വളരുന്ന അസമത്വം

Posted on ജൂലൈ 29, 2006. Filed under: ബി.ആര്‍.പി. ഭാസ്ക്കര്, സാമൂഹികം, സാമ്പത്തികം |

ബി.ആര്‍.പി ഭാസ്കര്‍

കേരളത്തിലെ 19 മന്ത്രിമാരും പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് ആറാഴ്ച കഴിഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത നിമിഷം തന്നെ പദ്ധതികളുടെ പെരുമഴ തുടങ്ങി. പ്രഖ്യാപനപ്രളയത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം വിജയിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ -മീറ്റ് ദ് പ്രസ്- പരിപാടി സംഘടിപ്പിക്കുകയും ക്യാമറാകളും മൈക്കുകളും നിരത്തിവച്ചിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍, പദ്ധതികള്‍ ചൊരിയുകയല്ലാതെ മറ്റെന്താണ് ഒരു സാധു മന്ത്രി ചെയ്യുക?

മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ ചികഞ്ഞുനോക്കുമ്പോള്‍ പുതുതായി ഒന്നും കാണാനില്ല. പുതിയ കുപ്പിയില്‍നിന്ന് പഴയ വീഞ്ഞെന്നപോലെ പുതിയ മന്ത്രിമുഖങ്ങളില്‍നിന്നു വീണതൊക്കെ പഴയ പദ്ധതികള്‍. ചിലത് യു.ഡി.എഫ് മന്ത്രിമാര്‍ പറഞ്ഞുകൊണ്ടു നടന്നവ. മറ്റ് ചിലത് അതിനുമുമ്പത്തെ എല്‍.ഡി.എഫ് മന്ത്രിസഭയുടെ കാലം മുതലുള്ളവ. കരിമണല്‍, എക്സ്പ്രസ് വേ തുടങ്ങി പുളിച്ചുനാറുന്ന ചിലതുമുണ്ട് അക്കൂട്ടത്തില്‍.

ചില മന്ത്രിമാര്‍ പദ്ധതികളുണ്ടാക്കുന്നത് സാമ്രാജ്യം വിപുലീകരിക്കാനാണെന്ന് തോന്നുന്നു. ഉദാഹരണത്തിന് സഹകരണമേഖലയില്‍ കൂടുതല്‍ സ്വാശ്രയസ്ഥാപനങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനം. ഇപ്പോള്‍ ഉള്ളവയുടെ സമീപനം സ്വകാര്യമേഖലയിലുള്ളവയുടേതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല. അപ്പോള്‍ അങ്ങനെ കുറേയെണ്ണംകൂടി ഉണ്ടാകുമെന്നുകേട്ട് തുള്ളിച്ചാടേണ്ട കാര്യമില്ലല്ലോ. ഇന്നത്തെ സാഹചര്യങ്ങളില്‍ ഭരണമാറ്റമുണ്ടാകുമ്പോഴെല്ലാം സഹകരണവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമം നടക്കുമെന്നുറപ്പാണ്.

സ്വാശ്രയ ന്യൂനപക്ഷ വിദ്യാഭ്യാസ പ്രശ്നങ്ങളുടെ ചുഴിയില്‍പെടുന്നതിനു മുമ്പ് വിദ്യാഭ്യാസമന്ത്രി മലയാളം സര്‍വ്വകലാശാലയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സംസ്കൃതത്തിന്റെ പേരിലുണ്ടാക്കിയ സര്‍വ്വകലാശാലയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാക്കുന്നത് നന്നായിരിക്കും. ഭാഷാപഠനം തീര്‍ച്ചയായും ശ്രദ്ധയര്‍ഹിക്കുന്ന മേഖലയാണ്. മലയാളം മാത്രമല്ല, മറ്റ് ഭാഷകള്‍ പഠിക്കാനുള്ള സൌകര്യങ്ങളും പ്രയോജനം ചെയ്യും. ആ നിലയ്ക്ക് ബഹുഭാഷാ സര്‍വ്വകലാശാലയെക്കുറിച്ചുതന്നെ നമുക്ക് ചിന്തിക്കാവുന്നതാണ്.

പണമില്ലാതെ ഒരു പദ്ധതിയും നടപ്പാക്കാനാവില്ല. യു.ഡി.എഫ് ഖജനാവ് കാലിയാക്കിയിട്ടാണ് ഇറങ്ങിപ്പോയതെന്നാണ് ധനമന്ത്രി പറയുന്നത്. അപ്പോള്‍ മന്ത്രിമാര്‍ ഓടിനടന്ന് പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ എങ്ങനെ പ്രതീക്ഷ വച്ചു പുലര്‍ത്തും. ഖജനാവിന്റെ അവസ്ഥയെക്കുറിച്ച് അഞ്ചുകൊല്ലംമുമ്പ് യു.ഡി.എഫ് പറഞ്ഞതും ഇതുതന്നെയാണ്. എല്‍.ഡി.എഫ് ഖജനാവ് കാലിയാക്കിയിട്ടു പോയെന്ന് വിലപിച്ച യു.ഡി.എഫ് ദിവസങ്ങള്‍ക്കുള്ളില്‍ 50,000 കോടിരൂപയുടെ നിക്ഷേപമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു. അവസാനകാലത്ത് അത് അതിവേഗം ബഹുദൂരം പോകാനുള്ള ശ്രമത്തിലായിരുന്നു.

കേരളത്തിന്റെ പ്രശ്നം പണമില്ലെന്നതല്ല. വരുമാനത്തിലും ചെലവിലും നാം വലിയ കുതിച്ചുകയറ്റം നടത്തിയതായി സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. ശരാശരി കേരളീയന്റെ കയ്യില്‍ ശരാശരി ഇന്ത്യാക്കാരന്റെ കയ്യിലെത്തുന്നതിനേക്കാള്‍ പണം എത്തുന്നു. അയാള്‍ കൂടുതല്‍ ചെലവാക്കുകയും ചെയ്യുന്നു. ഇവിടെ സര്‍ക്കാരിന്റെ കയ്യില്‍ മാത്രമാണ് പണമില്ലാത്തത്. ഇന്ത്യ ദരിദ്രരാജ്യമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ വി.കെ. കൃഷ്ണമേനോന്‍ കയര്‍ക്കുമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യ ധനികരാജ്യമാണ്. ഇന്ത്യാക്കാര്‍ ദരിദ്രരാണെന്നു മാത്രം. ഇവിടത്തെ അവസ്ഥ ജനങ്ങള്‍ സമ്പന്നരാണ്. പക്ഷേ, സര്‍ക്കാര്‍ ദരിദ്രമാണ് എന്നതാണ്.

സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ശരിയല്ലെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാനാകും. മാധ്യമങ്ങള്‍ നിത്യേന റിപ്പോര്‍ട്ടു ചെയ്യുന്ന ആത്മഹത്യകള്‍ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് വ്യത്യസ്തമായ സൂചനകളാണ് നല്‍കുന്നത്. സര്‍ക്കാരായാലും വ്യക്തിയായാലും കയ്യില്‍ പണമില്ലെങ്കില്‍ ചെലവ് ചുരുക്കണം. എല്‍.ഡി.എഫിന് മന്ത്രിമാരുടെയും സ്റ്റാഫിന്റെയും എണ്ണം കുറച്ചുകൊണ്ട് ചെലവു ചുരുക്കാമായിരുന്നു. പക്ഷേ, മുഖ്യമന്ത്രിക്ക് അത് ചെയ്യാന്‍ കഴിയാതെപോയി.

പിന്നെ ചെയ്യാവുന്നത് ഓരോ വകുപ്പുകളില്‍ ചെലവ് ചുരുക്കുകയെതാണ്. സര്‍ക്കാര്‍ അത്തരത്തില്‍ ചിന്തിക്കുന്നെന്ന ഒരു സൂചനയും ബജറ്റ് നല്‍കുന്നില്ല. ഖജനാവ് കാലിയാണെന്ന് മുറവിളികൂട്ടുന്ന ധനമന്ത്രി ചെലവ് കുറയ്ക്കാനുള്ള ഒരു നിര്‍ദ്ദേശവും വെച്ചിട്ടില്ല. റവന്യൂ അക്കൌണ്ടില്‍ അദ്ദേഹം പ്രതീക്ഷിക്കുന്നത് 19,140 കോടിരൂപയാണ്. ചെലവാക്കാനുദ്ദേശിക്കുന്നത് 24,555 കോടിരൂപയും. ബജറ്റിലെ കണക്കുകളനുസരിച്ച് ഇക്കൊല്ലം മൊത്തം കമ്മി 7,500 കോടിയിലധികം രൂപയായിരിക്കും. വയനാട്ടിലെ കര്‍ഷകന്റെ ഇക്കൊല്ലത്തെ വരവും ചെലവും ഈ അനുപാതത്തിലാണെങ്കില്‍, 2007 മാര്‍ച്ച് 31നുമുമ്പ് അയാള്‍ ജീവനൊടുക്കാന്‍ നിര്‍ബന്ധിതനാകുമെന്ന് തീര്‍ച്ചയാണ്. ധനമന്ത്രിക്ക് ആത്മഹത്യാഭീതികൂടാതെ എത്ര വലിയ കടവും തലയില്‍ വലിച്ചുകയറ്റാന്‍ കഴിയുന്നത് സമയം വരുമ്പോള്‍ ചുമട് അടുത്തയാളിനെ ഏല്‍പ്പിച്ചിട്ട് പൊടിയും തട്ടിപ്പോകാമെന്നതുകൊണ്ടാണ്.

എല്‍.ഡി.എഫ് 1996 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ പൊതുകടം 15,000 കോടിരൂപയ്ക്കടുത്തായിരുന്നു. അത് ഏകദേശം 25,000 കോടി രൂപയായി ഉയര്‍ത്തിയിട്ടാണ് അവര്‍ സ്ഥലംവിട്ടത്. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ അത് പിന്നെയും ഉയര്‍ത്തി 45,000 കോടിരൂപയാക്കി. പത്തുകൊല്ലത്തില്‍ രണ്ട് ഡി.എഫുകളും കൂടി നമ്മുടെ കടബാധ്യത മൂന്നുമടങ്ങാണ് വര്‍ദ്ധിപ്പച്ചത്. പുതിയ ബജറ്റ് സൂചിപ്പക്കുന്ന തരത്തിലാണ് എല്‍.ഡി.എഫ് അടുത്ത അഞ്ചുകൊല്ലം തള്ളിനീക്കുന്നതെങ്കില്‍ വളരെ നാളായി പറഞ്ഞുകേള്‍ക്കുന്ന കടക്കെണി വീഴാന്‍ ഇനി ഏറെക്കാലം വേണ്ട. ധനമന്ത്രിക്കു അത് ചെയ്തിട്ട് തടിതപ്പാനാകും. പക്ഷേ, എവിടെയെങ്കിലുമൊക്കെ കുറേപ്പേര്‍ ആത്മഹത്യ ചെയ്തുകൊണ്ടേയിരിക്കും.

കേരളത്തിന് സമ്പല്‍സമൃദ്ധിയുടെ ഭാവം നല്‍കിയത് ഗള്‍ഫില്‍ നിന്നെത്തുന്ന പണമാണ്. അതിന്റെ ഗുണഭോക്താക്കളില്‍ ഒരു വലിയ ഭാഗം കീഴ് തലങ്ങളില്‍പ്പെട്ടവരായിരുന്നുവെന്നത്. ഇത് സാമ്പത്തികമായ അസമത്വം കുറയ്ക്കാന്‍ ഗള്‍ഫ് പ്രവാസം സഹായിക്കുന്നുവെന്ന ധാരണ പരത്തിയിരുന്നു. എന്നാല്‍ ഇവിടെ അസമത്വം വളര്‍ന്നുകൊണ്ടിരിക്കുന്നതായാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനം കാണിക്കുന്നത്.

പരിഷത്ത് പഠനം നടത്തിയത് 2004 ലാണ്. അതിന്റെ പ്രവര്‍ത്തകര്‍ അക്കൊല്ലം ശാസ്ത്രീയരീതിയില്‍ തെരഞ്ഞെടുത്ത 6,000 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏതാനും ആഴ്ചകള്‍ മുമ്പ് പുറത്തുവന്നു. വിവിധ വകുപ്പുകളിലെ ഗുമസ്തന്മാര്‍ നല്‍കിയ വിവരം കൂട്ടിച്ചേര്‍ത്ത് പലചരക്കു കണക്കുപോലുള്ളൊരു ബജറ്റ് ധാരാളം സമയമെടുത്ത് വായിച്ച ധനമന്ത്രി ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ട ഒരു രേഖയാണത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹത്തിന് അപ്പോള്‍ അടുത്ത കൊല്ലമെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ കേരളത്തിന്റെ പ്രശ്നങ്ങളെ സമീപിക്കുന്ന ഒരു ബജറ്റ് അവതരിപ്പിക്കാനാകും.

കേരളം എങ്ങനെ ജീവിക്കുന്നു എന്നറിയാനാണ് ശാസ്ത്രസാഹിത്യപരിഷത്ത് സര്‍വേ നടത്തിയത്. ആസൂത്രണ ബോര്‍ഡും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും വര്‍ഷാവര്‍ഷം നല്‍കുന്നതില്‍നിന്ന് തുലോം വ്യത്യസ്തമായ ചിത്രമാണ് അതിന്റെ റിപ്പോര്‍ട്ടിലുള്ളത്.

നാഷനല്‍ സാംപിള്‍ സര്‍വേ 1999-2000 കാലത്ത് നടത്തിയ പഠനത്തില്‍ കണ്ടത് നമ്മുടെ ഗ്രാമങ്ങളില്‍ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം വളരെ കുറവാണെന്നാണ്. നഗരങ്ങളില്‍ 20.3 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളപ്പോള്‍, ഗ്രാമങ്ങളില്‍ 9.4 ശതമാനം പേര്‍ മാത്രമേയുള്ളൂവെന്നാണ് അവര്‍ കണ്ടെത്തിയത്. എന്നാല്‍ ഗ്രാമങ്ങളില്‍ കൂടുതല്‍ ദരിദ്രരുണ്ടെന്നാണ് പരിഷത്തിന്റെ പഠനത്തില്‍ വെളിപ്പെട്ടത്. നഗരങ്ങളില്‍ 20.8 ശതമാനവും ഗ്രാമങ്ങളില്‍ 22.9 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് പരിഷത്തിന്റെ കണക്ക് കാണിക്കുന്നു.

പരിഷത്തിന്റെ അഭിപ്രായത്തില്‍, പഠനം വെളിപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട വസ്തുത സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. സംസ്ഥാനത്തെ വരുമാനത്തിന്റെ 42 ശതമാനം മേലേയറ്റത്തുള്ള 10 ശതമാനം കയ്യടക്കിയിരിക്കുന്നു. താഴേയറ്റത്തുള്ള 10 ശതമാനത്തിന് കിട്ടുന്നത് 1.3 ശതമാനം മാത്രം. ജനങ്ങളുടെ മേല്‍ പകുതി വരുമാനത്തിന്റെ 82 ശതമാനം നിയന്ത്രിക്കുന്നു. കീഴ്പകുതിയുടെ വിഹിതം 18 ശതമാനത്തിനുതാഴെമാത്രം.

അഞ്ചുകൊല്ലക്കാലം നടന്ന ഭൂമികൈമാറ്റത്തിന്റെ കണക്കുകള്‍ പരിശോധിച്ച പരിഷത്ത് ദരിദ്രരും താഴ്ന്ന ഇടത്തരക്കാരുമടങ്ങുന്ന 91 ശതമാനത്തിന്റെ ഭൂമി 9 ശതമാനം സമ്പന്നര്‍ കയ്യടക്കുന്നതായി കണ്ടു. സമ്പന്നര്‍ കടമെടുത്ത് ആസ്തി വര്‍ദ്ധിപ്പിക്കുമ്പോള്‍, ദരിദ്രര്‍ കടമെടുക്കുന്നത് നിത്യാവശ്യങ്ങള്‍ക്കാണ്. ദരിദ്രര്‍ക്ക് വരുമാനത്തിന്റെ മൂന്നിലൊന്നിലധികം ചികിത്സയ്ക്ക് ചെലവിടേണ്ടിവരുന്നു.

ദാരിദ്ര്യത്തിന്റെ ജാതിയും മതവും കണ്ടുപിടിക്കാന്‍ ശ്രമിച്ച പരിഷത്ത് അത് പ്രധാനമായും ദലിത് പിന്നോക്ക പ്രശ്നമാണെന്ന് കണ്ടു. പട്ടികവര്‍ഗ്ഗക്കാരില്‍ 38.7 ശതമാനവും പട്ടികജാതിക്കാരില്‍ 38.0 ശതമാനവും മുസ്ലീങ്ങളില്‍ 28.7 ശതമാനവും ഹിന്ദു പിന്നോക്കജാതിക്കാരില്‍ 21.4 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഹിന്ദുമുന്നോക്കജാതിക്കാരില്‍ 14.2 ശതമാനവും ക്രിസ്ത്യാനികളില്‍ 14.0 ശതമാനവും മാത്രമാണ് ദരിദ്രര്‍.

ഇന്ന് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പുതിയ നേട്ടങ്ങളും വളര്‍ച്ചാസാധ്യതകളും ഏറ്റവും വലിയ സമ്പന്നരായ ഒരുപിടിയാളുകളുടെ നിയന്ത്രണത്തിലാണെന്നാണ് പഠനം കാണിക്കുന്നത്. ഇത് ഏറെ അപകടകരമായ ഒരവസ്ഥയാണെന്നും ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളുമാകണം ഇന്നത്തെ ചര്‍ച്ചാവിഷയമെന്നും പരിഷത്ത് പറയുന്നു. പരിഷത്തിനെക്കുറിച്ചും അതിന്റം വിശാല താല്‍പ്പര്യങ്ങളെക്കുറിച്ചും നല്ല അറിവുള്ളവരാണ് എല്‍.ഡി.എഫുകാര്‍. പ്രത്യേകിച്ചും സി.പി.എം നേതാക്കള്‍. പരിഷത്തിന്റെ വെളിപ്പെടുത്തലുകള്‍ അവരെ വ്യാകുലരാക്കിയ ലക്ഷണമൊന്നുമില്ല. അവര്‍ ഇപ്പോഴും അവരുടെ കൊച്ചുകൊച്ചു സ്വകാര്യ അജണ്ടകളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.

കേരളശബ്ദം
16 ജൂലൈ 2006
പുസ്തകം 44
ലക്കം 48

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Liked it here?
Why not try sites on the blogroll...

%d bloggers like this: