ദുരന്തങ്ങളുടെ ബാക്കിപത്രം

Posted on മേയ് 17, 2006. Filed under: എന്‍. മാധവന്‍കുട്ടി, സാമൂഹികം |

എന്‍. മാധവന്‍കുട്ടി

    വിവരസാങ്കേതികവിദ്യയുടെ വിസ്ഫോടനം നമ്മുടെ ഉരുണ്ട ഭൂമിയെ സമനിരപ്പാക്കിയിരിക്കുന്നു എന്ന തോമസ് ഫ്രെഡ്മാന്റെ വാക്കുകള്‍ ഈവിധം അറംപറ്റുമെന്ന് ആരാണ് കരുതിയത്? നമ്മള്‍ ആഘോഷിക്കുന്ന ആഗോളഗ്രാമം ഇങ്ങനെയാകും നമുക്കിടയില്‍ അവതരിക്കുകയെന്ന് ആരാണ് നിനച്ചത്? ദേശ-രാഷ്ട്രാതിര്‍ത്തികളും പട്ടാളനിയന്ത്രണരേഖകളും ഈവണ്ണമാണ് അപ്രത്യക്ഷമാകുകയെന്ന് ഏത് ഉത്തരാധുനിക ചിന്തകനാണ് സങ്കല്പിച്ചത്? മരിച്ചവരെ കുഴിച്ചിടാനും, ജീവിച്ചിരിക്കുന്നവരെ പരിചരിക്കാനും അപരിചിതരുടെ കാരുണ്യം കാത്തുകഴിയുന്ന നമ്മുടെ അയല്‍പക്കം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംക്ഷിപ്ത ചരിത്രം തന്നെയാകുമോ?

    ഇതോരുവശം. മറുവശം ദുരന്തങ്ങള്‍ ഉടന്‍ വിശകലനത്തിന് വഴങ്ങുകയില്ലെന്ന് നമ്മള്‍ ധരിച്ചിരുന്നുവെങ്കില്‍ തെറ്റി. ആഗോളവത്കരണ വിരുദ്ധ ആയത്തൊള്ളമാര്‍ അവരുടെ വിധിപ്രസ്താവങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ദൈവത്തിന്റെ വികൃതിയില്‍ അല്പം ആശ്വാസംകൊള്ളാനുള്ള പഴുതുപോലും അവര്‍ അടച്ചിരിക്കുന്നു. ദൈവശിക്ഷ ഏറ്റുവാങ്ങാനേ ഇനി നമുക്കു കഴിയൂ. സെപ്റ്റംബര്‍ പതിനൊന്ന് അമേരിക്കന്‍ സാമ്രാജ്യത്തത്തിനുള്ള മനുഷ്യശിക്ഷയായിരുന്നുവെങ്കില്‍ ന്യൂ ഓര്‍ലിയന്‍സിനെ വിഴുങ്ങിയ കത്രിന, കറുത്ത സംഗീതത്തിനും സ്വവര്‍ഗരതിക്കും ഏറ്റുവാങ്ങേണ്ടിവന്ന ദൈവശിക്ഷയാകുന്നു. പടിഞ്ഞാറന്‍ വിനോദയാത്രികര്‍ പറുദീസതീര്‍ത്ത ഇന്തോനേഷ്യന്‍ തീരദേശങ്ങള്‍ സുനാമി വിഴുങ്ങിയതും ദൈവവിധി. ഒടുവില്‍, പേരില്ലാത്ത ഭൂകമ്പഭീമന്‍ മുസഫറാബാദിനെ നിരപ്പാക്കിയപ്പോഴും ദൈവം ചെകുത്താനെതിരെ തന്റെ വിധി നടപ്പാക്കുക മാത്രമായിരുന്നു. ദൈവം ബുഷിനെ ഉപയോഗിച്ച് നരകങ്ങള്‍ നിര്‍മ്മിക്കുന്നു. പിന്നീട്, കാറ്റിനെയും കടലിനെയും ഭൂമിയെയുംകൊണ്ട് ആ നരകങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. പിടിതരാത്ത വിരോധാഭാസം.

     മരവിച്ച മനസ്സുകള്‍

    അകലങ്ങളിലെ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ഉള്‍ക്കിടിലത്തിന് മറ്റുമാനങ്ങള്‍ ഒന്നുമുണ്ടാകാന്‍ വഴിയില്ല. ഈ വട്ടവും രക്ഷപ്പെട്ടതിലെ അസ്വസ്ഥമായ ആശ്വാസമൊഴിച്ച്. അതിന്റെ തണല്‍പറ്റിയുള്ള വിചാരങ്ങള്‍, വീണ്ടുവിചാരം. എല്ലാ രക്ഷപ്പെടലുകളുംപോലെ നന്ദി പറയുന്നത് ഭാഗ്യത്തോടാകാം. സ്വന്തം മിടുക്കിലും സാമര്‍ത്ഥ്യത്തിലും ആകാന്‍ തരമില്ല. അത്രത്തോളം ഓരോ ദുരന്തവും വ്യക്തിയെ ശുചീകരിക്കുന്നു. നടുക്കത്തില്‍നിന്ന് ആശ്വാസത്തിലേക്ക്. പിന്നീടങ്ങോട്ട് നല്ല സമരിയക്കാരനെപ്പോലെ അയല്‍ക്കാരനിലേക്ക്. അപരനിലേക്ക്. അവന്റെ ദുരിതത്തില്‍. അധികം വൈകാതെ വിചിന്തനത്തിലേക്ക്. വിമര്‍ശനത്തിലേക്ക്. പരിസ്ഥിതി സംരക്ഷണത്തിലേക്ക്. സാമൂഹ്യശാസ്ത്രത്തിലേക്ക്. മതകാര്യങ്ങളിലേക്ക്. ആ വഴി തിരിച്ച് ചെറുതും വലുതുമായ പിണക്കങ്ങളിലേക്ക്. തര്‍ക്കങ്ങളിലേക്ക്. കലഹങ്ങളിലേക്ക്. യുദ്ധങ്ങളിലേക്ക്.

    ഇത് ദുരന്തങ്ങളുടെ ദൃക്‍സാക്ഷി വിവരണവും, തത്സമയ ദൃശ്യങ്ങളും സജീവമാക്കുന്ന സ്വീകരണമുറികളിലെ കാര്യം. പുറത്ത്, ദുരന്തത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും നമുക്കെത്തിക്കുന്ന മറ്റൊരുകൂട്ടം ഭാഗ്യവാന്മാര്‍. നടുങ്ങാന്‍ പോലും സാവകാശമില്ലാതെ ഉത്സാഹികളായ മാദ്ധ്യമപ്രവര്‍ത്തകരും, രക്ഷാപ്രവര്‍ത്തകരും, സന്നദ്ധസേവകരും. മരണവും ജീവിതവും നിര്‍ണ്ണയിക്കുന്ന മാനുഷിക പ്രവര്‍ത്തനത്തിന്റെ നിമിഷം. തൊഴിലിന്റെ കടമയും മനസ്സാക്ഷിയുടെ ഉത്തരവാദിത്തവും പരസ്പരപൂരകമാകുന്ന നിമിഷം. രണ്ടും തങ്ങളുടെ മാന്യതയും വിശ്വാസ്യതയും തിരിച്ചുപിടിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭം. എന്നാല്‍ അധികം വൈകുംമുന്‍പ് വാര്‍ത്തയുടെ നിമിഷം ആഘോഷത്തിന്റെ നിമിഷങ്ങളിലേക്ക് വഴിമാറുന്നു. ക്യാമറക്കാഴ്ചകളും എഴുത്തും ദുരന്തത്തിന്റെ ഇരയെ മറ്റൊരു വസ്തു മാത്രമാക്കി കാണാന്‍ തുടങ്ങുന്നു. ദുരിതാശ്വാസപ്രവര്‍ത്തനം മറ്റൊരു പ്രവര്‍ത്തിമാത്രമായി മാറുന്നു. മാദ്ധ്യമപ്രവര്‍ത്തകന്റെയും സന്നദ്ധസേവകന്റെയും ശ്രദ്ധ പുതിയ ദുരന്തങ്ങളില്‍ പതിയുന്നു. മരവിച്ച മനസ്സുമായി അവന്‍/അവള്‍ പുതിയ തൊഴിലിടങ്ങളിലേക്ക് തിരിയുന്നു. ഒരു ഗറില്ലാ പോരാളിയെപ്പോലെ. കാലത്തോടൊപ്പം പഴയദുരന്തം കലയ്ക്കും ചിന്തയ്ക്കും കച്ചവടത്തിനുമുള്ള അസംസ്കൃതവസ്തുവായിത്തീരുന്നു. ഗവേഷണ പ്രബന്ധങ്ങള്‍, കഥകള്‍, കവിതകള്‍, സിനിമകള്‍ എന്നിവ വസ്തുതകള്‍ക്കും ഭാവനാവൈവിദ്ധ്യത്തിനും പണത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്നു.

    ശേഷിക്കുന്നത് ഇരകളുടെ കാര്യം. അലമുറകള്‍ ഒടുങ്ങുമ്പോഴേക്കും സഹായധനവും പുനരധിവാസവും ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞെത്തുമ്പോഴേക്കും ചില കുടുംബങ്ങള്‍ മറവിയില്‍ ആശ്രയം കണ്ടെത്തിയിരിക്കും മറ്റുചിലര്‍ ഓര്‍മ്മകളിലും. ഓരോ കുടുംബവും ഒറ്റയ്ക്കൊറ്റയ്ക്ക് ദുഃഖിക്കുന്നുവെന്നും ഒരുമിച്ച് ആഹ്ലാദിക്കുന്നുവെന്നും പണ്ടാരാണ്ടു പറഞ്ഞതോര്‍ക്കാം. കുടുംബംതന്നെ നഷ്ടപ്പെട്ടവരോ? അവര്‍ പുതിയ ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ വിജയിക്കുന്നു. അധികംപേരും പരാജയപ്പെടുന്നു. വിജയികള്‍ പണ്ടു നമ്മള്‍ പഴിപറഞ്ഞ ദൈവത്തോടു നന്ദിപറയുന്നു. പരാജിതര്‍ വീണ്ടും അവനെത്തന്നെവിളിച്ചു കേഴുന്നു. അങ്ങനെ തുടരുന്നു………………………

സമകാലിക മലയാളം വാരിക
പുസ്തകം ഒമ്പത്
ലക്കം ഇരുപത്തിരണ്ട്
2005 ഒക്ടോബര്‍ 21
1181 തുലാം 5

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Liked it here?
Why not try sites on the blogroll...

%d bloggers like this: