മലയാളിയുടെ ഈ കഴിവ് എത്രനാള്‍?

Posted on മേയ് 4, 2006. Filed under: എം. ശങ്കര്‍, സാമ്പത്തികം |

എം. ശങ്കര്‍

    ഇന്ത്യയ്ക്ക് 2004-ല്‍ വിദേശ വേതനവരവെന്ന നിലയില്‍ ആകെ ലഭിച്ചത് 96,000-കോടിരൂപയായിരുന്നു. ഇതില്‍ 20-ശതമാനവും പ്രവാസികളായ മലയാളികള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2004-ല്‍ ആകെ 18,000-കോടിരൂപയാണ് വിദേശങ്ങളില്‍ പണിയെടുക്കുന്ന മലയാളികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്.

    അഖിലേന്ത്യാനിലവാരത്തില്‍ ലഭിക്കുന്ന വിദേശവേതനവരവിന്റെ 20-ശതമാനവും മലയാളികളാണ് കൊണ്ടുവന്നതെന്നത് ചെറിയ നേട്ടമല്ല. ഭൂമിശാസ്ത്രപരമായി നന്നെ ചെറുതായ ഈ സംസ്ഥാനത്തിലെ ജനങ്ങള്‍ ഇത്രവലിയ ഒരു സമ്പത്ത് വിദേശങ്ങളില്‍പ്പോയി പണിയെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നു എന്നത് അഭിമാനകരമായ കാര്യംതന്നെയാണ്. എന്നാല്‍ മലയാളികള്‍ക്ക് ഒരു പക്ഷേ, അതിനേക്കാള്‍ അഭിമാനകരമായ കാര്യം കേരളത്തിന്റ സമ്പദ്ഘടനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വിദേശപ്പണവരവിന്റെ വ്യാപ്തി എത്രമാത്രം വലുതാണ് എന്നതത്രേ.

    കേരളത്തിന്റെ മൊത്തം ദേശീയ വരുമാനത്തില്‍ 22-ശതമാനമാണ് വിദേശത്തുനിന്ന് കൂലിയായി മലയാളികള്‍ക്ക് ലഭിക്കുന്നത്. അതിനേക്കാളുപരി കേരളത്തിലെ മൊത്തം വാര്‍ഷികബജറ്റിന്റെ 1.8-മടങ്ങ് വലുതാണ് ഈ 18,000-കോടിരൂപ. ഒരു വശത്ത് ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ വളര്‍ച്ചയുടെ പാതയിലേയ്ക്ക് നീങ്ങുകയും, സാമ്പത്തിക വികസനത്തിന്റെ സാദ്ധ്യതകള്‍ രൂപപ്പെടുകയും ചെയ്യുമ്പോള്‍ പോലും കൂടുതല്‍ ഇന്ത്യക്കാര്‍ ഉയര്‍ന്നവരുമാനത്തിനും ജീവിത നിലവാരത്തിനുമായി വിദേശങ്ങളിലേക്ക് കടക്കുന്നുവെന്നത് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നില്‍ രസകരമായ ഒരു പ്രതിഭാസമായി രൂപപ്പെട്ടിരിക്കുകയാണ്.

    അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമാണ് ജോലി തേടിയുള്ള കുടിയേറ്റം ഏറെ ശക്തമായിരിക്കുന്നത്. മുന്‍പ് മലയാളികള്‍ മാത്രമാണ് വന്‍തോതില്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിയതെങ്കില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ളവര്‍ ഈ വഴിക്ക് തിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒരു ലക്ഷത്തിലേറെ തമിഴര്‍ വിദേശങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍. അവര്‍ ഏറെയും പൌരസ്ത്യരാഷ്ട്രങ്ങളായ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണെന്നതാണ് ശ്രദ്ധേയം.

    രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളിലേക്ക് അവസരങ്ങള്‍ തേടിപ്പോകുന്നവരുടെ ഒഴുക്കു വര്‍ദ്ധിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളെയും പൌരസ്ത്യദേശങ്ങളെയും ആശ്രയിക്കുമ്പോള്‍ വടക്കേ ഇന്ത്യക്കാര്‍ അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കുടിയേറുന്നത്.

    ഇതിനിടയില്‍ വിദേശങ്ങളിലേക്കുള്ള മലയാളികളുടെ ഒഴുക്കില്‍ കഴിഞ്ഞവര്‍ഷം കുറവുരേഖപ്പെടുത്തിയതായി ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞതാണോ ഇതിന് കാരണം? അതോ മലയാളികളില്‍ പ്രവാസി ശീലം കുറയുകയാണോ?

    വിദേശത്തുനിന്ന് തൊഴിലെടുത്ത് വന്‍തോതില്‍ പണം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോഴും, സ്വന്തം നാടായ കേരളത്തില്‍ അതു ഫലപ്രദമായി നിക്ഷേപിക്കാന്‍ കേരളീയര്‍ക്ക് കഴിയുന്നില്ല എന്നൊരു യാഥാര്‍ത്ഥ്യവും ഇതിനിടയിലുണ്ട്. വിദേശ മലയാളികളില്‍ നിന്ന് കേരളത്തിലേയ്ക്ക് ഒഴുകുന്ന പണത്തില്‍ നല്ല പങ്കും ഉപഭോഗവിപണിയിലാണ് ചെലവഴിക്കപ്പെടുന്നത്. ആധുനികജിവിതസാമഗ്രികള്‍, കെട്ടിടനിര്‍മ്മാണം, വാഹനങ്ങള്‍ ഇവയില്‍ വ്യാപകമായി ചെലവഴിക്കുമ്പോഴും ഉല്‍പ്പാദനപരമായ മേഖലയില്‍ നിക്ഷേപം അധികമുണ്ടാകുന്നില്ല. ഫലം: കേരളം ഉപഭോഗവസ്തക്കളുടെയും സേവനങ്ങളുടേയും ഒരു വിപണിയായിരിക്കെതന്നെ നേടിയെടുക്കുന്ന സമ്പത്തിനെ പുനരുല്‍പ്പാദിപ്പിക്കാനാവും വിധം അതിനെ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. കേരളത്തിന് ലഭിക്കുന്ന വിദേശപ്പണത്തില്‍ നല്ല പങ്കും ദേശസാല്‍കൃതബാങ്കുകള്‍ വഴി മറുനാടുകളിലാണ് നിക്ഷേപിക്കപ്പെടുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

    നമ്മുടെ ഭരണ നേതൃത്വവും വിദഗ്ദ്ധന്‍മാരും ഈ പ്രശ്നത്തെക്കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദേശരാജ്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും തൊഴിലെടുത്ത് സമ്പന്നരാകാന്‍ വേണ്ട ആത്മവിശ്വാസം മലയാളികള്‍ക്ക് നല്‍കിയത് ആഴത്തിലുള്ള സാമൂഹ്യരാഷ്ട്രീയബോധവും വിദ്യാഭ്യാസ – ആരോഗ്യമേഖലകളില്‍ നേടിയെടുത്ത വളര്‍ച്ചയും പുതിയ ആശയങ്ങളോടുള്ള താല്പര്യവും ആണെന്ന് കാണാം. പുരോഗമന പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും പങ്കിനെ ഇവിടെ വിലകുറച്ച് കണ്ടുകൂടാ.

    എന്നാല്‍, ഇന്ന് മലയാളിജീവിതത്തില്‍ ഒരു നവയാഥാസ്ഥിതികത്വം കടന്നുകയറിയിരിക്കുന്നു. വിശാലമനഃസ്ഥിതി ഉണ്ടായിരുന്ന മലയാളിബോധത്തില്‍ ആശങ്ക നിറഞ്ഞ സ്വാര്‍ത്ഥമനഃസ്ഥിതി കടന്നുകൂടിയിരിക്കുന്നു. യുക്തി ബോധത്തിനും സാഹസിക മനോഭാവത്തിനും മേല്‍ അന്ധവിശ്വാസങ്ങളും അനുഷ്ഠാനഭീതികളും അധികാരസ്ഥാപനങ്ങളോടുള്ള വിധേയത്വവും നിറഞ്ഞുകഴിഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുക്കാനല്ല, സ്വന്തം പൊട്ടക്കിണറ്റില്‍ അള്ളിപ്പിടിച്ച് കിടക്കാനാണ് പുതുയഗത്തിലെ മലയാളികള്‍ ഇഷ്ടപ്പെടുന്നത് എന്ന് വരുമോ?

    മലയാളിയുടെ ആത്മബോധത്തെ എങ്ങനെ ഊര്‍ജ്ജസ്വലമാക്കാമെന്നും അതിനായി നമ്മുടെ സ്ഥാപനങ്ങളെ എങ്ങനെ വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കാമെന്നും ബുദ്ധിശീലര്‍ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ മലയാളിയുടെ ഈ വലിയ നേട്ടങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നത് നിസ്സഹായതോടെ കണ്ടുനില്‍ക്കുക മാത്രമാകും നമ്മുടെ വിധി.

സമകാലിക മലയാളം വാരിക
പുസ്തകം ഒമ്പത്
ലക്കം ഇരുപത്തിരണ്ട്
2005 ഒക്ടോബര്‍ 21
1181 തുലാം 5

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

ഒരു പ്രതികരണം to “മലയാളിയുടെ ഈ കഴിവ് എത്രനാള്‍?”

RSS Feed for ചക്കാത്തു വായന Comments RSS Feed

“വിദേശത്തുനിന്ന് തൊഴിലെടുത്ത് വന്‍തോതില്‍ പണം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോഴും, സ്വന്തം നാടായ കേരളത്തില്‍ അതു ഫലപ്രദമായി നിക്ഷേപിക്കാന്‍ കേരളീയര്‍ക്ക് കഴിയുന്നില്ല“

സത്യമാണ്‍.. പക്ഷെ, നമ്മുടെ മറുനാടന്‍ മലയാളികളില്‍ പലരും നിക്ഷേപിക്കാന്‍ ശ്രമിച്ചതിനെ കൊടിപിടിച്ച് കൊന്നു, ആ പാവം മലയാളിയെ ബൂര്‍ഷ്വാ മുതലാളികളാക്കി കുരിശില്‍ തറച്ചതും നമ്മള്‍ തന്നെയാണ്‍.. മലയാളിക്ക് പാര മറ്റൊരു മലയാളി എന്നാണല്ലോ? ഏതൊരുവനും പണം നിക്ഷേപിക്കുന്നതു പണമുണ്ടാക്കാനാണ്‍.. നൂറാള്‍ക്ക് ജോലി കൊടുത്ത് അവരുടെ പാരവെപ്പും ചീത്തവിളിയും കേട്ട് കുത്തുപാള എടുക്കുന്നതിലും ഭേദം ആ പൈസയില്‍ നിന്ന് കുറച്ച് വല്ല അനാഥാലയത്തിനും കൊടുത്താല്‍ പുണ്ണ്യമെങ്കിലും കിട്ടും എന്നാരോ പറയുന്ന കേട്ടിട്ടുണ്ട്.. തമിഴകം അരി തന്നില്ലെങ്കിലോ ലോറി വിട്ടില്ലെങ്കിലോ അന്നം മുട്ടുന്ന ഗതിയിലേക്കെത്തിച്ചതാരാണ്?

തല നന്നായാലേ ഉടലും നന്നാവൂ.. ഇതേക്കുറിച്ച് ആദ്യം ബോധവാനാവേണ്ടത് നമ്മുടെ നാടിനേ ‘സേവിക്കുന്ന’ നമ്മുടെ നേതാക്കന്മാരാണ്‍. പണ്ട് രാജാവിനെ പേടിച്ചാല്‍ മതിയായിരുന്നു, ഇപ്പോ രാജാക്കന്മാര് മാത്രമേ പേടിക്കണ്ടൂ എന്ന നിലയല്ലേ? ഒരു നാട്ടുരാജ്യം അവിടെ ഭരിക്കുന്ന രാജാവിന്റെ കഴിവനുസരിച്ച് അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഇന്നത്തെക്കാലത്ത് ജനന്മക്ക് എന്ന് പറയുന്നത് അവനവനെ മാത്രം ജനമായിട്ടു കൂട്ടിയിട്ടല്ലേ? കേ എസ് ആര്‍ ടീ സീ യില്‍ ഗണേഷ് കുമാര്‍ കുറേ നല്ല കാര്യങ്ങള്‍ ചെയ്തു എന്നാണ്‍ പറഞ്ഞു കേട്ടത്.. എന്നിട്ടെന്തേ അധികം ഇരുത്തിയില്ല?

ആദ്യം നമ്മുടെ ഭരണം നന്നാവട്ടേ.. ഇന്നുവരെ ഒരു ഭരണസമിതിയെ നമ്മള്‍ രണ്ടാമത് തിരഞ്ഞെടുത്തിട്ടുണ്ടോ? പുതു സഭ വരുമ്പോള്‍ ആദ്യം ചെയ്യുന്നത് മറ്റവര്‍ വിഭാവനം ചെയ്ത പുരോഗമനോന്മുഖമായ പദ്ധതികളുടെ നാരായ വേര്‍ മുറിക്കുകയോ അതില്‍ വിഷം കുത്തി വെക്കുകയോ ചെയ്യുകയല്ലേ? ഏതോ പരീക്ഷക്കു കണ്ട ഒച്ചിന്റെ അവസ്ഥയാണ് നമ്മുടേത്.. പകല്‍ ഒരു കോല്‍ കേറും, രാത്രി മുക്കാല്‍ കോല്‍ താഴോട്ടിറങ്ങും.

യഥാ രാജാ, തഥാ പ്രജ..


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: