മരണവീട്ടിലെ മര്യാദകള്‍

Posted on മേയ് 9, 2006. Filed under: എന്‍. മാധവന്‍കുട്ടി, സാമൂഹികം |

എന്‍. മാധവന്‍കുട്ടി

    സ്വകാര്യതയുടെമേലുള്ള കടന്നാക്രമണങ്ങളെ നിശ്ശബ്ദരായി നാം നോക്കിനില്‍ക്കുന്നതെന്തുകൊണ്ടാണു്?

    ഡല്‍ഹിയില്‍ ഈയിടെയുണ്ടായ സ്ഫോടനങ്ങളിലൊന്നില്‍ കൊല്ലപ്പെട്ട വിനോദിന്റെ മരണവിവരം ഭാര്യ ശാരിക ടെലിഫോണിലൂടെ കേട്ടറിയുന്ന ദൃശ്യം തുടരെ തുടരെ ടെലിവിഷന്‍ സ്ക്രീനില്‍ കാണാനിടയായതിന്റെ ആഘാതമാണു് ഈ വാക്കുകള്‍ക്കാധാരം. ആ ദൃശ്യം കാണെ കാണെ, നാല്പതുവര്‍ഷം മുന്‍പു് അച്ഛന്റെ മരണവിവരം അമ്മയെ തേടിയെത്തിയ നിമിഷം ഞാന്‍ ഓര്‍മ്മിച്ചു. ഇതുപോലൊരു രാത്രി. ഇതുപോലെ അകലങ്ങളില്‍ അച്ഛനു സംഭവിച്ച അപകടമരണം. അമ്മയെ വിവരമറിയിയ്ക്കുന്നതു് ഒരപരിചിതനായ സുഹൃത്തു്. അമ്മയ്ക്കു് കൂട്ടായി പതിനാലുകാരനായ ഞാനും എന്റെ രണ്ടനിയത്തിമാരും. ഞങ്ങളെ കാത്തിരുന്ന ബന്ധുക്കളുടെ സാന്ത്വനത്തിലേയ്ക്കു് വഴുതിവീഴും മുന്‍പു് അമ്മയ്ക്കു് ആ രാത്രി സമ്മാനിച്ച അല്പനേരത്തെ സ്വകാര്യതയുടെ വില എന്തെന്നു് ടെലിവിഷന്‍ ക്യാമറകളുടെ മുന്നില്‍, കൈയില്‍ ടെലിഫോണ്‍ റിസീവറുമായി കരയുന്ന നിരപരാധിയായ ശാരികയുടെ ചിത്രം എനിയ്ക്കു് പറഞ്ഞു തന്നു. ഒറ്റയ്ക്കു് ഇരുട്ടില്‍ ഉറക്കെ ഒന്നു് കരയാന്‍പോലും അമ്മയെ അനുവദിയ്ക്കാതിരുന്നതു് അമ്മയോടൊട്ടി നിന്ന ഞാനും എന്റെ അനിയത്തിമാരുമാണെന്നു് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇത്രയും പറഞ്ഞതു് സ്വകാര്യതയെക്കുറിച്ചുള്ള തികച്ചും സ്വകാര്യമായ സന്ദേഹങ്ങളാണു് താഴെ ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതു് എന്നു സൂചിപ്പിക്കാന്‍ മാത്രമാണു്. വ്യക്തിയുടെ സ്വകാര്യത അവളുടെ ജന്മാവകാശമല്ലേ? ആ സ്വകാര്യതയുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമല്ലേ? മറ്റുനിരവധി അവകാശങ്ങളോടൊപ്പം നിരന്തരം ലംഘിക്കപ്പെടുന്ന ഒരവകാശവും നിറവേറ്റപ്പെടാത്തൊരു ഉത്തരവാദിത്തവുമായി ഇവ മാറുകയല്ലേ? എന്തുകൊണ്ടു് കേരളംപോലെ അവകാശബോധത്തിനു് കേള്‍വികേട്ട ഒരു സമൂഹം മറ്റു് അവകാശനിഷേധങ്ങള്‍ക്കു കൊടുക്കുന്ന ശ്രദ്ധ സ്യകാര്യത സംരക്ഷിയ്ക്കുന്നതിനു കൊടുക്കുന്നില്ല? ഗള്‍ഫു് രാജ്യങ്ങളില്‍ സര്‍വ്വതൊഴിലവകാശങ്ങളും അടിയറവച്ചു് പണിയെടുക്കേണ്ടിവരുന്ന മലയാളികളുടെ അവകാശകാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കുന്നതുപോലെ, നമ്മുടെ തന്നെ എന്തെങ്കിലും അപചയമാകുമോ ഈ അശ്രദ്ധയ്ക്കു് കാരണം? മറ്റെല്ലാ മനുഷ്യാവകാശങ്ങളേയും പോലെ സ്വകാര്യതയ്ക്കുള്ള അവകാശത്തേയും അതാതു് സമൂഹങ്ങളുടെ ചരിത്രപരമായി ഉരുത്തിരിഞ്ഞ സാംസ്കാരിക സന്ദര്‍ഭത്തില്‍ നിന്നു് മാറ്റിനിര്‍ത്തി ചിന്തിക്കുക പ്രയാസമാണു്. സമൂഹത്തിന്റെ പൊതുതാല്പര്യത്തിനും സ്ഥിരമിടില്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും സ്വകാര്യതയ്ക്കു് ഒരേ അവകാശം ലഭിക്കുക സാദ്ധ്യമല്ല. സമൂഹത്തോടു് നേരിട്ടുത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ജോലിക്കാര്‍ക്കും ആരാധകാധിക്യം മൂലം സ്വയം ഒരു പൊതുസ്വത്തായി കാണുന്ന സിനിമാതാരങ്ങള്‍ക്കും, സാധാരണ പൌരന്മാര്‍ക്കും സ്വകാര്യതയ്ക്കുള്ള നിയമപരമായ പരിരക്ഷ വ്യത്യസ്തമാവാനേ കഴിയൂ. എന്നാലിതിന്നര്‍ത്ഥം സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൌലിക മനുഷ്യാവകാശമല്ലെന്നോ അതിന്ന് സാര്‍വ്വലൌകികമായ സാധുതയില്ലെന്നോ അല്ല. വ്യക്തിയുടെ ജീവല്‍ തനിമയില്‍ നിന്നും അവളുടെ അല്ലെങ്കില്‍ അവന്റെ വ്യതിരക്തതയില്‍ നിന്നും ഉത്ഭവിക്കുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശം. ഇവ രണ്ടും അംഗീകരിക്കാന്‍ വിസമ്മതിയ്ക്കുന്ന ഭരണസംവിധാനങ്ങള്‍ക്കുകീഴില്‍ മാത്രമേ ഈ അവകാശം അപ്രധാനമായിത്തീരുന്നുള്ളു. മറ്റെന്ത് അവകാശളുപേക്ഷിച്ചാലും സ്വകാര്യതയ്ക്കുള്ള അവകാശം സ്വയം ഉപേക്ഷിക്കുന്ന വ്യക്തികളേയോ കുടുംബങ്ങളെയോ സങ്കല്പിക്കാന്‍ വിഷമമാണു്. സ്വകാര്യത ഒരുക്കലും പ്രശ്നമാവാത്തത് സ്വകാര്യത ഒരിക്കലും അനുഭവിക്കാത്ത വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും മാത്രമായിരിക്കുമെന്നു തോന്നുന്നു. എന്തായാലും നമ്മള്‍ അത്തരമൊരു സമൂഹമല്ലല്ലോ. സ്വകാര്യത പേര്‍ത്തും പേര്‍ത്തും ആസ്വദിക്കുന്ന ഒരു സമൂഹമാണെന്നതില്‍ നമ്മള്‍ അഭിമാഇക്കുന്നു. പൊതുജീവിതത്തില്‍ സ്വകാര്യ സ്വത്തിനെതിരാവുമ്പോഴും നമ്മള്‍ സ്വകാര്യ പാര്‍പ്പിടത്തിനും, സ്വകാര്യ വാഹനത്തിനും ആഗ്രഹിക്കുന്നു. അതിനായി തത്രപ്പെടുന്നു. നമ്മള്‍ പണിയെടുത്തുണ്ടാക്കുന്ന പണത്തിലധികവും നമ്മള്‍ സ്വകാര്യ സൌകര്യങ്ങള്‍ക്കും വ്വകാര്യ സന്തോഷങ്ങള്‍ക്കും വേണ്ടി ചിലവഴിക്കുന്നു. നമ്മുടെ ഏറ്റവും ലോലവും നൈസര്‍ഗികവുമായ വികാരങ്ങള്‍ കെട്ടഴിയുന്നതു് വ്യക്തിയുടെയും കുടുംബത്തിന്റെയും അടുത്ത സൌഹൃദവലയങ്ങളുടെയും അകത്തളങ്ങളില്‍ തന്നെ.
    എന്നിട്ടും നമ്മള്‍ സ്വകാര്യതയുടെ മേലുള്ള ദൈനംദിന കടന്നാക്രമണങ്ങള്‍ക്കു് മുന്‍പില്‍ എന്തേ നിശ്ശബ്ദരാകുന്നു. നമ്മുടെ യഥാര്‍ത്ഥ വ്യാകുലതകളും നമ്മള്‍ സ്വകാര്യമായി കൊണ്ടു നടക്കുകയാണോ? അതോ സ്വന്തം സ്വകാര്യത മാത്രമാണോ നമ്മുടെ ഉത്കണ്ഠയും ഉദ്ദേശവും? അതോ നമ്മളറിയാതെ തന്നെ നമ്മളില്‍ ഒരു ഒളിച്ചു നോട്ടക്കാരന്‍ പതിയിരിക്കുന്നുണ്ടോ? അതോ നമ്മുടെ കിടപ്പറയുടെ വാതിലുകള്‍ കൂടി വാര്‍ത്തയില്‍ കടന്നുകൂടുന്നതിനു വേണ്ടി നമ്മള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണോ? ആര്‍ക്കറിയാം?
Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

3 പ്രതികരണങ്ങള്‍ to “മരണവീട്ടിലെ മര്യാദകള്‍”

RSS Feed for ചക്കാത്തു വായന Comments RSS Feed

മാധവന്‍ കുട്ടിയോട് പൂര്‍ണ്ണമാ‍യും യോജിക്കുന്നു. മാധ്യമങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങള്‍ സെന്‍സേഷണലിസം തേടിപ്പോകുമ്പോള്‍ സംഭവിക്കുന്ന ആപത്താണിത്. വ്യക്തിബന്ധങളിലെ സ്വകാര്യതയിലേക്ക് മാധ്യമങള്‍ അധിനിവേശം നടത്തുമ്പോള്‍ വ്യക്തിക്ക് നഷ്ടമാകുന്നത് സ്വന്തം ജീവിതം തന്നെയാണ്‍. മാധ്യമങളെ നിലക്കു നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിനോട് ബന്ധമില്ലെങ്കിലും ഒരു കാര്യം കൂടിപ്പറയട്ടെ – കേരളത്തിലെ മാധ്യമങള്‍ വിവാദങളുടെ ചെളിയില്‍ കിടന്നുരുളാതെ കേരളത്തിന്റെ വികസന കാര്യങളില്‍ ക്രിയാത്മകമായ ശ്രദ്ധ പതിപ്പിച്ചിരുന്നുവെങ്കില്‍ കേരളം പണ്ടേ നന്നായിപ്പോയേനേ…

– കേരളീയന്‍

സ്വകാര്യതയിലേക്കുള്ള മാദ്ധ്യമങ്ങളുടെ കടന്നു കയറ്റം നിയന്ത്രിക്കപ്പെടേണ്ടതു തന്നെ. പക്ഷേ ഇതിനൊക്കെ വളം വച്ചുകൊടുക്കുന്നതു്‌ ഇത്തരം പരിപാടികള്‍ക്കുള്ള പ്രേക്ഷകര്‍ തന്നേയല്ലേ. അഥവാ, സ്വകാര്യതയിലേക്കു്‌ നുഴഞ്ഞുകയറല്‍ മനുഷ്യന്റെ ദൌര്‍ബല്യമാണെന്നതുകൊണ്ടതിനെ മുതലെടുക്കുക എന്നതല്ലേ ഈ മാദ്ധ്യമങ്ങള്‍ ചെയ്യുന്നതു്‌. “ആരാന്റമ്മയ്ക്കു പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേലു്‌” അത്ര തന്നെ. അതു നാം വേലിക്കിടയിലൂടെയും ഓലമറതിക്കിയും കണ്ടാസ്വദിക്കുന്നു.

ചക്കാത്തില്‍ ഇതൊക്കെ വായിക്കാറുണ്ടു്‌ മാധവന്‍കുട്ടീ. നല്ലതാണു്‌ എന്ന ഒരഭിപ്രായവുമുണ്ടു്‌

നല്ല ലേഖനം.

ഇത്തരം വിഷയം പെരുമഴക്കാലം എന്ന ചിത്രത്തില്‍ അല്പം അതിശയോക്തി കലര്‍ത്തിയെങ്കിലും ചിത്രീകരിച്ചുകണ്ടു.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: