്നില്‍ തങ്ങളെ നിഷ്ക്കരുണം ഇട്ടെറിഞ്ഞുപോയ അമ്മമാരേ ഓര്‍ത്തു് തേങ്ങിയ തങ്കക്കുടങ്ങളെ കണ്ടില്ലെന്നു് നടിച്ചവരായിരുന്നു ഏറെയും. എയ്ഡ‍്സിന്റെ മാരകമായ പ്രഹരശേഷിയെപ്പറ്റി വായിച്ചറിഞ്ഞ ചില അഭ്യുദയകാംക്ഷികള്‍ ആ പിഞ്ചുബാല്യങ്ങളെ എവിടെയെങ്കിലും ഉപേക്ഷിച്ചുകളയാന്‍ ഡോ. മനോരമയെ ഉപദേശിച്ചു. പക്ഷേ, ചോരമണം മാറാത്ത നിഷ്ക്കളങ്കശൈശവങ്ങളെ ഉപേക്ഷിച്ചുകളയാന്‍ ആ സ്ത്രീഹൃദയം മടിച്ചു.

    കപിലവസ്തുവിലെ സിദ്ധാര്‍ത്ഥരാജകുമാരനെപ്പോലെ ആശയക്കുഴപ്പത്തിലായ ഡോക്ടര്‍ ദീര്‍ഘമായ ധ്യാനത്തിലാണ്ടു. ബോധോദയമുണ്ടായപ്പോള്‍ അവരാദ്യം ചെയ്തതു് തന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്കു് തടസ്സംനിന്നുകൊണ്ടിരുന്ന സര്‍ക്കാര്‍ജോലി രാജിവയ്ക്കുകയായിരുന്നു. സഹനത്തിന്റെ കുരിശു് ചുമക്കാന്‍ തയ്യാറായ ആ പീഡിയാട്രീഷ്യന്‍ താന്‍ തന്നെ ഫൌണ്ടര്‍പ്രസിഡന്റായി എയ്ഡ‍്സു് ബാധിക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി കമ്മ്യൂണിറ്റി ഹെല്‍ത്തു് എജ്യൂക്കേഷന്‍ സൊസൈറ്റി (CHES) എന്ന സംഘടന രജിസ്റ്റര്‍ ചെയ്തു. എച്ചു്.ഐ.വി ബാധിതരായ രവിയേയും കൃഷ്ണവേണിയേയും സംരക്ഷിക്കാനായി, നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രാശി എന്ന സ്വന്തം ഹോസ്പിറ്റല്‍ താല്‍ക്കാലിക ഓര്‍ഫനേജാക്കി മാറ്റപ്പെട്ടു. ഇതില്‍ കൃഷ്ണവേണി നിര്‍ഭാഗ്യവശാല്‍ രണ്ടുകൊല്ലംമുമ്പു് വളര്‍ത്തമ്മ ഡോ. മനോരമയോടു് യാത്രപറഞ്ഞു് വിധിക്കു് കീഴടങ്ങിയെങ്കിലും, തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതാണെന്നറിയാതെ കളിയും ചിരിയുമായി രവി ഇപ്പോഴും കൂടെയുണ്ടു്.
    മനോരമ
    രണ്ടു് എയ്ഡ‍്സ് കുട്ടികള്‍ക്കു് അഭയം കൊടുത്തതിന്റെ പേരില്‍ അമ്പതോളം കിടക്കകളുണ്ടായിരുന്ന ഡോ. മനോരമയുടെ രാശിഹോസ്പിറ്റല്‍ ജനങ്ങള്‍ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചു. അതോടെ ആശുപത്രിയുടെ സേവനം പൂര്‍ണ്ണമായും എയ്ഡ‍്സു് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. 'ചെസി'നെപ്പറ്റി കേട്ടറിഞ്ഞു് ദേശീയതലങ്ങളില്‍ കുട്ടികളെത്താന്‍ തുടങ്ങി. ഇതിനകംതന്നെ ഇത്തരം കുട്ടികളുടെ പുനരധിവാസം ജീവിതവ്രതമാക്കിയ ആ മഹിളാരത്നം ആരേയും നിരാശരാക്കിയില്ല. മരണത്തിനു് പിടികൊടുക്കുന്നതിനുമുമ്പു് വീണുകിട്ടിയ ചെറിയ ഒരു ഇടവേളയാണു് അവര്‍ക്കു് 'ചെസി'ല്‍ ചെലവഴിക്കുന്ന ഏതാനും വര്‍ഷങ്ങളെന്നു് രോഗഗ്രസ്തരായ ആ കുട്ടികള്‍ക്കല്ലാതെ വേറെ ആര്‍ക്കാണു് അറിയാന്‍ പാടില്ലാത്തതു്.

    ഈ മാറാരോഗത്തിന്റെ പിടിയില്‍ ബന്ധിതരായ മാതാപിതാക്കളുടെ എച്ച്.ഐ.വി ഇല്ലാത്ത കുട്ടികളെ ദത്തെടുക്കുന്ന സ്ഥാപനങ്ങള്‍ പലതുണ്ടായിരുന്നങ്കിലും, എയ്ഡ‍്സ് ബാധിച്ച കുട്ടികള്‍ക്കുവേണ്ടിമാത്രം ഒരു വീടു് എന്ന സങ്കല്‍പ്പം പോലും ആദ്യമായിട്ടായിരുന്നു. വളര്‍ത്തുമക്കളുടെ അംഗസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുവന്നപ്പോള്‍ ഡോക്ടര്‍ക്കു് ഇത്തിരി വലിയ ഒരു കെട്ടിടത്തിന്റെ ആവശ്യം വന്നു. പലയിടങ്ങളിലും താല്‍ക്കാലികമായി തങ്ങിയശേഷം വല്‍സരവാക്കത്തുള്ള ഒരു വാടകക്കെട്ടിടത്തിലേക്കു് മാറാന്‍ സാധിച്ചതു് ഒരു ഭാഗ്യമായിട്ടാണു് എല്ലാവരും കരുതുന്നതു്.

    ലോക്കല്‍രാഷ്ട്രീയക്കാരുടെ ശല്യംകൊണ്ടു് മുമ്പൊക്കെ കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ ക്യാമ്പു് പലതവണ മാറ്റേണ്ടിവന്നിട്ടുണ്ടു്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനസമൂഹം പലപ്പോഴും ഓര്‍ഫനേജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു് വിഘാതമായി. എയ്ഡ‍്സിനെക്കുറിച്ചുള്ള അജ്ഞതയാണിതിനു് കാരണമെന്നു് ചെസിന്റെ ഭാരവാഹികള്‍ സമാധാനിക്കുന്നു. ഈ സംഘടനയുടെ കീഴില്‍ ഇതുവരെ എച്ചു്.ഐ.വി ബാധിതരായ മൊത്തം 272 കുട്ടികളെ സംരക്ഷിച്ചുകഴിഞ്ഞു. അതില്‍ നൂറോളം കുട്ടികളെ മരണത്തില്‍ നിന്നു് പിടിച്ചുനിര്‍ത്താന്‍ ആധുനിക മെഡിക്കല്‍ സയന്‍സിനുപോലും കഴിഞ്ഞില്ല.

    രോഗബാധിതരായ ഒട്ടനവധി കുട്ടികളെ അവരുടെ ബന്ധുക്കള്‍ക്കു് ആവശ്യമായ കൌണ്‍സിലിംഗു് നടത്തിയശേഷം തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞതു് വലിയ നേട്ടമായി. തൊട്ടാലും കെട്ടിപ്പിടിച്ചാലുമൊന്നും പകരുന്നതല്ല ഈ ആളെക്കൊല്ലിരോഗമെന്നു് അവര്‍ മനസ്സിലാക്കിയതു് തികഞ്ഞ അത്ഭുതത്തോടുകൂടിയായിരുന്നു. സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള ചൈല്‍ഡു് വെല്‍ഫയര്‍ കമ്മിറ്റിയാണു് രോഗബാധിതരായ കുട്ടികളെ ചെസിനു് കൈമാറുന്നതു്. ഒരു കുഞ്ഞു് ജനിച്ച ഉടനെ എച്ച്.ഐ.വി പോസിറ്റീവാണെന്നു് റിസള്‍ട്ടുവന്നാലും, ഏതാണ്ടു് പതിനെട്ടുമാസത്തിനുശേഷമേ, യഥാര്‍ത്ഥഫലം അറിയാന്‍ കഴിഞ്ഞെന്നു് വരികയുള്ളൂ. ഇങ്ങനെ വീണ്ടും നടത്തപ്പെടുന്ന ടെസ്റ്റുകളില്‍ രോഗബാധയില്ല എന്നു് തെളിഞ്ഞ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടു്. അപ്പോള്‍ ഇത്തരം കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തിരിച്ചെടുക്കുകയാണു് പതിവു്. ജനിച്ചു് ഒരുദിവസമായ കുഞ്ഞുങ്ങള്‍ മുതല്‍ പതിനഞ്ചുവയസ്സുകാരുവരെയും ഇവിടുണ്ടു്. ചെസില്‍ തന്നെ മൂന്നാംക്ലാസ്സുവരെയുള്ള പഠനം നടക്കുന്നുണ്ടു്. അതിനുശേഷം ചുരുക്കംചില സമര്‍ത്ഥര്‍ പ്രാന്തപ്രദേശങ്ങളില്‍തന്നെയുള്ള എന്‍.ജി.ഒകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ക്കൂളുകളില്‍ തുടര്‍പഠനം നടത്തുന്നു. ഡോക്ടറുടെ വിപ്ലവകരങ്ങളായ ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു് കൂട്ടായി മുത്തുപാണ്ഡ്യന്‍ എന്ന യുവാവും, ഭാര്യയും എപ്പോഴും കൂടെയുണ്ടു്. ആറോളം വര്‍ഷങ്ങള്‍ക്കുമുമ്പു് മനോരമമാഡത്തിന്റെ നന്മയില്‍ ആകൃഷ്ടനായി അവരെ വെറുതെയൊന്നു് കാണാന്‍ ചെന്ന മുത്തുപാണ്ഡ്യന്‍, പിന്നീടെപ്പോഴോ അവര്‍ക്കു് നിഴല്‍പോലെയായി എന്നതാണു് സത്യം. അവരുടെ അഞ്ചുവയസ്സായ ഹരിണിയെന്ന പെണ്‍കുട്ടിക്കു് ചേച്ചിയായി ഒമ്പതുവയസ്സുള്ള മേരിയെന്ന എച്ച്.ഐ.വി ബാധിതയായി കുട്ടിയെക്കൂടി ദത്തെടുത്തു് ആ കുടുംബം സമൂഹത്തിനുമൊത്തം മാതൃകയാവുന്നു. ഇണപിരിയാത്ത സഹോദരിമാരെപ്പോലവര്‍ മുത്തംകൊടുക്കുമ്പോഴും, കെട്ടിമറിയുമ്പോഴും കാണികള്‍ അമ്പരന്നെന്നുവരാം. പക്ഷേ, മുത്തുപാണ്ഡ്യനും സഹധര്‍മ്മിണിക്കും അത്തരം വേവലാതികളൊന്നുമില്ല. കാരണം തൊട്ടാലും, പിടിച്ചാലുമൊന്നും എയ്ഡ‍്സ് പകരില്ലെന്നു് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞതാണല്ലോ.

    ഭവാനിയെന്ന വേറൊരു കുട്ടിയെക്കൂടി ഇതിനു് ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുണ്ടു്. ഒരു സെക്സു്വര്‍ക്കറുടെ മകളായ ഭവാനി ഏതാണ്ടു് ഒമ്പതോളം വര്‍ഷങ്ങളായി എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്കിടയില്‍ കഴിഞ്ഞുവരുന്നതു്. എന്നാല്‍ ഭവാനിയിതുവരെയും എയ്ഡ‍്സിനു് പിടികൊടുത്തിട്ടില്ല. ഈ രോഗത്തെ വെറുതെ ഭയക്കാതെ അതിനെ അറിയാന്‍ ശ്രമിക്കുകയാണു് വേണ്ടതെന്നു് ഡോ. മനോരമ ഉപദേശിക്കുന്നു.

    ആരംഭിച്ചിട്ടു് ഏതാണ്ടു് പന്ത്രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ചെസിനെ ബാലാരിഷ്ടതകള്‍ വിട്ടുമാറിയിട്ടില്ല. മറ്റെല്ലായിടങ്ങളിലുമെന്നപോലെ സാമ്പത്തികസ്രോതസ്സിന്റെ അഭാവമാണു് മുഖ്യപ്രശ്നം. ഏതാണ്ടു് എണ്‍പത്തിയൊന്നോളം സാലറി പെയിഡ് സ്റ്റാഫുകള്‍ ചെസിനുണ്ടു്. തികച്ചും സൌജന്യമായി സേവനമനുഷ്ഠിക്കുന്ന ഇരുന്നൂറോളം പ്രവര്‍ത്തകര്‍ വേറെയുമുണ്ടു്. എണ്‍പത്തിയൊന്നോളം വരുന്ന ശമ്പളംവാങ്ങുന്ന ജീവനക്കാരില്‍ ബേബിസിറ്റര്‍, പ്രോഗ്രാം മാനേജര്‍, കുക്ക്, നേഴ്സ്, ഹോംമാനേജര്‍ എന്നീ തസ്തികകള്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കു് സ്വതന്ത്രമായി വിഹരിക്കാന്‍ നാലായിരം സ്ക്വയര്‍ഫീറ്റെങ്കിലും ഉള്ള ഒരു കെട്ടിടം ഇന്നും ചെസിനു് സ്വപ്നമായി തുടരുന്നു. അതുപോലെ ടീച്ചര്‍മാരുടേയും ബേബി സിറ്റര്‍മാരുടേയും കൌണ്‍സിലര്‍മാരുടേയും എണ്ണക്കുറവു് ഈ സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേപ്പോലും പ്രതികൂലമായി ബാധിക്കാവുന്ന ഒരു നിലയിലാണിപ്പോള്‍. എയ്ഡ‍്സ് ബോധവല്‍ക്കരണത്തിനായി വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലും ചെസ് പങ്കെടുക്കുന്നുണ്ടു്. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ള നാമക്കലില്‍ ചെസ് നടത്തുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വന്‍ വിജയമാണെന്നു് വിലയിരുത്തപ്പെടുന്നു. സുരക്ഷിതമായ ലൈംഗികതയുടെ ആവശ്യം, പുരുഷന്മാരുടെയിടയില്‍ കാണുന്ന സ്വവര്‍ഗ്ഗഭോഗത്തിനെതിരെയുള്ള മുന്നറിയിപ്പുകള്‍ തുടങ്ങിയവ ഡോ. മനോരമയുടെ നേതൃത്വത്തില്‍ ചെസ് നടത്തിവരുന്നു. എയ്ഡ‍്സ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ എന്ന സ്വകാര്യഫണ്ടിങ്ങ് ഏജന്‍സിയുമായി ചേര്‍ന്നു് ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുക, ക്ലാസുകള്‍ എടുക്കുക എന്നിങ്ങനെ സാമൂഹ്യോപകാരപ്രദങ്ങളായ സേവനങ്ങളും ചെസ് നടത്തിവരുന്നു.

    ഈ സംഘടനയുടെ സത്യസന്ധമായ, പ്രവര്‍ത്തനങ്ങള്‍ക്കു് അംഗീകാരമെന്നവണ്ണം ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ എന്ന അമേരിക്കന്‍ സംഘടന കഴിഞ്ഞ കുറേക്കാലങ്ങളായി ഗ്രാന്റ് നല്‍കി വരുന്നു. ചെസിന്റെ ജീവനക്കാരില്‍ എട്ടുപേരോളം എച്ച്.ഐ.വി ബാധിച്ചവരാണെന്നു് മാനേജു്മെന്റ് തുറന്നു സമ്മതിക്കുന്നു. എയ്ഡ‍്സ് ബാധിക്കപ്പെട്ട കുട്ടികളെ, അവരുടെ ബന്ധുക്കള്‍ക്കു് രോഗത്തോടുള്ള തെറ്റിദ്ധാരണയും, ഭയവുമകറ്റി തിരികെ ഏല്‍പ്പിക്കുക എന്നുള്ളതാണു് ഈ സംഘടനയുടെ പ്രഥമലക്ഷ്യം. ഏതെങ്കിലും സാഹചര്യങ്ങളില്‍ അവരതിനു തയ്യാറായില്ലെങ്കില്‍ മാത്രമേ കുട്ടിയെ ചെസില്‍ അഡ്മിറ്റ് ചെയ്യുകയുള്ളു. എല്ലാ മതവിശ്വാസികള്‍ക്കും ഓര്‍ഫനേജില്‍ സര്‍വ്വസ്വാതന്ത്ര്യമുണ്ടു് എന്നതാണു് മറ്റൊരു സവിശേഷത.

    പ്ലാന്‍ ഇന്റര്‍നാഷണലിന്റേയും, സ്ക്കാര്‍ഫിന്റേയും സംയുക്ത സഹകരണത്തോടെ, സുനാമിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവന്ന സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുള്ള നാല്‍പ്പതോളം ഗ്രാമങ്ങളിലെ, കടലാക്രമണത്തിനുശേഷമുള്ള കുട്ടികളുടെ മനോനിലയിലെ വ്യതിയാനങ്ങളെപ്പറ്റിയുള്ള പഠനവും ചെസ് നടത്തുന്നുണ്ടു്. യു.എന്‍. കണ്‍വന്‍ഷന്‍ നിര്‍ദ്ദേശപ്രകാരം ജുവനൈല്‍ഹോമിലുള്ള മൈനര്‍ തടവുകാരിലും ചെന്നൈ നഗരത്തിലുള്ള സെക്സ് വര്‍ക്കര്‍മാരിലും എയ്ഡ‍്സിനെപ്പറ്റിയുള്ള അവബോധം വളര്‍ത്താന്‍ നടപടികളാരംഭിച്ചിട്ടുണ്ടു്.

    ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമുള്ള ഏതാണ്ടു് അമ്പതോളം കോളനികളില്‍ എയ്ഡ‍്സ് ബോധവല്‍ക്കരണം നടത്തുന്ന സന്നദ്ധസേവകര്‍ പലപ്പോഴും എച്ച്.ഐ.വി ബാധിതരായ കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്താറുണ്ടു്.

    സ്വയംസേവാസംഘടനകള്‍ക്കും, മറ്റു സ്വകാര്യ ഏജന്‍സികള്‍ക്കും തനിച്ചുചെയ്യാന്‍ കഴിയുന്ന എയ്ഡ‍്സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു് പരിധിയുണ്ടെന്നു പറയുന്ന ഡോ. മനോരമ സര്‍ക്കാരിന്റെ പങ്കാളിത്തമുണ്ടാവണമെന്നു് ആവശ്യപ്പെടുന്നു. ഇന്നു് നിലവിലുള്ള വൈദ്യശാസ്ത്രമേഖലകളിലൊന്നും തന്നെ ഈ മാരക രോഗത്തിനു് ഫലപ്രദമായ മരുന്നു് കണ്ടുപിടിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ അഭ്യസ്ഥവിദ്യരുള്ള കേരളത്തില്‍​ത്തന്നെയാണു് എയ്ഡ‍്സ് വ്യാജമരുന്നുവിറ്റു് കോടികള്‍ കൊയ്യുന്നതു്. ഡോ. മനോരമ ചൂണ്ടിക്കാട്ടി.

    ചെസിനു സ്വന്തമായി ഒരു ആംബുലന്‍സ് ഇല്ലാത്തതുമൂലം കുട്ടികളുടെ മൃതദേഹങ്ങള്‍ പലപ്പോഴും ടൂവീലറുകളില്‍ എടുത്തുകൊണ്ടുപോയി സംസ്ക്കരിക്കേണ്ടിവരാറുണ്ടു്. കഴിഞ്ഞ ഡിസംബര്‍ 6-ന് സന്ധ്യയ്ക്കു് വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു കുട്ടിയുടെ മൃതദേഹവുമായിപ്പോയ ചെസിലെ മുത്തുപാണ്ഡ്യനേയും, സുഹൃത്തിനേയും സ്ഫോടകവസ്തുക്കള്‍ കടത്തിക്കൊണ്ടുപോകുന്ന ഭീകരര്‍ എന്ന സംശയത്തില്‍ സിറ്റിപോലീസ് തടഞ്ഞുവയ്ക്കുകയും, സത്യം മനസ്സിലാക്കിയപ്പോള്‍ അകമ്പടിയോടെ ബസന്തു്നഗര്‍ ശ്മശാനത്തിലേക്കു് നയിക്കുകയും ചെയ്തു.

    വൈറസിന്റെ കടന്നാക്രമണം മൂലം രോഗപ്രതിരോധശേഷി നശിച്ചു് പലവിധ രോഗങ്ങള്‍ക്കടിമയാകുന്ന ഇത്തിരിപ്പോന്ന കുട്ടികളെ ചികിത്സിക്കാന്‍ ആവശ്യത്തിനുള്ള മരുന്നുപോലുമില്ലാതെ പലപ്പോഴും ഡോ. മനോരമയ്ക്കു് നെട്ടോട്ടമോടേണ്ടിവന്നിരുന്നു. കുട്ടികളുടെ ഏറ്റവും ചെറിയ ആവശ്യങ്ങള്‍ക്കുപോലും ചെവികൊടുക്കുന്ന ചെസ് പ്രവര്‍ത്തകര്‍, പ്രഭാകരന്‍ എന്ന എട്ടുവയസ്സുകാരന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാന്‍ തങ്ങള്‍ക്കായില്ലല്ലോയെന്നു് ദുഃഖിക്കുന്നു. മരിക്കുന്നതിനുമുമ്പു് സൂപ്പര്‍സ്റ്റാര്‍ വിജയ് എന്ന തന്റെ ഇഷ്ടതാരത്തെ കാട്ടിത്തരാന്‍ കഴിയാത്തതിനു് അവന്‍ ഡോക്ടര്‍ ആന്റിയോടു് ഒത്തിരി പരിഭവിച്ചിരുന്നു.

    പത്താംക്ലാസില്‍ റാങ്കിനോടടുത്ത മാര്‍ക്കു് വാങ്ങിയ രമേഷു്ബാബു ഓര്‍ഫനേജില്‍ വരുമ്പോള്‍തന്നെ ആസന്നമരണനിലയിലായിരുന്നു. എയ്‍ഡ്സ് പിടിപെട്ടു് അകാലചരമമടഞ്ഞ മാതാപിതാക്കളുടെ മൂത്തസന്തനമായിരുന്നു സമര്‍ത്ഥനായ ഈ വിദ്യര്‍ത്ഥി. തന്റെ കുഞ്ഞുപെങ്ങളെയും മറ്റുബന്ധുക്കളെയും കാണണമെന്നു് ആഗ്രഹിച്ചു് കാത്തിരുന്ന അവന്‍ സാവധാനം മരണത്തിനു് പിടികൊടുക്കുകയായിരുന്നു. മൃതദേഹം കാണാന്‍ പോലും ആരും വരാത്തതിനാല്‍ മുത്തുപാണ്ഡ്യനാണു് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതു്. ചെസിലെ ആദ്യത്തെ മരണം ആദ്യം സൂചിപ്പിച്ച കൃഷ്ണവേണിയുടേതായിരുന്നു. മരിക്കുമ്പോഴവള്‍ക്കു് പതിനഞ്ചുവയസ്സായിരുന്നു പ്രായം. പുള്ളിമാനിനെപ്പോലെ തുള്ളിച്ചാടി നടന്ന കുട്ടി നടുവേദനയെന്നു പറഞ്ഞുകിടന്നപ്പോള്‍ സ്ക്കൂളില്‍ പോകാനുള്ള മടികൊണ്ടായിരിക്കുമെന്നാണു് എല്ലാവരും കരുതിയതു്. ആ കിടപ്പില്‍ നിന്നവള്‍ പിന്നീടു് എഴുന്നേറ്റില്ല. ചെസ് ഭാരവാഹികളെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങള്‍ കൊണ്ടാണു് ആ വേര്‍പാടിന്റെ മുറിവു് ഉണങ്ങിത്തീര്‍ന്നതു്. അവസാനദിവസങ്ങളില്‍ ഹതഭാഗ്യയായ ഈ പെണ്‍കുട്ടി എല്ലാം മറക്കുന്ന ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ പിടിയിലായിരുന്നു. ഫ്രീസര്‍ സൌകര്യമില്ലാത്തതിനാല്‍ കുരുന്നുകളുടെ സംസ്കാരം ശ്മശാനം സൂക്ഷിപ്പുകാരന്‍പോലും വരാന്‍ മടിക്കുന്ന രാവിന്റെ മധ്യയാമങ്ങളില്‍ മുത്തുപാണ്ഡ്യനും സുഹൃത്തുക്കളും സ്വയം കുഴിതോണ്ടി നടത്തിയിട്ടുണ്ടു്. മരണം കവര്‍ന്നെടുക്കുന്ന കുട്ടികള്‍ പിന്നെ ഒരിക്കലും മടങ്ങിവരാതാകുമ്പോള്‍ അവരെക്കുറിച്ചന്വേഷിക്കുന്ന ബാക്കിയുള്ളവരെ സമാധാനിപ്പിക്കുവാന്‍ ദൂരെ ഗ്രാമത്തില്‍പോയി എന്നൊക്കെയായിരിക്കും ഡോക്ടറും മറ്റും പറയുന്നതു്. അപ്പോള്‍ ആ കുരുന്നുകള്‍ തങ്ങളേയും ആ ഗ്രാമത്തിലേയ്ക്കു് വിടാന്‍ മാഡത്തിനോടു് അപേക്ഷിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ക്കുപോലും നിയന്ത്രണം വിടും. അനേകം മരണങ്ങള്‍ നേരില്‍ കണ്ട ആ കണ്ണുകള്‍ നിറഞ്ഞുകലങ്ങും.

    മനോരമ മാഡത്തിന്റെ ഏകമകന്‍ പതിനെട്ടുവയസ്സുകാരന്‍ കാര്‍ത്തിക്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണു്. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ അവനും അമ്മയോടൊപ്പം ഓര്‍ഫനേജിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു.

    ആര്‍ക്കും വേണ്ടാത്ത കുറെ കുരുന്നുകളുടെ ഈ വളര്‍ത്തമ്മയ്ക്കു് ചില നല്ല മനസ്സുകളുടെ അനുഗ്രഹം എപ്പോഴും കൂട്ടിനുണ്ടു്. ചെന്നൈയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണാ സ്വീറ്റ്സ് ഒരു പ്രസിദ്ധിയുമാഗ്രഹിക്കാതെ നാലുവര്‍ഷങ്ങളായി ദിവസവും ഇരുപത്തിയഞ്ചുലിറ്റര്‍ പാല്‍ ഓര്‍ഫനേജിലെത്തിക്കുന്നു. അതുപോലെ സിനിമാതാരം ലക്ഷ്മി വിശേഷാവസരങ്ങളില്‍ ചെസിലെ കുട്ടികളെയെല്ലാം തന്റെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മതിയാവോളം സല്‍ക്കരിച്ചേ വിടാറുള്ളു. കുട്ടികളെ ഓമനിക്കാന്‍ ഒരു മടിയും ആ കലാകാരി കാണിക്കാറില്ലെന്നു് മനോരമ മാഡം ഓര്‍മ്മിക്കുന്നു.

    എയ്‍ഡ്സ് വരുന്നതു് മുജ്ജന്മ പാപം കൊണ്ടല്ലെന്നും അവരെ ഒരു സാധാരണ മനുഷ്യജീവിയെപ്പോലെ കാണാന്‍ ശ്രമിക്കണമെന്നും ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തുന്നു.
    (ചെസിന്റെ ഇമെയില്‍ വിലാസം:
    ches_cheschennai @ yahoo.co.in
    website: www.chesIndia.org)

സന്തോഷ് വരടമണ്ണില്‍
കേരളശബ്ദം
23 ഏപ്രില്‍ 2006
പുസ്തകം 44
ലക്കം 36

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

ഒരു പ്രതികരണം to “മരണത്തിനു് വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊരഭയകേന്ദ്രം”

RSS Feed for ചക്കാത്തു വായന Comments RSS Feed

നന്നായി പോസ്റ്റ്!
ഓഫ് ടോപ്പിക്ക് : ഈ ടെമ്പ്ലേറ്റ് തീക്കുറുക്കനില്‍ ഒരു മാ‍തിരി കാണുന്നു – എനിക്ക് മാത്രമേ ഇതിങ്ങനെ കാണുന്നുള്ളോന്ന് അറിയില്ല.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: