നിരാകരിക്കപ്പെടുന്നവന്റെ ആത്മാഭിമാനം

Posted on ജൂണ്‍ 22, 2006. Filed under: ഗോപി ആനയടി, ഡോ. അശോക് ഭോയര്‍, മൊഴിമാറ്റം, വൈദ്യശാസ്ത്രം, സാമൂഹികം |

ഡോ. അശോക് ഭോയര്‍

ആഹാരം കൊണ്ടുമാത്രം ഒരു മനുഷ്യന് ജീവിക്കാനാവില്ല.

പിതൃതുല്യനായ ജ്യേഷ്ഠസഹോദരനെ പ്രവീണ്‍മഹാജന്‍ തോക്കിനിരയാക്കി. ഭാരതീയ ജനതാപ്പാര്‍ട്ടിയുടെ അതിശക്തനും സമുന്നത നേതാവുമായിരുന്നു കൊല്ലപ്പെട്ട പ്രമോദ് മഹാജന്‍. തികച്ചും നിന്ദ്യമായ പ്രവര്‍ത്തിയാണ് പ്രവീണ്‍ ചെയ്തത്. സംശയമില്ല. അതേസമയം ഈ സംഭവം സത്യസന്ധമായ ഒരു അപഗ്രഥനത്തിന് വിഷയീഭവിക്കുകയും വേണം. വെടിവയ്ക്കാനുണ്ടായ കാരണം മോശമായ പെരുമാറ്റമായിരുന്നോ?

കേസന്വേഷിക്കുന്ന പോലീസുകാരോട് പ്രവീണ്‍പറഞ്ഞത്, തന്നെ ഒരിക്കലും ജ്യേഷ്ഠന്‍ തുല്യനായി പരിഗണിച്ചിട്ടില്ല എന്നാണ്. പട്ടിയെപ്പോലെ അതിനിന്ദ്യമായാണത്രെ പെരുമാറിയിരുന്നത്. (ഇതിന്റെ സത്യാവസ്ഥ പറയാന്‍ കാത്തുനില്‍ക്കാതെ പ്രമോദ് മഹാജന്‍ യാത്രയായി.)

നിരന്തരം ഒരാള്‍ നിരാകരിക്കപ്പെടുമ്പോള്‍ അയാള്‍ ലോകത്തെതന്നെ നിരാകരിക്കുക സ്വാഭാവികമാണ്. പ്രവീണിന്റെ അഭിപ്രായത്തില്‍ സഹോദരന്‍ അതിരൂക്ഷമായി അയാളെ സദാ അവഹേളിച്ചുകൊണ്ടേയിരുന്നു… പ്രത്യാഘാതമെന്തായി…? ബുള്ളറ്റുകള്‍ കൊണ്ട് അയാള്‍ ജ്യേഷ്ഠന്റെ ജിവന്‍ അപഹരിച്ചു. എന്നെന്നേക്കുമായി ഈ ലോകത്തില്‍നിന്നും ജ്യേഷ്ഠനെ തുടച്ചുമാറ്റി. വെടിവെച്ചിട്ട് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പോയി കുറ്റം ഏറ്റു പറഞ്ഞ് അയാള്‍ അറസ്റ്റും വരിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അറിഞ്ഞുകൊണ്ട് അയാള്‍ തന്റെ ജീവിതം ജയിലിലേയ്ക്ക് കൊണ്ടെത്തിച്ചു. നിരന്തരം അപമാനങ്ങള്‍ സഹിച്ച് ജീവിക്കുന്നതിലും ഭേദം ജയിലറകള്‍ക്കുള്ളില്‍ കഴിയുന്നതാണെന്ന് അയാള്‍ക്ക് തോന്നിയിരിക്കണം. സ്വയം നശിക്കാനുള്ള പാതയാണ് തന്റെ പ്രിയപ്പെട്ട അനുജന്‍ തെരഞ്ഞെടുത്തതെന്ന് ഒരുപക്ഷേ പ്രമോദ് കരുതിയിരുന്നിരിക്കാം…

ദേശീയനേതാവെന്ന നിലയില്‍ ഇന്ത്യന്‍ ജനതയുടെ മൊത്തം അനുകമ്പ പ്രമോദിനോടായിരുന്നു. അനുജന്റെ പ്രവര്‍ത്തിയെ അതിനിശിതമായി ഏവരും അപലപിച്ചു. ബുദ്ധിസ്ഥിരതയുള്ള ഒരു സാധാരണ മനുഷ്യനെ കുറ്റവാളിയാക്കാന്‍ പ്രേരിപ്പിച്ച മനോവികാരം എന്തായിരിക്കാം…? തീര്‍ച്ചയായും കൊല ചെയ്യപ്പെട്ട വ്യക്തിയിലെ അറിയപ്പെടാത്ത ഏതോ ചീത്തവശമാണ്. ഇവിടെ പ്രവീണിന്റെ നീചകര്‍മ്മത്തെ മഹത്വവല്‍ക്കരിക്കുവാന്‍ ശ്രമിക്കുകയാണെന്ന് മാന്യവായനക്കാര്‍ തെറ്റായി ധരിക്കരുത്. മുന്‍വിധികളില്ലാതെ വസ്തുതകളെ കാണാനുള്ള ശ്രമം മാത്രമാണ്.

ഉത്തര്‍പ്രദേശുകാരനായ ബല്‍വന്തസിംഹ് എന്ന ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെ ഏറ്റവും അഭിമാനകരമെന്നു കരുതപ്പെടുന്ന സിവില്‍ സര്‍വ്വീസ് എന്തിനാണ് ഉപേക്ഷിച്ചതെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. പലരും ഈ നടപടിയില്‍ അദ്ദേഹത്തെ പരിഹസിച്ചിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ ഹൃദയപൂര്‍വ്വം ആ വലിയ മനുഷ്യനെ അഭിനന്ദിക്കുന്നു. സ്വന്തം ആത്മാഭിമാനം കാത്തുസൂക്ഷിക്കാന്‍ ഐ.എ.എസുപോലുള്ള പദവിപോലും വെറും നിസ്സാരമാണെന്ന് അദ്ദേഹം തെളിയിച്ചു. എത്ര ശ്ലാഘനീയമായ ധൈര്യം!

റാണാപ്രതാപ് ഒരിക്കലും അക്ബറിന് കീഴടങ്ങിയില്ല. വനാന്തരങ്ങളില്‍ പുല്ലുകൊണ്ടുണ്ടാക്കിയ റൊട്ടി കഴിച്ച് അദ്ദേഹം ദിവസങ്ങള്‍ ചെലവഴിച്ചു. സ്വാഭിമാനവും അന്തസ്സും കാത്തുസൂക്ഷിച്ച ധീരോദാത്തനായ ദേശീയനായകനായിട്ടാണ് റാണാപ്രതാപിനെ ഭാരതം കാണുന്നത്.

യു.പിയിലെ ലളിത്പൂരില്‍ മജിസ്ട്രേട്ടായി ഇരിക്കുമ്പോഴാണ് ഉദ്യോഗം രാജിവച്ച് ബല്‍വന്ത്സിംഹ് അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിലേയ്ക്കു കടന്നത്. രാജിവയ്ക്കാനുണ്ടായ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഒരു പുസ്തകം എഴുതി. ‘An Untouchable in I.A.S.’. ഐ.എ.എസ് ഓഫീസര്‍ ആകുന്നത് വലിയ കാര്യമാണ്. ഉദ്യോഗത്തില്‍ തുടര്‍ന്നുകൊണ്ട് ദിവസവും അപമാനിതമായി മരിക്കാതെ മരിക്കുക. ഉദ്യോഗം ഉപേക്ഷിച്ചിട്ട് പരിഹാസത്തിലും പ്രയാസത്തിലൂടെയും ജീവിച്ചുമരിക്കുക. പ്രയാസങ്ങള്‍ സഹിക്കുന്നതില്‍ അന്തസ്സുണ്ട്. ദലിതുകള്‍ വിവേചനത്തിനെതിരെ പൊരുതണം. എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങള്‍ വന്‍സ്രാവുകളാല്‍ നാലുവശവും ചുറ്റപ്പെടുന്നു. രക്ഷപ്പെടലില്ല. അവിടെ നരഹത്യയില്ല; ആത്മഹത്യ മാത്രം.

സ്വയം നശിക്കനുള്ളത് നൈമിഷികമായ തീരുമാനമല്ല. ഇത് അത്ര ലളിതവുമല്ല. ഇങ്ങനെ തീരുമാനമെടുക്കുന്നവരും സാധാരണക്കാര്‍തന്നെയെങ്കിലും അവരില്‍ അസാധാരണമായി എന്തോ ഒന്ന് ഉണ്ട്. മാനുഷിക മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന അവര്‍ക്ക് ആ മുല്യങ്ങള്‍ വെറും നിലനില്‍പ്പിനേക്കാള്‍ എത്രയോ പതിന്മടങ്ങു വലുതാണെന്നു മാത്രം.

ഒരു ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായി എന്റെ കഴിവുകള്‍ പ്രകടമാക്കുവാന്‍ എനിക്ക് സൌകര്യം ഉണ്ടാക്കിത്തന്ന സ്ഥാപനത്തെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. ആ സ്ഥാപനത്തോടുള്ള കടപ്പാട് എന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍ എനിക്കൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിത്തന്നതിന്റെ പേരില്‍ എന്നെ സദാ താഴ്ത്തിക്കെട്ടാനുള്ള അധികാരം ആ സ്ഥാപനത്തിന് എങ്ങുനിന്നും ലഭിച്ചിരുന്നില്ല. പക്ഷേ അതുണ്ടായപ്പോള്‍ എനിക്ക് ആ സ്ഥാപനത്തോടുണ്ടായിരുന്ന കടപ്പാട് ഒരു കുറ്റബോധമായി രൂപപ്പെടുകയും, അതികഠിനമായി അതെന്നെ വേട്ടയാടുകയും ചെയ്യാന്‍ തുടങ്ങിയതോടെ ഒരു സാധാരണ മനുഷ്യന്‍ എന്ന എന്റെ സ്വത്വം ഇല്ലാതാകുവാന്‍ തുടങ്ങി. അതിദൂരത്തേയ്ക്ക് എല്ലയിപ്പോഴും വലിച്ചുനീട്ടാന്‍ കഴിയില്ല. ജ്വാലാമുഖികള്‍ പൊട്ടിത്തെറിക്കുകതന്നെ ചെയ്യും.

ജീവനുള്ള എല്ലാംതന്നെ മരണംവരെ നിലനില്‍ക്കും. ദലിതര്‍ പലതും തരണംചെയ്ത് ഇപ്പോഴും നിലനില്‍ക്കുന്നു. ഭാവിയിലും അവര്‍ നിലനില്‍ക്കുകതന്നെ ചെയ്യും. നിലനില്‍പ്പ് പ്രധാനമാണെങ്കില്‍ തന്നെയും അവന്‍ എങ്ങനെ നിലനില്‍ക്കുന്നു എന്നതാണ് കൂടുതല്‍ പ്രധാനം. മനുഷ്യനായോ മൃഗമായോ….?

പിതാവ് മരിക്കുമ്പോള്‍ പ്രവീണിന് ഒന്‍പത് വയസ്സുമാത്രമായിരുന്നു പ്രായം. മൂത്ത ജ്യേഷ്ഠനായ പ്രമോദായിരുന്നു വളര്‍ത്തി വലുതാക്കിയതും വിദ്യാഭ്യാസം ചെയ്യിച്ചതും ജീവിതമാര്‍ഗ്ഗം തേടിക്കൊടുത്തതും. അങ്ങനെയുള്ള ആളിനെയാണ് പ്രവീണ്‍ വെടിയുണ്ടയ്ക്കിരയാക്കിയത്. ഊട്ടുന്ന കൈതന്നെ തിന്നുകളയുക… എത്ര വലിയ നന്ദികേട്. അടിച്ചമര്‍ത്തപ്പെടുന്ന അന്തഃക്ഷോഭങ്ങള്‍ വിസ്ഫോടകങ്ങളായി പുറത്തുവരുന്നത് ഏതു രൂപത്തിലായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

ഡോ. അശോക്‍ഭോയര്‍ എന്ന ഞാന്‍ ‘ദ്രോണാചാര്യരോടുള്ള എന്റെ ഏറ്റുമുട്ടല്‍’, ‘വിവേചനത്തിന്റെ ജനിതകം’ എന്നീ പുസ്തകങ്ങള്‍ എഴുതി ഉള്ളിലേറ്റ മുറിവുകളെ തുറന്നുകാട്ടി. രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. ആത്മാഭിമാനമുള്ള മനുഷ്യജീവിയായി കഴിയാനുള്ള നിങ്ങളുടെ അധികാരം നിഷേധിക്കപ്പെടുമ്പോള്‍, തൂലികയാകട്ടെ തോക്കാകട്ടെ, അത് സ്വയം ഇല്ലാതാകാനുള്ള ഉപകരണങ്ങളായി മാറുന്നു. പക്ഷേ തോക്കും തൂലികയും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ‘ഒരു കണ്ണിനു പകരം മറ്റൊരു കണ്ണ്’ എന്ന സിദ്ധാന്തം ലോകത്തെ അന്ധമാക്കും. അപക്വമാനസനായ പ്രവീണ്‍ ഇത് മനസ്സിലാക്കിയിട്ടുണ്ടാവില്ല.

വീട്ടിലിരുന്ന് ഞാന്‍ സ്വയം പറയാറുണ്ട്: ‘ഇതല്ല ഞാന്‍ ആഗ്രഹിച്ചിരുന്നത്.’ പുസ്തകങ്ങള്‍ എഴുതാന്‍ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. ദ്രോണാചാര്യന്മാരുടെ തല കൊയ്യുവാനോ, ഗാന്ധിയന്മാരെന്നു പറഞ്ഞു നടക്കുന്നവരെ നഗ്നരാക്കുവാനോ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഹൃദയശസ്ത്രക്രിയകളിലൂടെ ആനന്ദം കണ്ടെത്തി ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഞാന്‍​കൊതിച്ചിരുന്നത്. മറ്റുള്ളവരുടേതുപോലെ നിയതമായ ഒരു ജീവിതം… എന്നാല്‍ ആ നിയതമായ ജീവിതം എനിക്കുണ്ടായില്ല. അഥവാ അങ്ങനെയൊരു ജീവിതമായിരുന്നെങ്കില്‍ ആരുടേയും ശ്രദ്ധയില്‍പ്പെടുകയോ, സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍തക്ക ഓളങ്ങള്‍ക്ക് കാരണമാകുകയോ ചെയ്യുമായിരുന്നില്ല. ആ ഓളങ്ങളെല്ലാം കരയ്ക്കടുക്കുന്നതിനു മുമ്പായി കെട്ടടങ്ങിയില്ല. അതെത്ര സന്തോഷകരമാണ്. സമൂഹത്തിനുവേണ്ടി ചെറിയ തോതിലാണെങ്കിലും സേവനം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്.

===============================
സാമൂഹികവും സാമ്പത്തികവുമായ അസന്തുലിത നിലനില്‍ക്കുവോളം രാഷ്ട്രീയ സന്തുലതയ്ക്ക് ഒരര്‍ത്ഥവുമില്ല. ഇത് വിരോധാഭാസവുമാണ്. ഡോ. അംബേദ്ക്കര്‍ തന്നെ ഇതു പറഞ്ഞിട്ടുണ്ട്.
===============================

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനേതാവായ ചൌധരി ‘എന്താണ് എന്നെ എഴുത്തുകാരനാക്കിയത്’ എന്ന ലേഖനത്തിന്റെ നിരവധി കോപ്പികള്‍ എടുത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്തു. (ഈ ലേഖനം ‘കേരളശബ്ദം’ പ്രസിദ്ധീകരിച്ചത് ഓര്‍ക്കുക). ജര്‍മ്മനിയില്‍ നിന്നും ഡോ. പര്‍വേഷ്ഖാന്‍ എനിക്കുവേണ്ടി ‘അംനെസ്റ്റി ഇന്റര്‍നാഷണലി’ല്‍ നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇതൊന്നും എന്റെ ആവശ്യപ്രകാരം നടക്കുന്നതല്ല. ഇവയൊക്കെകൊണ്ട് കാര്യമായ പ്രയോജനങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍കൂടിയും, വലിയ പ്രചോദനങ്ങളായി തീരാറുണ്ട്. കുറച്ചു വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും എന്റെ എഴുത്ത് പ്രചോദനമായാല്‍തന്നെ എന്റെ ജീവിതദൌത്യം നിറവേറപ്പെടുകയാണ്.

സമാധാനപരമായ സാമൂഹിക സഹവര്‍ത്തിത്വമാണ് ആത്യന്തികമായ ലക്ഷ്യം. അതിന് ജാതിചിന്തകരായ ഹിന്ദുക്കളുടെ നിലപാടുകളില്‍ വ്യതിയാനമുണ്ടാകണം. ഏകലവ്യന്റെ ഗുരുദക്ഷിണയെ അവരാണ് മഹത്വവല്‍ക്കരിച്ചത്. എന്നാല്‍ ദ്രോണാചാര്യരുടെ സങ്കുചിതമനസ്സിനെ അപലപിക്കാന്‍ കൂട്ടാക്കിയില്ല. അമേരിക്കന്‍ സമൂഹത്തില്‍ 1930 കളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ‘ടു കില്‍ എ മോക്കിംഗ് ബേഡ്’. അനുകരിച്ച് ശബ്ദമുണ്ടാക്കുന്ന പക്ഷിയെ കൊല്ലുന്നത് പാപമാണെന്നാണ് നോവല്‍ നല്‍കുന്ന സന്ദേശം. നീഗ്രോയെയാണ് ഇതില്‍ പക്ഷിയായി ചിത്രീകരിച്ചിട്ടുള്ളത്.

എന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞു. അതിന്റെ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ബ്രാഹ്മണരായിരുന്നു; ദലിതരായിരുന്നില്ല. എന്നാല്‍ ഒരൊറ്റ ബ്രാഹ്മണന്‍പോലും എന്റെ നേരെ ബ്രാഹ്മണര്‍ കാട്ടിയ കുത്സിതവൃത്തികളെ അപലപിച്ചുകൊണ്ട് എനിക്കെഴുതിയില്ല. ഒരാളെങ്കിലും എഴുതുമെന്നു കരുതി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

വീട്ടിലിരുന്ന് എന്നോടുതന്നെ ഞാന്‍ പലപ്പോഴും ചോദിക്കാറുണ്ട്: ‘നിഷ്ഠുരരായ കുറ്റവാളികള്‍ക്കുപോലും മുഖ്യധാരാ സമൂഹത്തിലേക്കു വരുവാന്‍ അവസരം ലഭിക്കാറുണ്ട്. എന്നിട്ടും എനിക്ക് എന്തുകൊണ്ട് ഒരവസരം ലഭിക്കുന്നില്ല? ഞാന്‍ ചെയ്ത കുറ്റം ഒരവസരം നിഷേധിക്കത്തക്കവിധം അതിക്രൂരമാണോ?’

എനിക്കെതിരെ വന്ന് എന്റെ കഴിവിനെ ചോദ്യം ചെയ്യാനെത്തിയ പല ആധുനിക ദ്രോണാചാര്യന്മാരുടേയും തല ഞാന്‍ കൊയ്തുവീഴ്ത്തി. ഹൃദയശസ്ത്രക്രിയയിലെ എന്റെ നൈപുണ്യം ഒന്നുകൊണ്ടു മാത്രമാണ് ഞാനവരെ നേരിട്ടത്. ‘ദലിതുകള്‍ ഇഡിയറ്റുകളാണ്’ എന്ന വാചകം എന്റെ ഉള്ളില്‍ സദാ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍, എപ്പോഴെങ്കിലും ഒരാധുനിക ദ്രോണരായി ആരെങ്കിലും എന്റെ മുന്നില്‍ വന്നുപെട്ടാല്‍ ഞാന്‍ ബാധയേറ്റവനെപ്പോലെയായിത്തീരുന്നു. അവനെ ബൌദ്ധികമായി കീഴ്പ്പെടുത്താനുള്ള ത്വരയുടെ അടിമയായി ഞാന്‍ മാറിപ്പോകുന്നു ഇത് മനഃപ്പൂര്‍വ്വം ഞാന്‍ ചെയ്യുന്നതല്ല. ഇക്കാരണത്താല്‍ ചുറ്റിലും കുറേയേറെ ശത്രുക്കളെ ഞാന്‍ സൃഷ്ടിച്ചു. അവരെല്ലാം എന്റെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. അവരെ കുറ്റം പറയാനാവില്ല. എനിക്കാകട്ടെ അതേക്കുറിച്ച് വേവലാതിയുമില്ല…

എന്നെ ഈ വിധമാക്കിയത് അനീതി നിറഞ്ഞ ഹിന്ദുസമൂഹമാണ്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങളുടെ ഉപോല്‍പ്പന്നമാണ് നക്സലിസം. അവര്‍ തോക്കിന്‍മുനകളിലൂടെയാണ് സംസാരിക്കുന്നത്. അവരെയും ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരെപ്പോലും പുനരധിവസിപ്പിച്ചുവരുന്നു. എന്നാല്‍ അഹിംസയില്‍ വിശ്വസിക്കുന്ന ഞാന്‍ ഇപ്പോഴും എന്റെ പുനരധിവാസം കാത്തിരിക്കുകയാണ്. പലയിടങ്ങളിലും എന്റെ അന്വേഷണം തുടര്‍ന്നു. ഗാന്ധിയന്‍ മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു മെഡിക്കല്‍ സ്ഥാപനത്തില്‍ ഞാന്‍ പോയിരുന്നു. അവര്‍ക്ക് എന്നെ ആവശ്യമായിരുന്നു. നാലുപ്രാവശ്യം നീണ്ട ചര്‍ച്ചകള്‍ നടന്നു. പുതിയ ഒരു ഡിപ്പാര്‍ട്ടുമെന്റ് ആരംഭിക്കാന്‍ തയ്യാറായ അവര്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അത് സമര്‍പ്പിച്ചു. ഇതിനിടെ എന്റെ പുസ്തകങ്ങളെക്കുറിച്ചും മറ്റും അവര്‍ക്കറിവു ലഭിച്ചു. ‘എന്തിന് ഒരു ‘മോക്കിംഗ് ബേഡി’നെ കൊല്ലണം?’ ഞാന്‍ അവരോടു ചോദിച്ചു. ഇന്നേവരെ അവര്‍ അതിനുത്തരം നല്‍കിയില്ല. ഞാന്‍ അത് കാത്തിരിക്കുകയാണ്. ആ ഉത്തരമായിരിക്കും, വരാനിരിക്കുന്ന എന്റെ നോവലിന്റെ പരിസമാപ്തി നിശ്ചയിക്കുന്നത്.

ചില കുറ്റവാളികള്‍ മാപ്പുസാക്ഷികളാകുന്നതെന്തിനാണെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായി. പക്ഷേ, അങ്ങനെ മാപ്പുസാക്ഷികളാകുന്നവര്‍ക്ക് ഭഗത്‍സിംഹ് ആകാന്‍ കഴിയുകയില്ല. സ്വയമേ കഴുമരത്തിലേക്കു പോകുവാന്‍ ഭഗത്‍സിംഹ് ആയേ പറ്റൂ. നിങ്ങളുടെ മനഃസാക്ഷിയുടെ ഇംഗിതങ്ങള്‍ക്കൊത്തു ജീവിക്കാനും മരിക്കാനും ഈ സമൂഹത്തില്‍ ഏറെ പ്രയാസമാണ്. ഞാനിപ്പോള്‍ ആ മാനസികവ്യഥയിലൂടെയാണ് കടന്നുപോകുന്നത്.

ബാബാസാഹബ് അംബേദ്ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ അദ്ദേഹം ബാബാസാഹബ് അംബേദ്ക്കര്‍ ആകുമായിരുന്നില്ല. മറ്റൊരു ജഗജീവന്‍ റാം ആയി മാറുമായിരുന്നു. ഞാന്‍ ഒരു വ്യക്തിയെ പരാമര്‍ശിക്കുകയല്ല, ആ വ്യക്തിത്വത്തെയാണ് സൂചിപ്പിച്ചത്. ഇന്ന് ജനകോടികളാണ് നാഗ്പ്പൂരിലെ ദീക്ഷഭൂമിയില്‍ എത്തിക്കൊണ്ടിരിക്കുകന്നത്. ഓരോ വര്‍ഷം കഴിയുന്തോറും അവരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ത്യാഗം എന്തായാലും വിലമതിക്കപ്പെടും. നിങ്ങളുടെ കര്‍മ്മങ്ങളുടെ അനന്തരഫലങ്ങള്‍ സ്വയം അനുഭവിക്കുന്നത് എത്രയോ ഉദാത്തമാണ്.

ഞാന്‍ ചിലപ്പോഴൊക്കെ എന്നോടു തന്നെ ചോദിക്കാറുണ്ട്, ‘പ്രകൃതിയില്‍ നീതിയുണ്ടോ? എന്നെ ദ്രോഹിച്ച ആരെയെങ്കിലും ഭൌതികമായി ഞാന്‍ ദ്രോഹിച്ചിട്ടുണ്ടോ?’ ഇല്ല. ദ്രോഹിച്ചിട്ടില്ല. എന്നാല്‍ കോടിക്കണക്കിനുരൂപ മുതല്‍മുടക്കിയ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു പൂട്ടേണ്ടിവന്നു. ഏകലവ്യന്റെ തള്ളവിരല്‍ മുറിക്കുന്നത് നല്ലതിനല്ല എന്ന് ആധുനിക ദ്രോണര്‍ മനസ്സിലാക്കുമോ? അതുകൊണ്ട് സമൂഹത്തിന് ദോഷം മാത്രമേ ഉണ്ടാകൂ. ഏകലവ്യന്റെ തള്ളവിരല്‍ മുറിക്കാതിരുന്നെങ്കില്‍ ഇന്ന് ഇവിടെ മറ്റൊരു ലോകമായി മാറുമായിരുന്നില്ലേ?

സ്വന്തം മുഖത്ത് ആരെങ്കിലും തുപ്പിയാലുണ്ടാകുന്ന അനുഭവം എന്താണെന്നറിയാതെ ജാതിക്കോമരങ്ങളായ സവര്‍ണ്ണന്‍ ദലിതന്റെ മുഖത്തേക്ക് ഇപ്പോഴും തുപ്പല്‍ ചീറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞാനവര്‍ക്ക് നല്‍കിയ തിരിച്ചടി അവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ദലിതരുടെ പീഡകളെക്കുറിച്ച് എന്നെങ്കിലും സവര്‍ണ്ണര്‍ മനസ്സിലാക്കുമോ?

‘ഹൃദയത്തോടു ചേര്‍ത്തുപിടിച്ച് പ്രിയപ്പെട്ടതെന്നു കരുതിയിരുന്നതിനെപ്പോലും മനുഷ്യന്‍ എന്തിനാണു വെറുക്കുന്നത്?’ ഞാന്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. സ്വന്തം ജ്യേഷ്ഠനായ പ്രമോദിനെക്കുറിച്ച് ഒരിക്കല്‍ പ്രവീണിനു വളരെ അഭിമാനമായിരുന്നു. എന്നിട്ടും അയാള്‍ ജ്യേഷ്ഠനെ വെടിവെച്ചു. തീര്‍ച്ചയായും ധൈര്യംകൊണ്ടല്ല, നിസ്സഹായതകൊണ്ടായിരിക്കും അയാള്‍ അത് ചെയ്തത്. വെറും നിസ്സഹായത…

വിപ്ലവങ്ങള്‍ ഉണ്ടാകുന്നതുപോലും നിസ്സഹായതയില്‍ നിന്നാണ്. വിശപ്പും മറ്റ് ആവശ്യങ്ങളും സര്‍വ്വവ്യാപിയായിത്തീരുമ്പോഴാണ് അക്ഷമരായ ജനങ്ങള്‍ വിപ്ലവത്തിനൊരുമ്പെടുന്നത്. ഫ്രഞ്ചുവിപ്ലവമായാലും റഷ്യന്‍വിപ്ലവമായാലും അതെല്ലാം വിശപ്പില്‍നിന്നുണ്ടായ നിസ്സഹായതയില്‍നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. തിന്മ നന്മയെ വെല്ലുന്നു. കാരണം നല്ലവരായുള്ളവര്‍ നിഷ്ക്രിയരായി മാറിക്കഴിഞ്ഞു. നല്ലവര്‍ ബുദ്ധമതികളാണ്. പക്ഷേ, ഭൂരിപക്ഷവും ആ ബുദ്ധശക്തിപ്രയോജനപ്പെടുത്തുന്നില്ല. അങ്ങനെയുള്ളവരെ ഷണ്ഡന്മാര്‍ എന്നു വിളിക്കുകയാണു ഭേദം. എന്നാല്‍ പ്രായോഗിക ബുദ്ധിശാലികള്‍ സ്വന്തം കാര്യത്തിനായി മാത്രം അവരുടെ കഴിവുകള്‍ വിനിയോഗിക്കുന്നു. ഇത് ബുദ്ധിപരമായ വ്യഭിചാരമാണ്. എന്നാല്‍ ബൌദ്ധികമായ സത്യസന്ധത പുലര്‍ത്തുന്നവരുണ്ടെന്ന സത്യം നിരാകരിക്കുന്നില്ല. അവരും സമൂഹത്തിനു ആകുംവിധം ഉപകാരമൊന്നും ചെയ്യാതിരിക്കുന്നിടത്തോളം, അവരുടെ സത്യസന്ധതയ്ക്കെന്താണ് അര്‍ത്ഥം? ഇവരും സമൂഹത്തിനു ശാപമാണ്. സമൂഹത്തിലെ തിന്മകള്‍ക്കു കാരണം ഈ ബുദ്ധശാലികളുടെ നിഷ്ക്രിയത്വംതന്നെയാണെന്നു പറയേണ്ടിവരുന്നു. ഫലമോ? ചൈനയിലെ സാംസ്ക്കാരികവിപ്ലവം. ബുദ്ധിരാക്ഷസന്മാരെ മാവോ ഇല്ലാതാക്കി. ഇക്കാര്യം ബുദ്ധിരാക്ഷസന്മാരായ നമ്മുടെ നാട്ടിലെ ആളുകള്‍ മനസ്സിലാക്കി ഉത്തരവാദിത്വമുള്ളവരായി എന്നെങ്കിലും മാറുമോ? ഇവര്‍ക്ക് എന്നെങ്കിലും വിവേകം ഉദിക്കുമോ? സാധ്യത കുറവാണ്.

സാമൂഹികവും സാമ്പത്തികവുമായ അസന്തുലിത നിലനില്ക്കുവോളം രാഷ്ട്രീയ സന്തുലതയ്ക്ക് ഒരര്‍ത്ഥവുമില്ല. ഇത് വിരോധാഭാസവുമാണ്. ഡോ. അംബേദ്ക്കര്‍ തന്നെ ഇതുപറഞ്ഞിട്ടുണ്ട്. പണക്കാരനും പട്ടിണിക്കാരനും തമ്മിലുള്ള അന്തരം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ചൂഷിതര്‍ വീണ്ടും വീണ്ടും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കണോ? അതോ ആത്മഹത്യയുടെ വഴിതേടുമോ? അതോ തൊട്ടടുത്ത പണക്കാരന്റെ മുതല്‍ കൊള്ളയടിക്കുമോ? അരാജകത്വം ഇവിടെ കൊടിപിടിച്ചു നടക്കുമോ? അനന്തമായ കാലം മാത്രം ഇതിനെല്ലാം മറുപടി പറയട്ടെ…

(മൊഴിമാറ്റം: ഗോപി ആനയടി)
കേരളശബ്ദം
11 ജൂണ്‍ 2006
പുസ്തകം 44
ലക്കം 43

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

3 പ്രതികരണങ്ങള്‍ to “നിരാകരിക്കപ്പെടുന്നവന്റെ ആത്മാഭിമാനം”

RSS Feed for ചക്കാത്തു വായന Comments RSS Feed

കൊള്ളാം…വളരെ പ്രസക്തമായ ലേഖനം. ബൌദ്ധികമായ സത്യസന്ധത പുലര്‍ത്തുക എന്നത് തന്നെയാണ്‍ പ്രധാനം. ഹിന്ദുത്വം അടിച്ചമര്‍ത്തലിന്റെ ആയുധമായി രൂപം പ്രാപിക്കുന്നത് ജാതി വൈതാളികരുടെ കയ്യിലാണെന്ന് തിരിച്ചറിഞ്ഞ് ഓരോ ദളിതനും പ്രതികരിക്കും വരെ അവരുടെ ആത്മാഭിമാനം തെരുവില്‍ ചവിട്ടിയരക്കപ്പെട്ടു കൊണ്ടിരിക്കും.

മര്‍ദ്ദിതന്‍ മര്‍ദ്ദകനാകുന്നതും പ്രകൃതിനിയമങ്ങളിലൊന്നായിരിക്കാം.

ആശംസകള്‍.

ജാതിയെ നിങ്ങള്‍ത്ള്ളിയാലും -ജാതി നിങ്ങളെവിടില്ല.ഇന്ത്യാക്കാരനെ
ഒണ്ടാക്കിയതു തന്നെ ജാതികൊണ്ടാണ്.അതുപിന്നെങ്നെ തൂത്തുകളയാന്‍ പറ്റും .സര്‍ക്കാര്‍ ജീവനക്കാരെല്ലാം ഒരോതരത്തില്‍ദിനവും നേരിടുന്നകാര്യം .നിലനില്പിന്റെ ആധിയില്‍–അഭിമാനമെന്തു കുന്ത്മാ.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: