സ്വാശ്രയകോളേജ് അനുവദിച്ചപ്പോഴുണ്ടായിരുന്ന ധാരണ നടപ്പിലാക്കാനുള്ള നിയമം വേണം

Posted on ജൂലൈ 29, 2006. Filed under: എന്‍. രാമചന്ദ്രന്‍, വിദ്യാഭ്യാസം |

എന്‍. രാമചന്ദ്രന്‍

അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍ നിന്ന് എന്നപോലെയാണ് സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ ഒമ്പത് മെഡിക്കല്‍ കോളേജുകളും നാല്‍പ്പത്തിയൊമ്പത് എഞ്ചിനീയറിംഗ് കോളേജുകളും ഒറ്റയടിക്കുണ്ടായത്. ലക്ഷങ്ങളുമായി നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലെ സീറ്റുകള്‍ക്കുവേണ്ടി ഓടുന്ന പതിവുനിര്‍ത്തലാക്കുകയും, ഇവിടെത്തന്നെ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുകയുമായിരുന്നു ഗവണ്‍മെന്റിന്റെ ഉദ്ദേശം.

50 ശതമാനം സീറ്റുകളില്‍ ഗവണ്‍മെന്റ് ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍, മറ്റേ അമ്പതുശതമാനം സീറ്റിലെ കുട്ടികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കാനുള്ള സ്വാതന്ത്ര്യം മാനേജുമെന്റുകള്‍ക്ക് ഗവണ്‍മെന്റ് അനുവദിച്ചിരുന്നു.

ഗവണ്‍മെന്റ് കോളേജുകളിലെ ഫീസ് ഓരോ വിദ്യാര്‍ത്ഥിക്കുവേണ്ടിയും യഥാര്‍ത്ഥത്തില്‍ ചെലവാക്കുന്ന പണത്തിന്റെ ചെറിയൊരു അംശം മാത്രമാണ്. കോളേജ് സ്ഥാപിക്കുകയും മിക്കവാറും ഗവണ്‍മെന്റുനിരക്കിലുള്ള ശമ്പളം നല്‍കുന്ന അദ്ധ്യാപകരെ നിയമിക്കേണ്ടിവരികയും ചെയ്യുന്ന സ്വകാര്യമാനേജുമെന്റുകള്‍ 50 ശതമാനം സീറ്റിന് ഗവണ്‍മെന്റു നിരക്ക് ഏര്‍പ്പെടുത്തുമ്പോള്‍ ചെലവനുസരിച്ച് ഈടാക്കേണ്ട ഫീസിനേക്കാള്‍ വളരെ കുറവാണ് ഈടാക്കുന്നത്. ആ നഷ്ടവും നികത്തേണ്ടത് മാനേജുമെന്റ് സീറ്റുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തിയാണ്.

ആന്റണി ഗവണ്‍മെന്റ് ഈ സംവിധാനം നടപ്പിലാക്കുമ്പോള്‍ ‘ഒരു ഗവണ്‍മെന്റ് കോളേജിന് സമം രണ്ട് സ്വാശ്രയകോളേജുകള്‍’ എന്ന പ്രതീക്ഷ നടപ്പിലാകുമെന്ന് വിശ്വസിച്ചിരുന്നു. ഈ ഫീസ് സംവിധാനത്തെ ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി പ്രശംസിച്ചിരുന്നു. സാമ്പത്തികശേഷി കുറഞ്ഞവരുടെ വിദ്യാഭ്യാസത്തെ സാമ്പത്തികശേഷിയുള്ളവര്‍ സഹായിക്കുന്ന സംവിധാനമാണിതെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

വിശ്വാസവഞ്ചന കാണിച്ചത് പുഷ്പഗിരി കോളേജാണ്. എല്ലാ സീറ്റിലേയും അഡ്മിഷനും ഫീസ് നിശ്ചയിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ലഭിക്കാന്‍വേണ്ടി അവര്‍ കേസിനുപോയി. ഒരുത്തന്‍ ചെയ്യുന്ന ദുഷ്കര്‍മ്മത്തിന്റെ ഫലം പരക്കെയുള്ള ജനം അനുഭവിക്കേണ്ടിവന്നു.

ഉണ്ണികൃഷ്ണന്‍കേസിലെ വിധി അസ്ഥിരപ്പെട്ടു. ആന്റണിഗവണ്‍മെന്റിന്റെ 50:50 ഫോര്‍മുല നടപ്പിലാകാതെ വരികയും ചെയ്തു.

പുതിയ ഗവണ്‍മെന്റിന്റെ സമീപനം ഈ ഫോര്‍മുല നടപ്പിലാക്കുന്നതിനായിരിക്കണം. പുഷ്പഗിരി മനോഭാവമില്ലാത്തവരും ഗവണ്‍മെന്റിന്റെ 50:50 വാഗ്ദാനത്തില്‍ വിശ്വസിച്ചു കോടികളും ലക്ഷങ്ങളും മുടക്കി സ്വാശ്രയകോളേജുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുടെ ബില്ല് സ്വാശ്രയകോളേജുകളിലെ പ്രവേശനവും ഫീസും കര്‍ശനമായി നിയന്ത്രിക്കുന്നതാണ്. ഇത് സ്വാശ്രയകോളേജുകളുടെ മുഖം അടച്ചുള്ള അടിയാണ്. അവര്‍ അത് അര്‍ഹിക്കുന്നുണ്ടോ?

എല്ലാ രാജ്യങ്ങളിലും കോളേജുകളും യൂണിവേഴ്സിറ്റികളും നടക്കുന്നത് സ്വകാര്യമേഖലയിലാണ്, സ്വാശ്രയാടിസ്ഥാനത്തിലാണ്. ധനവാന്മാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഉദാരമായി സംഭാവന ചെയ്യുന്ന പതിവുമുണ്ട്. പ്രസിദ്ധമായ ചില യൂണിവേഴ്സിറ്റികള്‍ ചില ധനവാന്മാരുടെ പേരാണ് വഹിക്കുന്നത്.

റവന്യൂവരവിന്റെ 40 ശതമാനം വിദ്യാഭ്യാസത്തിനുവേണ്ടി ചെലവാക്കുന്ന കേരളത്തില്‍ സ്വാശ്രയമേഖല വികസിക്കേണ്ടത് ഗവണ്‍മെന്റിന്റെ ആവശ്യമാണ്.

കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസമേഖലയ്ക്ക് വിസ്മരിക്കാനാകാത്ത ചരിത്രമുണ്ട്. ഇവിടുത്തെ പട്ടികജാതി പിന്നോക്കവിഭാഗങ്ങളെ സര്‍ക്കാര്‍വിദ്യാലയങ്ങളുടെ വരാന്തായില്‍പോലും കയറ്റാതിരുന്ന കാലത്ത് ക്രിസ്ത്യന്‍പള്ളിക്കൂടങ്ങളാണ് അവര്‍ക്ക് അഭയം നല്‍കി അവരുടെ കണ്ണ് തെളിച്ചത്. തിരുവിതാംകൂറില്‍ ആദ്യമായി ഒരു ആശുപത്രി സ്ഥാപിച്ചത് നാഗര്‍കോവിലില്‍ ലണ്ടന്‍മിഷന്‍കാരാണ്.

സ്വകാര്യമേഖലയില്‍ പിന്നീട് പല ജാതിക്കാരും മതക്കാരും വന്നു. എയ്ഡഡ് സ്വകാര്യസ്കൂളുകളിലെ അദധ്യാപകരുടെ ശമ്പളമുള്‍പ്പെടെയുള്ള ചെലവ് ഗവണ്‍മെന്റാണ് വഹിക്കുന്നത്. പള്ളിക്കൂടങ്ങളിലെ അദ്ധ്യാപകനിയമനത്തിന് ലക്ഷങ്ങളാണ് കോഴ വാങ്ങുന്നത്. ഇതിനെ കച്ചവടമെന്ന് വിളിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവരെ ഗവണ്‍മെന്റുകള്‍ക്ക് ഭയമാണ്. കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ വലിയ വര്‍ഗ്ഗീയശക്തികളാണ്. അദ്ധ്യാപകനിയമനകാര്യത്തില്‍ മാനേജരന്മാര്‍ക്ക് മൂക്കുകയറിടാന്‍ ശ്രമിച്ചത് വിമോചനസമരത്തിലും മന്ത്രിസഭയുടെ ഡിസ്മിസലിലുമാണ് ചെന്നെത്തിച്ചത്. സ്വാശ്രയ പ്രൊഫഷണല്‍ മാനേജുമെന്റുകളുടെ നേരെ കാണിക്കുന്ന ശൌര്യം ഗവണ്‍മെന്റുപണംകൊണ്ട് നടത്തുന്ന സ്വകാര്യസ്കൂള്‍ ഓഫ് മാനേജുമെന്റുകള്‍ക്കെതിരായി കാണിക്കാന്‍ ഇന്ന് ആര്‍ക്കും ധൈര്യമില്ല.

പ്രൊഫഷണല്‍ കോളേജുകളില്‍ സീറ്റ് കൂട്ടേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. മാന്യമായ തൊഴില്‍ ഉറപ്പാണെന്നതുകൊണ്ടാണ് ഈ കോളേജുകളില്‍ തിരക്കേറുന്നത്. കൂടുതല്‍ പ്രൊഫഷണല്‍ കോളേജുകളുണ്ടാകുമ്പോള്‍ കൂടുതല്‍ യുവാക്കള്‍ക്ക് ജോലി ഉറപ്പാകുകയാണ്. ഓരോ പ്രൊഫഷണല്‍ കോളേജിലും നൂറുകണക്കിന് അദ്ധ്യാപകര്‍ക്കും മറ്റുജീവനക്കാര്‍ക്കും ജോലി ലഭിക്കും. പരോക്ഷമായും ധാരാളംപേര്‍ക്ക് ജോലി ലഭിക്കും. ഒരു മെഡിക്കല്‍കോളേജിനു ചുറ്റും ഒരു ടൌണ്‍ഷിപ്പുതന്നെ ഉണ്ടാകും. ഇതൊന്നും കണ്ണുതുറന്നുകാണാതെ കച്ചവടമാണെന്നുപറഞ്ഞ് നിഷേധസ്വഭാവമുള്ള നിയമനിര്‍മ്മാണം നടത്തുന്നത് ശരിയല്ല.

കൂടുതല്‍ കോളേജുകള്‍ അനുവദിച്ചാല്‍ അവതമ്മില്‍ മത്സരിക്കും. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇപ്പോള്‍തന്നെ സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. അങ്ങനെയുള്ള കോളേജുകളില്‍ ക്യാപ്പിറ്റേഷന്‍ഫീസിന്റെ തോത് താനേ കുറയും. കാലാന്തരത്തില്‍ മെഡിക്കല്‍ കോളേജിലും അത് സംഭവിക്കും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലെങ്കിലും അവ അടച്ചുപൂട്ടാന്‍ തിടുക്കം കാണിക്കരുത്.

പുതിയ ബില്ലില്‍ ചെലവ് മുഴുവന്‍ കണക്കിലെടുത്തുകൊണ്ടുള്ള ഫീസ് ഏര്‍പ്പെടുത്താമെന്നാണ് പറയുന്നത്. കോളേജ് സ്ഥാപിക്കുന്നവര്‍ക്ക് ഒരൊറ്റ സീറ്റില്‍പോലും ഒരു കുട്ടിക്ക് പ്രവേശനം നല്‍കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയില്ല. ഇത് സ്വാഭാവികനീതിക്ക് നിരക്കുന്നതല്ല. ഏത് നിയമവും ആവശ്യമാക്കിത്തീര്‍ക്കുന്നത് പ്രത്യേക സന്ദര്‍ഭത്തിലാണ്. സ്വാശ്രയകോളേജ് അനുവദിച്ച അഞ്ചുവര്‍ഷത്തിനകം കൂടുതല്‍ സ്വാശ്രയകോളേജുകള്‍ ഇനി ഉണ്ടാകാത്ത തരത്തിലുള്ള നിയമനിര്‍മ്മാണം ആവശ്യമാണോയെന്ന് എല്ലാവരും ചിന്തിക്കണം.

കേരളശബ്ദം
16 ജൂലൈ 2006
പുസ്തകം 44
ലക്കം 48

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

ഒരു പ്രതികരണം to “സ്വാശ്രയകോളേജ് അനുവദിച്ചപ്പോഴുണ്ടായിരുന്ന ധാരണ നടപ്പിലാക്കാനുള്ള നിയമം വേണം”

RSS Feed for ചക്കാത്തു വായന Comments RSS Feed

Great article about the colleges.Another question is how do we add comments in malayalam?


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: